ADVERTISEMENT

വെങ്കിടങ്ങ് ∙രണ്ട് ഘട്ടങ്ങളിലായി അര കോടി രൂപ തുലച്ചിട്ടും പുല്ല് നിറഞ്ഞ് ജനങ്ങൾക്ക് ഉപകാരമില്ലാതെ ഏനാമാവിലെ ഏനാംകുളം. കൊടും വേനലിലും ഒരേക്കറിലായി വ്യാപിച്ച് കിടക്കുന്ന പഞ്ചായത്തിലെ പൊതുകുളം പ്രയോജനപ്പെടുത്താൻ  അധികൃതർക്കു കഴിഞ്ഞില്ല.  2017 ൽ ജില്ല പഞ്ചായത്ത് 25 ലക്ഷം രൂപ ചെലവിട്ട് കുളത്തിന്റെ പാർശ്വങ്ങൾ കരിങ്കൽ ഭിത്തി കെട്ടി ബലപ്പെടുത്തി. കുളം ആഴം കൂട്ടി നവീകരിക്കുകയും ചെയ്തിരുന്നു. തൊട്ടടുത്ത വർഷം ഉണ്ടായ പ്രളയത്തിൽ വീണ്ടും ചണ്ടിയും കുളവാഴയും നിറഞ്ഞു ഉപയോഗശൂന്യമായി. തുടർന്ന് അന്നത്തെ കലക്ടറായിരുന്ന ടി.വി. അനുപമ കുളം സന്ദർശിക്കുകയും  നവീകരണത്തിന് പ്രത്യേകം പദ്ധതി രൂപീകരിക്കാൻ നിർദേശിക്കുകയും ചെയ്തു. പഞ്ചായത്ത് തൊഴിലുറപ്പു തൊഴിലാളികളെയും യുവജന സംഘടനകളെയും  ഉപയോഗപ്പെടുത്തി കുളം വൃത്തിയാക്കാൻ ശ്രമിച്ചെങ്കിലും കാര്യമായ വിജയം കണ്ടില്ല.  

ജില്ല പഞ്ചായത്ത്  വീണ്ടും 25 ലക്ഷം രൂപ ചെലവിട്ട് ഏനാംകുളം നവീകരണം നടത്തി. ചണ്ടിയും പായലും കുളത്തിലേക്ക് ചാഞ്ഞിരുന്ന പാഴ്മരങ്ങളും നീക്കി. വശങ്ങളിൽ ടൈൽ പാകി മനോഹരമായ നടപ്പാതയും കൈവരിയും നിർമിച്ചു. തകർന്ന കുളക്കടവ് പുനർനിർമാണം നടത്തി. കുളക്കരയിൽ വ്യായാമത്തിനെത്തുന്നവർക്ക് വിശ്രമത്തിനുള്ള സൗകര്യവും ഒരുക്കി. 2020ൽ നവീകരണം നടത്തിയ കുളം നാടിനു സമർപ്പിച്ചു. എന്നാൽ ഇപ്പോൾ  കുളത്തിലേക്ക് ഇറങ്ങാൻ‌ കഴിയാത്ത വിധം പുൽക്കാടുകൾ നിറഞ്ഞ സ്ഥിതിയാണ്. സമയാസമയങ്ങളിൽ ശുചീകരണം നടത്താത്തതുമൂലമാണ് കുളം നശിക്കുന്നതെന്നാണ് പരാതി. വരൾച്ചയുടെ കാഠിന്യം മനസിലാക്കി അധികൃതർ കുളം ഉപയോഗപ്രദമാക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com