ADVERTISEMENT

സമ്പന്നനായ വ്യവസായി സാം വെസ്റ്റിംഗ് അന്തരിച്ചു എന്നത് പലരുടെയും ജീവിതം മാറ്റി മറിക്കാൻ കാരണമായേക്കാവുന്ന ഒന്നാണെന്ന് ആരും കരുതിയില്ല. സൺസെറ്റ് ടവേഴ്‌സ് എന്ന ആഡംബരപൂർണമായ അപ്പാർട്ട്‌മെന്റിൽ താമസിക്കുന്ന പതിനാറ് പേരെ അഭിസംബോധന ചെയ്താണ് അദ്ദേഹം മരണത്തിനു മുൻപ് വിൽപത്രം തയാറാക്കിയിരിക്കുന്നതെന്ന് അറിഞ്ഞതോടെ കാര്യങ്ങൾ മാറി മറിയുന്നു. ആ വിൽപ്പത്രം ഒരു ഗെയിമാണ്. തന്റെ അപ്പാർട്ട്‌മെന്റിൽ താമസിക്കുന്ന പതിനാറ് പേരിൽ ഒരാളാണ് കൊലയാളിയെന്നും ഈ 16 പേർ 8 ജോടികളായി തിരിഞ്ഞ് പ്രതിയെ കണ്ടെത്താനാണ് വിൽപ്പത്രത്തിലെ നിർദ്ദേശം. മരണത്തിന്റെ നിഗൂഢത പരിഹരിക്കുന്ന ജോഡിക്ക് വെസ്റ്റിംഗിന്റെ മുഴുവൻ സമ്പത്തും അദ്ദേഹത്തിന്റെ കമ്പനിയുടെ നിയന്ത്രണവും ലഭിക്കും.

എലൻ റാസ്കിൻ എഴുതിയ ഒരു നിഗൂഢ പുസ്തകമാണ് 'ദി വെസ്റ്റിംഗ് ഗെയിം'. 1978 മെയ് 1 ന് പ്രസിദ്ധീകരിച്ച പുസ്തകം എല്ലാ പ്രായത്തിലുമുള്ള വായനക്കാരെയും ആകർഷിക്കുന്ന ഒന്നാണ്. അവിസ്മരണീയമായ കഥാപാത്രങ്ങളാണ് പുസ്തകത്തിന്റെ പ്രധാനസശക്തി. വ്യത്യസ്‌ത സ്വഭാവമുള്ള ഈ വ്യക്തികൾക്ക് അവരുടേതായ രഹസ്യങ്ങളും ഉദ്ദേശ്യങ്ങളുമുണ്ട്. 16 പേര് നടത്തുന്ന അന്വേഷണത്തിൽ പല സൂചനകളും മറഞ്ഞിരിക്കുന്നു. കൊലയാളി ആരാണെന്ന് ഊഹിക്കാൻ ശ്രമിക്കുന്ന വായനക്കാരന് ഈ പുസ്തകം മികച്ച അനുഭവമാകും. 

westing-game

സ്വന്തമായി ബിസിനസ്സ് കെട്ടിപ്പടുത്ത്, ഒരു കോടീശ്വരനായി മാറിയ വ്യവസായിയായിരുന്നു വെസ്‌റ്റിംഗ്. ഭാര്യ ഉപേക്ഷിച്ചു പോയെങ്കിലും മകൾ മുങ്ങിമരിച്ചതോടെയാണ് അയാൾ ആകെ തകർന്നത്. വർഷങ്ങൾക്ക് മുമ്പ് ഗുരുതരമായ ഒരു വാഹനാപകടത്തിൽപെട്ടതോടെ അയാൾ വീടിന് പുറത്തിറങ്ങാതെയായി. പിന്നീട് അയാൾ മരിച്ചുവെന്നും തന്റെ അപ്പാർട്ട്‌മെന്റിൽ താമസിക്കുന്ന പതിനാറ് പേർക്കായി ഈ ഗെയിം ഒരുക്കിയതുമാണ് പുറത്തു വരുന്ന വിവരം. 

