ADVERTISEMENT

കോഴഞ്ചേരി ∙ ഒരു മഴക്കാലം കൂടി പടിവാതിൽക്കൽ എത്തി നിൽക്കുമ്പോൾ ബസ് കയറാൻ തോണിയിറക്കേണ്ട അവസ്ഥയ്ക്ക് മാറ്റമില്ലാതെ കോഴഞ്ചേരി ടൗൺ. പണവും പദ്ധതിയും ഉണ്ടായിട്ടും നടപ്പാക്കിയെടുക്കാനുള്ള നടപടി മാത്രമില്ല.പത്തനംതിട്ട, ചെങ്ങന്നൂർ, പന്തളം, റാന്നി ഭാഗത്തേക്കുള്ള എല്ലാ ബസുകളുടെയും പ്രധാന കാത്തിരിപ്പു കേന്ദ്രമാണ് പൊയ്യാനിൽ പ്ലാസയുടെ മുൻവശത്തെ കാത്തിരിപ്പുകേന്ദ്രം. ദീർഘദൂരം ഉൾപ്പെടെ കെഎസ്ആർടിസി ബസുകൾ നിർത്തുന്ന ടൗണിലെ ഏക സ്റ്റോപ്പും ഇവിടെ മാത്രമാണ്.മഴക്കാലമായാൽ കാത്തിരിപ്പു കേന്ദ്രത്തിനു ചുറ്റും വെള്ളക്കെട്ടായി മാറും.

ജില്ലാ ആശുപത്രി, സ്വകാര്യ ബസ് സ്റ്റാൻഡ് എന്നീ ഭാഗങ്ങളിൽ നിന്നുള്ള വെള്ളമെല്ലാം എത്തുന്നത് കാത്തിരിപ്പു കേന്ദ്രത്തിനു മുമ്പിലേക്കാണ്. പിന്നീട് ഒഴുകി പോകാൻ മാർഗമില്ല. ബസ് കയറണമെങ്കിൽ വെള്ളത്തിലൂടെ നടന്നെത്തണം. ഫാസ്റ്റ് പാസഞ്ചർ സർവീസുകൾ ബസ് ബേയിലേക്കു കയറ്റാതെ റോഡിലാണ് മിക്കപ്പോഴും നിർത്തുന്നത്.പൊതുമരാമത്ത് വകുപ്പ് കഴിഞ്ഞ വർഷം ഓട നിർമിക്കുന്നതിന് 10.8 ലക്ഷം രൂപ അനുവദിച്ചിരുന്നു. ബസ് ബേയുടെ കിഴക്കേയറ്റത്തു നിന്നു ഓട നിർമിച്ച് സി.കേശവൻ സ്ക്വയറിനു സമീപത്തുള്ള കലുങ്കിലേക്കു വെള്ളം ഒഴുക്കിവിടാനായിരുന്നു പദ്ധതി. പൊയ്യാനിൽ ജംക്‌ഷനിൽ നിന്നു വരുന്ന ചെറിയ ഓടയും ഇതിലേക്കു ചേർക്കുകയും ചെയ്യാം.

കഴിഞ്ഞ വർഷം ഒക്ടോബറിൽ ടെൻഡർ വിളിച്ച പദ്ധതി ഒരാൾ എടുത്ത് കരാർ ഒപ്പിടുന്ന ഘട്ടം വരെയെത്തിയെങ്കിലും പിന്നീട് പുരോഗതി ഒന്നുമുണ്ടായില്ല.ബസ് കാത്തിരിക്കുന്നവർ മാത്രമല്ല, സമീപത്തെ സ്റ്റേറ്റ്് ബാങ്ക് ഓഫ് ഇന്ത്യ മുതൽ ഒട്ടേറെ സ്ഥാപനങ്ങളിലേക്കു പോകുന്നവരും വെള്ളക്കെട്ടിലൂടെ നടന്നുപോകേണ്ടിവരും. കോളജ്, 2 സ്കൂളുകൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ നിന്നു ബസ് കയറാനായി സ്വകാര്യ ബസ് സ്റ്റാൻഡിലേക്കു പോകുന്നവരും ഈ വെള്ളക്കെട്ടു താണ്ടേണ്ടി വരും. പണവും പദ്ധതിയുണ്ടായിട്ടും അധികൃതരുടെ അനാസ്ഥ കാരണം നാട്ടുകാർ വെള്ളക്കെട്ടിൽ നടക്കേണ്ടി വരുന്നതിനെതിരെയുള്ള പ്രതിഷേധത്തിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com