ADVERTISEMENT

∙ കേരളത്തിലെ സർക്കാർ (3) / എയ്ഡഡ് (2) / സർക്കാർ കോസ്റ്റ്–ഷെയറിങ് (4)/ സ്വകാര്യസ്വാശ്രയ (39) വിഭാഗങ്ങളിലായി, എഐസിടിഇ അംഗീകാരമുള്ള, 48 സ്ഥാപനങ്ങളിലെ 2 വർഷ എംസിഎ (മാസ്റ്റർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ്) റഗുലർ 2024-25 പ്രവേശനത്തിനു ജൂൺ 2 വരെ അപേക്ഷാഫീ അടയ്ക്കാം. ജൂൺ 3ന് അകം ഓൺലൈൻ അപേക്ഷ സമർപ്പിക്കണം. കൂടുതൽ സ്ഥാപനങ്ങൾ വന്നേക്കാം. അപേക്ഷാഫീ 1200 രൂപ; പട്ടികവിഭാഗം 600 രൂപ. വെബ് : www.lbscentre.kerala.gov.in.

∙ സർക്കാർ: തിരുവനന്തപുരം, തൃശൂർ, കോട്ടയം (പാമ്പാടി) എൻജിനീയറിങ് കോളജുകൾ
∙ എയ്ഡഡ്: ടികെഎം കൊല്ലം, എംഎ കോതമംഗലം എൻജിനീയറിങ് കോളജുകൾ
50% എങ്കിലും മാർക്കോടെ ബിടെക്, ബിഎസ്‌സി, ബികോം, ബിഎ, ബിവോക്, ബിസിഎ മുതലായ ഏതെങ്കിലും ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. സംവരണവിഭാഗക്കാർക്കു 45% മതി. പ്ലസ്ടുവിലോ ബിരുദത്തിലോ മാത്‌സ് അഭികാമ്യം. ഇങ്ങനെ മാത്‌സ് പഠിച്ചിട്ടില്ലാത്തവർ നിർദിഷ്ട ബ്രിജ് കോഴ്സ് ജയിക്കണം. ആവശ്യമെങ്കിൽ കംപ്യൂട്ടർ വിഷയങ്ങളിലും ബ്രിജ് കോഴ്സ് ഏർപ്പെടുത്തും. പ്രവേശനസമയത്ത‌് മാർക്ക് ലിസ്‌റ്റ് ഹാജരാക്കാവുന്ന ഫൈനൽ ഇയറുകാരെയും പരിഗണിക്കും.
ഇന്ത്യയുടെ ഏതു ഭാഗത്തുള്ളവർക്കും പ്രവേശനമുണ്ട്. പക്ഷേ കേരളീയർക്കുമാത്രമാണു സംവരണാനുകൂല്യം. കേരള പ്രഫഷനൽ കോഴ്സ് മാനദണ്ഡപ്രകാരം സാമ്പത്തിക പിന്നാക്ക വിഭാഗത്തിനുൾപ്പെടെ സംവരണമുണ്ട്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളിൽ 2-മണിക്കൂർ പ്രവേശനപരീക്ഷ നടത്തും.തീയതി പിന്നീട് അറിയിക്കും.
കംപ്യൂട്ടർ സയൻസ് (50 ചോദ്യം), മാത്തമാറ്റിക്സും സ്റ്റാറ്റിസ്റ്റിക്സും (25), ക്വാണ്ടിറ്റേറ്റിവ് ആപ്റ്റിറ്റ്യൂഡും ലോജിക്കൽ എബിലിറ്റിയും (25), ഇംഗ്ലിഷ് (15), പൊതുവിജ്‌ഞാനം – ആനുകാലികസംഭവങ്ങൾ (5) എന്നീ വിഷയങ്ങളിൽ നിന്നായി 120 മൾട്ടിപ്പിൾ–ചോയ്സ് ഒബ്‌ജക്‌ടീവ് ചോദ്യങ്ങൾക്ക് 120 മിനിറ്റിൽ ഉത്തരം നൽകണം. മാത്‌സ് / സ്‌റ്റാറ്റ്സ് ചോദ്യങ്ങൾക്കു പ്ലസ്ടു നിലവാരവും ക്വാണ്ടിറ്റേറ്റിവ് വിഭാഗത്തിനു ബിരുദനിലവാരവും ആയിരിക്കും. ഇംഗ്ലിഷിൽ അടിസ്ഥാനവ്യാകരണവും ആശയഗ്രഹണവും പരിശോധിക്കും. സിലബസ് സൂചനകൾ പ്രോസ്പെക്ടസിലുണ്ട്.
കേരളസർക്കാർ സ്ഥാപനമായ തിരുവനന്തപുരം എൽബിഎസ് സെന്റർ ഏകജാലകസംവിധാനം വഴി അലോട്മെന്റ് നടത്തും. വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസും ഓൺലൈൻ അപേക്ഷാസൗകര്യവും വെബ് സൈറ്റിൽ.

കഴിഞ്ഞ വർഷത്തെ ഫീസ്
∙ സർക്കാർ / എയിഡഡ് കോളജുകൾ: 7,640 രൂപ (ഇത് 5% വർദ്ധിപ്പിക്കും).
സർക്കാർ– കോസ്റ്റ്–ഷെയറിങ് / സ്വകാര്യം: തുടക്കത്തിൽ ടോക്കൺ 10,000 രൂപ
പട്ടിക, ഒഇസി, ഫീസാനുകൂല്യമുള്ളവർ തുടക്കത്തിൽ ടോക്കൺ 1,000 രൂപ നൽകണം.
ടോക്കൺ തുക പിന്നീടു തിരിച്ചുകിട്ടും. കൃത്യമായ ഫീസും സീറ്റും അലോട്മെന്റിനു മുൻപറിയാം.
അപേക്ഷാരീതിയടക്കം പൂർണവിവരങ്ങൾക്കു സൈറ്റിലെ വിജ്ഞാപനവും പ്രോസ്പെക്ടസും നോക്കാം. സംശയപരിഹാരത്തിനു ഫോൺ: 0471 2560363.

English Summary:

Kerala MCA Regular Program 2024-25 Admissions Closing Soon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com