ADVERTISEMENT

കിളിമാനൂർ ∙ കിളിമാനൂർ ഗവ. ടൗൺ യുപിഎസിനോടു ചേർന്നുള്ള പഴയ എംസി റോഡിൽ പൊലീസ് പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങൾ അടിയന്തരമായി നീക്കണമെന്ന ആവശ്യം ശക്തമാകുന്നു. ജൂൺ 3നു സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ സ്കൂളും പരിസരങ്ങളും ശുചിയാക്കണമെന്ന് മുഖ്യമന്ത്രിയു‌ടെ നിർദേശം പാലിക്കാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളത്. 

സ്കൂളിനോട് ചേർന്നുള്ള റോഡിൽ പൊലീസ് 12 വർഷം മുൻപ് പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങൾ വരെ ഉണ്ട്. ടിപ്പർ, ലോറി, ബസ്, കാറുകൾ, ഓട്ടോ, ഇരുചക്രവാഹനങ്ങൾ എന്നിവ അടക്കം റോഡിന്റെ ഇരു വശങ്ങളിലും പിടിച്ചിട്ടിരിക്കുകയാണ്. അപകടങ്ങളിൽ ആകുന്ന വാഹനങ്ങളാണ് പൊലീസ് പിടിച്ചിട്ടിരിക്കുന്നത്. വർഷങ്ങളായി മഴയും വെയിലും ഏറ്റ് വാഹനങ്ങൾ അധികവും നശിച്ചു. ചിലതിന് ടയറുകളും  ഇരുമ്പ് ഭാഗങ്ങളും മാത്രമാണ് അവശേഷിക്കുന്നത്. പൊലീസ് വളപ്പിൽ കിടന്നിരുന്ന വാഹനങ്ങളാണ് പഴയ എംസി റോഡിലേക്ക് മാറ്റിയത്. 

വാഹനങ്ങളിൽ കാട് വളർന്നു കയറിയതോടെ പ്രദേശം പാമ്പ് വളർത്തൽ കേന്ദ്രമായി മാറി. റോഡിന്റെ ഇരു വശങ്ങളിലായി തലങ്ങും വിലങ്ങും വാഹനങ്ങൾ കൂട്ടിയിട്ടിരിക്കുന്നതു കാരണം റോഡിൽ ഗതാഗതം തടസ്സം ഉണ്ടാകുന്നു. കാൽനടക്കാർ പാമ്പിനെ ഭയന്നാണ് ഇതു വഴി നടക്കുന്നത്. സ്കൂളിന് എതിർവശത്തായി ശാസ്താ ക്ഷേത്രവും സ്ഥിതി ചെയ്യുന്നു. 

മുഖ്യമന്ത്രിയുടെ നിർദേശം നടപ്പാക്കാൻ പൊലീസിന്റെ ഭാഗത്ത് ജാഗ്രത കുറവ് ഉള്ളതായി പഴയകുന്നുമ്മേൽ പഞ്ചായത്ത് കമ്മിറ്റി കുറ്റപ്പെടുത്തി. സ്കൂളിനകത്തും പരിസരങ്ങളിലും ഉള്ള കാടുകൾ നീക്കം ചെയ്യുന്നതിന് പൊലീസ് പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങൾ സ്കൂളിന് സമീപത്തെ റോഡിൽ നിന്നും അടിയന്തരമായി നീക്കം ചെയ്യണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എൻ.സലിൽ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com