ADVERTISEMENT

മുതലമട ∙ കടുത്ത വരൾച്ച മൂലം കാർഷിക മേഖലയിലെ ആഘാതം വിലയിരുത്തുന്നതിന്റെ ഭാഗമായി കാർഷിക വിദഗ്ധർ ഏഴായിരത്തോളം വാഴ നശിച്ചു പോയ മൂച്ചംകുണ്ടിലെ കൃഷിയിടങ്ങൾ സന്ദർശിച്ചു. പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിലെ ഡോ.മാലിനി നിലാമുദ്ദീൻ, കൃഷി അസി.ഡയറക്ടർ സ്മിത സാമുവൽ, മുതലമട കൃഷി ഓഫിസർ സി.അശ്വതി, കൃഷി അസിസ്റ്റന്റുമാരായ ജിജി സുധാകർ, കെ.സവതി എന്നിവരുൾപ്പെടുന്ന സംഘം ജോസ് പി.ജേക്കബ്(40), കെ.നിഖിൽ(22), ജെ.രാജ്കുമാർ(23) എന്നിവർ പാട്ടത്തിനെടുത്തു വാഴക്കൃഷി കൃഷിയിടത്തിലാണു പരിശോധന നടത്തിയത്. 

നശിച്ചു പോയ ഏഴായിരം വാഴകളിൽ 5000 എണ്ണമാണ് ഇൻഷുർ ചെയ്തിട്ടുള്ളത്. ബാങ്ക് വായ്പ, സ്വർണപ്പണയം, സ്വകാര്യ വായ്പകൾ എന്നിവ എടുത്താണു 10 ലക്ഷത്തോളം രൂപ ചെലവിട്ടു വാഴക്കൃഷി ചെയ്തത്. ഓണത്തിനു വിപണിയിലെത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ വിളവിറക്കിയതാണു വാഴകൾ. എന്നാൽ, അതികഠിനമായ ചൂടും വരൾച്ചയും ജലക്ഷാമവും കാരണം ഏഴു മാസത്തോളം പ്രായമുള്ള വാഴകൾ കരിഞ്ഞു പോവുകയായിരുന്നു. ഇതു കാരണം വൻ സാമ്പത്തിക നഷ്ടമാണു കർഷകർക്കുണ്ടായത് എന്നു സംഘം വിലയിരുത്തി. 

ഇതു കൂടാതെ ആട്ടയാംപതിയിലെ മേരി ജോസ് എന്ന കർഷകയുടെ 10 ജാതിത്തൈകളും വേനലിൽ ഉണങ്ങി നശിച്ചിട്ടുണ്ട്. കടുത്ത വേനലിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ഓരോ ബ്ലോക്ക് തലത്തിലും കാർഷിക വിദഗ്ധർ ഉൾപ്പെടുന്ന സംഘത്തെ കൃഷിനാശം വിലയിരുത്താനായി നിയോഗിക്കാൻ കൃഷി മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗം തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സംഘം വിശദമായ റിപ്പോർട്ട് കൃഷി വകുപ്പിനു നൽകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com