ADVERTISEMENT

പുൽപള്ളി ∙ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽപെടുത്തി തോടുകളിലെ തടയണ നിർമാണം പാഴായ പണിയെന്നാരോപണം. തോടുകൾ വറ്റി വരണ്ടപ്പോഴാണു തെങ്ങോലയും മണ്ണുമുപയോഗിച്ചു ജലസംഭരണത്തിനു ചെറുതടയണകളുണ്ടാക്കുന്നത്. നല്ലൊരുമഴ പെയ്താൽ ഇവയല്ലാം മണൽത്തരി ശേഷിക്കാതെ ഒഴുകിപോകുമെന്നു നാട്ടുകാർ പറയുന്നു.വേനലിൽ തോടുകളിലെ നീരൊഴുക്കു നിലയ്ക്കുന്നതിനു മുൻപേ തടയണകൾ നിർമിച്ച് ജലസംഭരണം നടത്തേണ്ടിയിരുന്ന സ്ഥാനത്താണു വരണ്ടുകിടക്കുന്ന തോടുകളിൽ 10 മീറ്റർ അകലത്തിൽ നൂറുകണക്കിന് ചെറുതടയണകൾ നിർമിക്കുന്നത്. മുള്ളൻകൊല്ലി പഞ്ചായത്തിലെ ചെറ്റപ്പാലത്തു നിന്നാരംഭിച്ച് കന്നാരംപുഴയിലെത്തുന്ന മുദ്ദള്ളി തോട്ടിൽ മാത്രം തടയണ നിർമാണത്തിനുള്ളത് ഏതാണ്ട് 5,200 തൊഴിൽ ദിനങ്ങളാണ്.

തോടിന്റെ സമീപപ്രദേശങ്ങളിലെ 4 വാർഡുകാർക്കാണ് ജോലി. ഓരോ വാർഡുകാർക്കും 1,300 തൊഴിൽ ദിനങ്ങൾ വീതം. കന്നാരംപുഴ മുതൽ പള്ളിത്താഴെ വരെയുള്ള സുമാർ 2.5 കിലോമീറ്റർ ദൂരത്തിലാണു നിർമാണം. കൃഷിത്തകർച്ച മൂലം സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ മേഖലയിൽ തൊഴിലാളികൾക്കു കൂലി കിട്ടുമെന്നതു മാത്രമാണ് ആശ്വാസം.തോടിനു സമീപത്തെ പറമ്പുകളിൽ നിന്നു പെറുക്കിയെടുക്കുന്ന തെങ്ങോലകളും മറ്റും തോടിനു കുറുകെ മരക്കമ്പുകളിലുറപ്പിച്ച് അതിലേക്ക് തോട്ടിലെ മണലും ചളിയും നിറച്ചാണു തടയണകളൊരുക്കുന്നത്. നല്ല മഴ പെയ്താൽ തടയണകൾ നശിക്കും. 10 മീറ്റർ അകലത്തിൽ വാരിയിട്ട ഓലയും മരക്കമ്പുകളും കുത്തിയൊഴുകി സമീപത്തെ വലിയ തടയണകളിൽ നിറയുകയും ചെയ്യും. 

തോടുകളുടെ സംഭരണശേഷി ഉയർത്താനോ തടയണകളിലെ ചെളിയും മാലിന്യങ്ങളും നീക്കം ചെയ്യാനോ തൊഴിൽദിനങ്ങൾ ഉപയോഗിക്കാമായിരുന്നുവെന്നും ജലസേചനത്തിന് ഉപകാരപ്പെടാത്ത പ്രവൃത്തിയാണിതെന്നും തൊഴിലാളികളും പറയുന്നു.എന്നാൽ, ഗ്രാമസഭയിലടക്കം ചർച്ച ചെയ്ത് അനുമതി വാങ്ങിയ പ്രവൃത്തിയാണിതെന്നും ഈ സമയത്ത് വേറെ ജോലിയില്ലെന്നും പഞ്ചായത്ത് അധികൃതർ വിശദീകരിക്കുന്നു. പദ്ധതിയിലെ തൊഴിലുകൾ പഞ്ചായത്തല്ല തീരുമാനിക്കുന്നത്. കൃഷിയിടങ്ങളിൽ മഴക്കുഴി നിർമാണമടക്കമുള്ള പദ്ധതിയോട് കർഷകർ എതിർപ്പ് പറയാറുണ്ട്. മഴക്കാലത്ത് വെള്ളം കെട്ടിക്കിടന്നു കൃഷിനാശമുണ്ടാകുന്നതാണു കാരണം. മഴ പെയ്താലേ കൃഷിയിടങ്ങളിലെ വിവിധ പദ്ധതികൾക്ക് അംഗീകാരം ലഭിക്കൂവെന്നും അധികൃതർ പറഞ്ഞു.

ഹാജർ ഒപ്പിക്കാൻ കഷ്ടപ്പാട്
തൊഴിലുറപ്പ് പദ്ധതിയിൽ ജോലി ചെയ്യുന്നവരുടെ ഹാജർ രേഖപ്പെടുത്താനും ഫോട്ടോയെടുക്കാനും തൊഴിൽ ആരംഭിച്ച സ്ഥലത്ത് എത്തണമെന്ന നിബന്ധന തൊഴിലാളികളെ വലയ്ക്കുന്നു. രാവിലെ ജോലിക്കിറങ്ങും മുൻപും വൈകുന്നേരം ജോലി കഴിഞ്ഞും കിലോമീറ്ററുകൾ നടക്കേണ്ട അവസ്ഥ. പൊരിവെയലത്താണ് ഈ യാത്ര. തോടുകളിലും മറ്റുമുള്ള പ്രവൃത്തികൾ കിലോമീറ്ററുകളോളം നീളും. തൊഴിലാളികൾ എന്നും ജോലിയാരംഭിച്ച സ്ഥലത്തുതന്നെ റിപ്പോർട്ട് ചെയ്യണം. ഇവിടെ നിന്നു ഫോട്ടോയെടുത്ത് അപ് ലോഡ് ചെയ്യണമെന്നാണു നിബന്ധന. വേനൽച്ചൂടേറിയപ്പോൾ ഇതൊരു ശിക്ഷയായെന്നു തൊഴിലാളികൾ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com