ADVERTISEMENT

കെഎസ്ആർടിസി ഡ്രൈവർ യദുവും തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, ഭർത്താവും എംഎൽഎയുമായ കെ.എം.സച്ചിൻ ദേവ് എന്നിവർ തമ്മിൽ റോഡിലുണ്ടായ തർക്കം സമൂഹമാധ്യമങ്ങളിലടക്കം ഏറെ ചർച്ചയായിരുന്നു. ഇതിനിടെ കോടതിക്ക് തനിക്കെതിരെ കേസെടുക്കാൻ അധികാരമില്ലെന്ന് മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞതായി അവകാശവാദമുന്നയിക്കുന്ന ഒരു പോസ്റ്ററാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ഇതിന്റെ വസ്തുതയറിയാൻ ഞങ്ങളുടെ ഫാക്‌ട് ചെക്ക് ഹെൽപ്പലൈൻ നമ്പറിലേക്ക് സന്ദേശം ലഭിച്ചു.

mayor

∙അന്വേഷണം

മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എയും കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ യദുവുമായി തര്‍ക്കമുണ്ടായ വിഷയം സംബന്ധിച്ച വാർത്തകൾ പരിശോധിച്ചെങ്കിലും കോടതിക്കെതിരെ മേയർ ഇത്തരമൊരു പരാമർശം നൽകിയതായി കണ്ടെത്താനായില്ല. എന്നാൽ തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഡ്രൈവർ യദുവിന്റെ പരാതിയിൽ മേയർക്കും എംഎൽഎയ്ക്കുമെതിരെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന പരാതിയിൽ കേസെടുക്കാൻ നിർദേശം നൽകിയെന്ന വാർത്തകൾ ഞങ്ങൾക്ക് ലഭിച്ചു. ഇത് സംബന്ധിച്ച് മനോരമ ന്യൂസ് നൽകിയ വാർത്ത കാണാം.

ഇത് സംബന്ധിച്ച് മനോരമ ഓൺലൈൻ നൽകിയ വാർത്ത കാണാം. മേയര്‍ ആര്യ രാജേന്ദ്രന്‍, ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എ, മേയറുടെ സഹോദരന്‍ അരവിന്ദ്, ഭാര്യ ആര്യ, കണ്ടാലറിയാവുന്ന ഒരാള്‍ എന്നിവര്‍ക്കെതിരെയായിരുന്നു യദുവിന്‍റെ പരാതി. കന്റോണ്‍മെന്റ് പൊലീസിനോടാണ് കേസെടുക്കാന്‍ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ടേറ്റ് കോടതി 3 നിര്‍ദേശം നല്‍കിയത്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, അന്യായമായി തടങ്കലില്‍ വയ്ക്കല്‍, അസഭ്യം പറയല്‍ എന്നീ പരാതികളാണ് യദു ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്. പരാതി കോടതി പൊലീസിനു കൈമാറി. ആര്യ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവിനുമെതിരെയും പൊലീസിൽ പരാതി നൽകിയിട്ടും കേസെടുക്കാത്ത സാഹചര്യത്തിലാണ് കെഎസ്ആർടിസി ഡ്രൈവർ യദു കോടതിയെ സമീപിച്ചത്. 

കോടതി വിധിക്കെതിരെ മേയർ ഇത്തരത്തിൽ പ്രസ്താവന നടത്തിയിട്ടുണ്ടോ എന്ന വ്യക്തതയ്ക്കായി ഞങ്ങൾ മേയറുടെ ഓഫിസുമായി സംസാരിച്ചു.മേയർ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടില്ലെന്ന് ഓഫിസ് വക്താക്കൾ സ്ഥിരീകരിച്ചു.

∙വാസ്തവം

കോടതിക്കെതിരെ ഇത്തരമൊരു പ്രസ്താവന മേയർ ആര്യ രാജേന്ദ്രൻ നടത്തിയിട്ടില്ല. പ്രചരിക്കുന്ന പോസ്റ്റർ വ്യാജമാണ്.

English Summary : Mayor Arya Rajendran has not made such a statement against the court. The circulating poster is fake

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com