ADVERTISEMENT

പേട്ട ∙ ഉന്നത നിലവാരത്തിൽ നിർമിച്ച റോഡ് വെട്ടിപ്പൊളിച്ച് പൈപ്പുകളിട്ടു. എന്നാൽ ഒരു മാസത്തോളമായിട്ടും റോഡിന്റെ പുനരുദ്ധാരണം നടത്തുന്നില്ല. മേനാംതോട്ടം–കുമ്പളന്താനം റോഡിൽ മേനാംതോട്ടം–ഉന്നക്കാവ് വരെയുള്ള ഭാഗമാണ് അപകടക്കെണിയായി കിടക്കുന്നത്.ജൽ ജീവൻ മിഷൻ പദ്ധതിയിൽ അങ്ങാടി ജല വിതരണ പദ്ധതിയുടെ നവീകരണം നടക്കുകയാണ്. ഗ്രാമീണ പിഡബ്ല്യുഡി റോഡുകളുടെ വശങ്ങൾ വെട്ടിപ്പൊളിച്ച് പൈപ്പുകൾ സ്ഥാപിക്കുന്ന പണിയാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് മേനാംതോട്ടം–ഉന്നക്കാവ് വരെയുള്ള റോഡിന്റെ ഇടതുവശം വെട്ടിപ്പൊളിച്ചത്.

ഒരു വർഷം മുൻപ് ബിഎം ബിസി നിലവാരത്തിൽ വികസിപ്പിച്ച റോഡാണിത്. ഇതിന്റെ കരാർ കാലാവധി ഇതുവരെ കഴിഞ്ഞിട്ടില്ല.ഇതിനിടെയാണ് ഒരു വർഷം മുൻപ് വശത്തു പാകിയ പൂട്ടുകട്ടകൾ മണ്ണുമാന്തി ഉപയോഗിച്ച് ഇളക്കി നീക്കിയും കോൺക്രീറ്റ് വെട്ടിപ്പൊളിച്ചും പൈപ്പുകളിട്ടത്. പൈപ്പുകൾക്കു മുകളിൽ മണ്ണിട്ടിരുന്നു. വേനൽ മഴയിൽ മിക്ക ഭാഗങ്ങളിലും മണ്ണിരുത്തി. വശം കുഴിയായി കിടക്കുകയാണ്. കരിങ്കല്ലുകളും വശത്തു കിടപ്പുണ്ട്. വലിയ വാഹനങ്ങൾക്കു വശം കൊടുക്കുമ്പോൾ ചെറിയ വാഹനങ്ങൾ അപകടത്തിൽപ്പെടുന്ന സ്ഥിതിയാണ്. വേനൽ മഴ ശക്തിപ്പെടുന്നതോടെ കൂടുതൽ ഭാഗങ്ങളിൽ മണ്ണിരുത്തും.

പിന്നീട് വശം ചേർക്കുന്ന വാഹനങ്ങൾ കുഴികളിൽ താഴുന്ന സ്ഥിതിയാണ്. ഒട്ടേറെ സ്കൂൾ ബസുകൾ കടന്നു പോകുന്ന റോഡാണിത്. അവയ്ക്കും കുഴികൾ ഭീഷണിയാണ്. പൈപ്പിടാനായി വെട്ടിപ്പൊളിക്കുന്ന റോഡുകൾ പഴയ സ്ഥിതിയിലാക്കേണ്ടത് ജല അതോറിറ്റിയാണ്. അടൂർ പ്രോജക്ട് ഡിവിഷന്റെ ചുമതലയിലാണ് ഇവിടെ പണികൾ നടക്കുന്നത്. അവർ‌ അടിയന്തരമായി ഇടപെട്ട് റോഡ് നന്നാക്കുകയാണു വേണ്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com