ADVERTISEMENT

നെയ്യാറ്റിൻകര ∙ ‘ബാങ്കാണ് എന്റെ മകനെ കൊന്നത്. ഈ കാണുന്ന പൊരിവെയിലത്ത് ഉരുകിയൊലിച്ച് അവൻ ഉണ്ടാക്കിയ പണമാണ്, എത്ര ചോദിച്ചിട്ടും തിരികെ കൊടുക്കാതെ പറഞ്ഞു പറ്റിക്കുന്നത്. ദൈവം അവരെ വെറുതേ വിടില്ല’ – ഇതു പറയുമ്പോൾ യേശുദാസന്റെ വാക്കുകൾ മുറിഞ്ഞു, കണ്ണുകൾ നിറഞ്ഞൊഴുകി....

നിക്ഷേപം പിൻവലിക്കാൻ കഴിയാത്തതിൽ മനം നൊന്ത് ജീവനൊടുക്കിയ നെയ്യാറ്റിൻകര മരുതത്തൂർ പുളിമൂട് പുത്തൻവീട്ടിൽ സോമസാഗര(52)ത്തിന്റെ അച്ഛനാണ് യേശുദാസ്. അശാന്തമായ മനസ്സുമായി 19നാണ് സോമസാഗരം വിഷം കഴിക്കുന്നത്. അടുത്ത ദിവസം രാവിലെ ഇക്കാര്യം വീട്ടുകാരോട് പറയുകയും അവർ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. അന്നു മുതൽ ഈ വീട്ടിലെ അടുപ്പ് പുകഞ്ഞിട്ടില്ല.  ഭാര്യയും മകളും ഒഴുക്കിയ കണ്ണീരിനും കുറവല്ല. കൂലിപ്പണിക്കാരനായ സോമസാഗരത്തിന് ജോലിക്കിടെ അപകടം സംഭവിച്ചു.  തലയിടിച്ചു വീണതിനെ തുടർന്ന് കുറച്ചു നാൾ‍ ചികിത്സയിലായിരുന്നു. ചികിത്സ പൂർത്തിയാക്കിയെങ്കിലും കേൾവി ശക്തി കുറവായിരുന്നു.  പിന്നീടാണ് വാഴ കൃഷിയിലേക്ക് തിരിഞ്ഞത്. ശക്തമായ മഴയിൽ പലതവണ കൃഷി നശിക്കുകയും നഷ്ടം സംഭവിക്കുകയും ചെയ്തിട്ടുണ്ട്.  കൃഷിയിൽ നിന്നു ലഭിച്ചതെല്ലാം സ്വരുക്കൂട്ടിയാണ് പെരുമ്പഴുതൂർ സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപിച്ചത്. 

സോമസാഗരത്തിന്റെ വീട്. മകളുടെ വിവാഹത്തിനു മുൻപ് ഈ വീട് പുതുക്കിപ്പണിയാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നു
സോമസാഗരത്തിന്റെ വീട്. മകളുടെ വിവാഹത്തിനു മുൻപ് ഈ വീട് പുതുക്കിപ്പണിയാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നു

