ADVERTISEMENT

മാള ∙ നാടിന്റെ സുരക്ഷയ്ക്കായി നെട്ടോട്ടമോടുമ്പോഴും അഗ്നിരക്ഷാസേനയുടെ ഓഫിസും ഗാരിജും പ്രവർത്തിക്കുന്നത് അസൗകര്യങ്ങളാൽ നിറഞ്ഞ കെട്ടിടത്തിൽ. തകർന്ന റോഡിലൂടെയാണ് രക്ഷാപ്രവർത്തനങ്ങൾക്കായി സേനയുടെ വാഹനങ്ങൾ പൊതുനിരത്തിലേക്കിറങ്ങുന്നത്. അറ്റകുറ്റപ്പണികൾക്കായി ഫണ്ട് അനുവദിച്ചുവെങ്കിലും തുടർജോലികൾ വൈകുകയാണ്. റോഡിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് പഞ്ചായത്തുന്നയിക്കുന്ന അവകാശ വാദങ്ങൾ നിമിത്തം നവീകരണം നടത്തുവാനായിട്ടില്ല. പൊയ്യ പഞ്ചായത്ത് പരിധിയിലാണ് മാള അഗ്നിരക്ഷാസേനാ നിലയം പ്രവർത്തിക്കുന്നത്. 

ചാലക്കുടി, പുതുക്കാട് എന്നിവിടങ്ങളിലെ നിലയങ്ങളിൽ നിന്ന് തീയണക്കാനും മറ്റും അഗ്നിരക്ഷാസേന എത്തുന്നതു കാത്തിരിക്കേണ്ട അവസ്ഥയൊഴിവാക്കാനായി 2006 ൽ പൊതുപ്രവർത്തകനായ തട്ടകത്ത് ജോസഫും ഭാര്യ മേരിയും സൗജന്യമായി നൽകിയ 42 സെന്റ് ഭൂമിയിലാണ് മാള നിലയം പ്രവർത്തിക്കുന്നത്. പൊതുറോഡിൽ നിന്ന് നിലയത്തിലേക്കെത്താൻ 80 മീറ്റർ ദൂരമുള്ള റോഡിനുള്ള സ്ഥലവും ഇവർ വിട്ടു നൽകിയിരുന്നു. 2011 ജനുവരിയിൽ അന്നത്തെ ആഭ്യന്തര വകുപ്പ് മന്ത്രി കോടിയേരി ബാലകൃഷ്ണനാണ് മാള അഗ്നിരക്ഷാസേന നിലയത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. സർക്കാർ ചെലവിൽ കെട്ടിടം നിർമിച്ചതല്ലാതെ ഫർണിച്ചറടക്കമുള്ള അനുബന്ധ സൗകര്യങ്ങൾ പൊതുജനങ്ങളിൽ നിന്നുള്ള സഹായമായി ലഭിച്ചവയാണ്. കാലപ്പഴക്കത്താൽ ഫയർ‌സ്റ്റേഷനും റോഡും ശോച്യാവസ്ഥയിലായി. കെട്ടിടം, ഗാരിജ്, യാർഡ് എന്നിവ നവീകരിക്കുകയും പ്രാഥമിക സൗകര്യങ്ങൾക്കുള്ള സംവിധാനം ഒരുക്കണമെന്നും ആവശ്യപ്പെട്ട് പൊതുപ്രവർത്തകരും മുന്നോട്ടെത്തി. 

2021 ൽ മരാമത്ത് കെട്ടിട വിഭാഗം അറ്റകുറ്റപ്പണികൾക്കും മറ്റുമായി 55 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയെങ്കിലും പണം ഇല്ലെന്ന കാരണത്താൽ പ്രവൃത്തികൾ നടത്തുവാനായില്ല. മരാമത്ത് റോഡിൽ നിന്ന് നിലയിത്തിലേക്കുള്ള റോഡ് സ്വകാര്യ വ്യക്തിയുടെ കൈവശമായതിനാൽ പുനർനിർമിക്കുവാൻ കഴിയില്ലെന്ന നിലപാടിലാണ് പൊയ്യ പഞ്ചായത്ത്. എന്നാൽ പഞ്ചായത്തിന്റെ ധാരണ തെറ്റാണെന്ന് പൊതുപ്രവർത്തകനും ഭൂമി വിട്ടു നൽകിയ തട്ടകത്ത് ജോസഫിന്റെ മകനുമായ ഷാന്റി ജോസഫ് തട്ടകത്ത് പറയുന്നു. 80 മീറ്റർ റോഡ് അഗ്നിരക്ഷാ നിലയത്തിനായി കരാർ പ്രകാരം വിട്ടു നൽകിയതാണെന്നും അതു പ്രകാരമാണ് സ്ഥലം ഏറ്റെടുത്ത് കെട്ടിടം നിർമിച്ചതും റോഡ് ടാർ ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 

നിലയത്തിന്റെ അറ്റകുറ്റപ്പണികൾക്കായി 2023 ഡിസംബറിൽ 75 ലക്ഷം രൂപയുടെ ഭരണാനുമതി നൽകിയതായും ടെൻഡർ നടപടികൾക്കായി മരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർക്ക് സമർപ്പിച്ചതായും നവകേരള സദസ്സിൽ ഷാന്റി ജോസഫ് തട്ടകത്ത് നൽകിയ പരാതിക്കു മറുപടിയായി ജില്ലാ ഫയർ ഓഫിസർ അറിയിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് വി.ആർ.സുനിൽകുമാർ എംഎൽഎയുടെ അറിയിപ്പും ഉണ്ടായിരുന്നു. എന്നാൽ നടപടികൾ എങ്ങുമെത്തിയില്ല. റോഡ് നവീകരണവും നീളുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com