ജേക്ക് വെക്‌സ്‌ലർ, മാഡം സൺ ലിൻ ഹൂ, തബിത-റൂത്ത് വെക്‌സ്‌ലർ, ഫ്ലോറ ബൗംബാക്ക്, ക്രിസ്‌റ്റോസ് തിയോഡോറാക്കിസ്, ഡോ. ഡെൻ്റൺ ഡീർ,  ജെ.ജെ. ഫോർഡ്, അലക്‌സാണ്ടർ മക്‌സൗതേഴ്‌സ്, ഗ്രേസ് വിൻഡ്‌സർ വെക്‌സ്‌ലർ, ജെയിംസ് ഷിൻ ഹൂ, ബെർത്ത് എറിക്ക ക്രോ, ഓട്ടിസ് ആംബർ, തിയോ തിയോഡോറാക്കിസ്, ഡഗ് ഹൂ, ഏഞ്ചല വെക്‌സ്‌ലർ, സിഡെല്ലെ പുലാസ്‌കി എന്നിവരാണ് ആ പതിനാറ് പേർ. എല്ലാവരും സംശയത്തിന്റെ നിഴലിൽ ആണെങ്കിലും ആരും തുറന്നു സമ്മതിക്കാത്തതിനാൽ പസിലിനുള്ള പരിഹാരം കണ്ടെത്താനാവാതെ തങ്ങളിൽ ഒരാളുടെ പേര് പറയുവാൻ അവർ തീരുമാനിക്കുകയും ബെർത്ത് എറിക്ക ക്രോയെ കൊലപാതകിയാണെന്ന് തെറ്റായി പ്രഖ്യാപിക്കുകയും ചെയ്യുന്നു. എല്ലാവരും പരസ്പരം സംശയിക്കുകയും ആരോപണം ഉയർത്തുകയും ചെയ്യുന്ന ഈ പ്രശ്നത്തിന് പരിഹാരം ഉണ്ടാകട്ടെ എന്നു കരുതി അവൾ അതിന് സമ്മതം നൽകുന്നുണ്ട്.

ബെർത്ത് സാം വെസ്റ്റിംഗിന്റെ മുൻ ഭാര്യയാണെന്നതും അവരുടെ സമ്മർദ്ദമാണ് വെസ്റ്റിംഗിന്റെയും പണ്ട് മകളായ വയലറ്റിന്റെയും മരണത്തിലേക്ക് നയിച്ചതെന്നും ആ സംഘം വിശദീകരിക്കുന്നു. എന്നാൽ അപ്പോഴും സംശങ്ങൾ ബാക്കിയുണ്ടായിരുന്ന തബിത-റൂത്ത് വെക്‌സ്‌ലർ സാം വെസ്റ്റിംഗ് തന്റെ മരണം വ്യാജമായി ചിത്രീകരിച്ചതാണെന്ന് കണ്ടെത്തുന്നു. വ്യത്യസ്ത ആളുകളെ തന്റെ ഇംഗിതത്തിനായി അയാൾ ഉപയോഗിക്കുകയായിരുന്നു. ജൂലിയൻ ഈസ്റ്റ്മാൻ എന്ന അപരനാമത്തിൽ അയാൾ ക്രോസ്റോഡിൽ താമസിക്കുന്നുണ്ടെന്ന് സൂചനകളിലൂടെ അവൾ മനസ്സിലാക്കി, അവിടെയെത്തുന്നു.

ഗെയിമിന്റെ യഥാർഥ വിജയി തബിതയാണെന്ന് സാം വെസ്റ്റിംഗ് പ്രഖ്യാപിച്ചുവെങ്കിലും, തബിത വെസ്റ്റിംഗിന്റെ കാര്യം രഹസ്യമായി സൂക്ഷിക്കുവാന്‍ തീരുമാനിക്കുന്നു. നഷ്ടബോധവും ഒറ്റപെടലുമാണ് ഇതിനൊക്കെ കാരണം. ആരെയും ഉപദ്രവിക്കാൻ അയാൾ ഉദ്ദേശിച്ചിട്ടില്ല. അയാള്‍ എല്ലാരിൽ നിന്നും അകന്നു കഴിയുവാൻ ആഗ്രഹിക്കുന്നുവെന്ന് മനസ്സിലാക്കിയ തബിതയുടെ വിദ്യാഭ്യാസത്തിന് പണം നൽകുകയും അവളുടെ ഉപദേഷ്ടാവായി മാറുകയും ചെയ്യുന്നു. ഗെയിം അവസാനിച്ച് ഇരുപത് വർഷത്തിന് ശേഷമാണ് വെസ്റ്റിംഗ് യഥാർഥത്തിൽ മരിക്കുന്നത് എന്ന് കാട്ടി നോവൽ അവസാനിക്കുന്നു.

സങ്കീർണ്ണവും ആകർഷകവുമായ ഒരു പ്ലോട്ട് റാസ്കിൻ സമർഥമായി തയാറാക്കി. കേവലം ത്രില്ലുകളും സസ്പെൻസും മാത്രമല്ല നോവൽ വാഗ്ദാനം ചെയ്യുന്നത്, കുടുംബം, ക്ഷമ, സ്വപ്‌നങ്ങൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നു. സസ്പെൻസ് ഇഷ്ടപ്പെടുന്ന എല്ലാ പ്രായത്തിലുമുള്ള വായനക്കാർക്കും ആസ്വദിക്കാവുന്ന ഒരു പുസ്തകമാണ് 'ദി വെസ്റ്റിംഗ് ഗെയിം'.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com