ബാങ്കിൽ നിന്ന് പലപ്പോഴും മടക്കി അയച്ചു 
ഐടിഐ പഠനം പൂർത്തിയാക്കിയ മകളുടെ വിവാഹത്തെക്കുറിച്ചായിരുന്നു സോമസാഗരത്തിന് ആധി. അതിനു വേണ്ടിയാണ് നിക്ഷേപിച്ച പണം തിരികെ ആവശ്യപ്പെട്ട് ബാങ്കിൽ കയറിയിറങ്ങിയത്. ഒരു വർഷത്തിലധികമായി പണം ആവശ്യപ്പെട്ട് ബാങ്കിൽ എത്തുന്നുണ്ട്. നിവൃത്തിയില്ലാതെ കഴിഞ്ഞ നവംബർ 20ന് 40,000 രൂപ നൽകി മടക്കി വിട്ടു. തൊട്ടടുത്ത് ഡിസംബർ 30ന് 25,000 രൂപ നൽകി. ഈ വർഷം ജനുവരി 22ന് വീണ്ടും 25,000 രൂപയും മാർച്ച് 15ന് 10,000 രൂപയും മടക്കി നൽകി. 10,000 രൂപ നൽകിയത് സോമസാഗരത്തെ അക്ഷരാർഥത്തിൽ വേദനിപ്പിച്ചതായി കുടുംബാംഗങ്ങൾ പറയുന്നു. ഇങ്ങനെയാണ് ബാങ്കിൽ നിന്ന് പണം ലഭിക്കുന്നതെങ്കിൽ മകളുടെ വിവാഹ ഒരുക്കങ്ങൾക്കായി അതു പ്രയോജനപ്പെടാതെ പോകുമെന്ന് സോമസാഗരം ഭയന്നിരുന്നതായും ബന്ധുക്കൾ വിശദീകരിച്ചു. 

പോസ്റ്റ്മോർട്ടത്തിനു ശേഷം ഉച്ചയ്ക്ക് ശേഷം മൂന്നരയോടെ വീട്ടിൽ സോമസാഗരത്തിന്റെ ചേതനയറ്റ ശരീരം എത്തിച്ചപ്പോൾ കുടുംബാംഗങ്ങളുടെ നിലവിളി കേട്ടു നിന്നവരെയും ദുഃഖത്തിലാഴ്ത്തി. ബാങ്ക് പറ്റിച്ചെങ്കിലും ഉള്ളതു കൊണ്ടു ജീവിക്കാമായിരുന്നുവെന്നും എന്തിനീ കടുംകൈ ചെയ്തുവെന്നുമായിരുന്നു വിലപിക്കുന്നതിനിടെ ഭാര്യ ലൈല ജാസ്മിൻ പറഞ്ഞത്. ആകെയുള്ള 8 സെന്റ് ഭൂമിയിൽ വീടിനോട് ചേർന്നാണ് സോമസാഗരത്തിനായി കല്ലറ ഒരുക്കിയത്. 

ബാങ്ക് അധികൃതർ പറയുന്നത്
സോമസാഗരം നിക്ഷേപിച്ച പണം പലിശയും ചേർത്ത് 6.2 ലക്ഷം രൂപയുണ്ട്. ഇതിൽ 4 തവണയായി 1 ലക്ഷം രൂപ നൽകി. ഇന്നലത്തെ കണക്ക് അനുസരിച്ച് ഇനി 5,19,646 രൂപ നൽകാനുണ്ട്. സഹകരണ മേഖലയിൽ നിലനിൽക്കുന്ന ഭീതി കാരണം ഒട്ടേറെ പേർ നിക്ഷേപം പിൻവലിക്കുന്ന സാഹചര്യമുണ്ട്. നിക്ഷേപമായി ലഭിച്ച തുകയുടെ ഭൂരിഭാഗവും വായ്പ നൽകിയിട്ടുണ്ട്. വായ്പ തിരിച്ചടവിൽ ഗണ്യമായ ഇടിവ് സംഭവിച്ചിട്ടുമുണ്ട്. ഇതു കാരണം നിക്ഷേപം മടക്കി നൽകുന്നതിൽ കാലതാമസം ഉണ്ടാകുന്നു.  നിക്ഷേപകന്റെ സാഹചര്യം കൂടി പരിശോധിച്ച ശേഷമാണ് തുക നൽകുന്നത്. സോമസാഗരം ഒട്ടേറെ തവണ ബാങ്കിൽ എത്തിയിട്ടുണ്ടെങ്കിലും ഒരിക്കൽ പോലും പരിധി വിട്ടു പെരുമാറിയിട്ടില്ല. ബഹളം വയ്ക്കുകയോ ദേഷ്യപ്പെടുകയോ ചെയ്തിട്ടില്ല. അദ്ദേഹത്തിന്റെ പണം എത്രയും വേഗം കുടുംബത്തിനു കൈമാറും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com