ADVERTISEMENT

കാടു കൊഴിയുമ്പോൾ കാടു വിരിയുന്ന

കാടിന്റെ കാലം വരുന്നതോ പോന്നതോ?

കാട്ടിൽ നിലാവുണ്ടു നട്ടുച്ചനേരവും

രാത്രിയിൽ സൂര്യന്റെ തേരും തെളിച്ചവും.

കന്യാകുളത്തിൽ ഞാൻ‌ മുങ്ങിനിവരുമ്പോൾ

ജന്മങ്ങളെത്ര മരണങ്ങളെത്രയായ്
 

–കാട്, ഡി.വിനയചന്ദ്രൻ

മലയാളകവിതയിലേക്കു നാർക്കോട്ടിക് ആധുനികതയും ലാറ്റിനമേരിക്കൻ ജനകീയാധുനികതയും ഒളിച്ചുകടത്തപ്പെടുകയും അതിന്റെ ധൂമവലയങ്ങളിൽ കവിതകൾ സ്വയം നഷ്ടപ്പെടുകയും ചെയ്തിരുന്ന അറുപതെഴുപതുകളിൽ പോലും ആവിഷ്കാരത്തിലെ പുതുമകൊണ്ടും പ്രമേയപ്പലമ കൊണ്ടും തീർത്തും കേരളീയമായ മൊഴിപ്പകർച്ച കൊണ്ടും തനിവഴിയേ സഞ്ചരിച്ച കവിയായിരുന്നു ഡി.വിനയചന്ദ്രൻ. കടമെടുത്തതോ കട്ടെടുത്തതോ ആയ ഒന്നും ആരുബലമുള്ള ആ കവിതകളിലുണ്ടായിരുന്നില്ല. 

D Vinayachandran , Poet
ഡി. വിനയചന്ദ്രൻ

നാടോടിപ്പാട്ടുകളുടെയും കൊയ്ത്തുപാട്ടുകളുടെയും വടക്കൻപാട്ടുകളുടെയും തോറ്റംപാട്ടുകളുടെയും പടയണി പോലുള്ളവയുടെയും മൊഴ‍ിയാഴങ്ങളിൽ നിന്നു വിനയചന്ദ്ര കവിത ആർജിച്ചെടുത്ത വഴക്കങ്ങൾ അതിന്റെ പ്രയാണത്തെ നിർണയിക്കുന്ന ഗതികോർജമായെന്നു കാണാം. എന്നാലത് എം.ഗോവിന്ദനിലേതു പോലെ ദ്രാവിഡമൊഴിയിലുള്ള കടുംപിടിത്തമായില്ലെന്നു മാത്രമല്ല, കവിതയുടെ ആവിഷ്കാരം ആവശ്യപ്പെടുന്ന മൊഴിപ്പടർച്ചകളിലേക്ക് അതു സംസ്കൃതമായാലും ഇംഗ്ലിഷായാലും തമിഴായാലും മലയാളമായാലും പോകാൻ വിനയചന്ദ്രൻ മടികാണിച്ചില്ല. 

ഏതു കാവ്യപാരമ്പര്യത്തിലേക്കും അതു വേരുനീട്ടുകയും ഖനിജങ്ങൾ സ്വാംശീകരിച്ചെടുത്ത് ഊർജമാക്കുകയും ചെയ്തു. ലാറ്റിനമേരിക്കയിലെയും ആഫ്രിക്കയിലെയും അമേരിക്കയിലെയുമെല്ലാം പുതിയതും പഴയതുമായ കവിതകൾ വായിക്കുകയും പ്രസക്തമെന്നു തോന്നിയവ മലയാളത്തിലേക്ക് വിവർത്തനങ്ങളിലൂടെ ഉൻമിഷിത്തായി പകരുകയും ചെയ്തു. എന്നാൽ വിനയചന്ദ്ര കവിതയുടെ ഭാവുകത്വത്തെ നിർണയിക്കുന്ന കേന്ദ്രബലമായി അതു പ്രവർത്തിച്ചില്ല. അതു നെരൂദപ്പെടുകയോ വയെഹോപ്പെടുകയോ ചെയ്തില്ല. ആധുനികത കൊടികെട്ടിയ കാലത്തെഴുതിയ ‘യാത്രപ്പാട്ട്’ നോക്കൂ. അതിലെ അസ്തിത്വദുഃഖം ഇറക്കുമതി ചെയ്തതല്ലെന്നും അസ്ഥിയിൽ കൊള്ളുന്ന ദുഃഖമാണെന്നും അറിയാൻ പ്രയാസമൊന്നുമില്ല.
 
അച്ഛനോടു യാത്രചോദി–

ച്ചമ്മയോടു യാത്ര ചോദി–

ച്ചിടത്തു കാലു വച്ചിടാതെ

വലത്തുകാലു വച്ചിറങ്ങി

നടുമുറ്റത്തെ തുളസിയിൽനി–

ന്നിലയൊരെണ്ണം പറിച്ചുതിന്നും

ദുഃഖമെല്ലാം കടിച്ചിറക്കി

സ്വപ്നമെല്ലാം നുണച്ചിറക്കി

കൂടിനിന്നൊരാളുകൾ തൻ 

കണ്ണിൽനിന്നു നടന്നിറങ്ങി

എട്ടുകെട്ടും പടിപ്പുരയും 

ഇട്ടെറിഞ്ഞിട്ടുണ്ണി നീങ്ങി’ എന്നാണു കവിത തുടങ്ങുന്നത്. തീരുന്നത് ഇങ്ങനെയും.
 

d-vinayachandran-books

‘ചാറുന്നേ മഴ ചാറുന്നേ

ഉണ്ണിക്കു മഴ ചാറുന്നേ

പാരെല്ലാം വെയിലിൽ നിൽക്കെ

ഉണ്ണിക്കു മഴ ചാറുന്നേ

നേരം പോയ് നേരം പോയി

ഉണ്ണി കടന്നുപോയി’.
 

കേരളത്തിൽ ജനിച്ചുജീവിച്ചൊരു മലയാളിക്കു മാത്രം എഴുതാനും അനുഭവിക്കാനും കഴിയുന്ന കവിതയാണിത്. മറ്റൊരു ദേശത്തെയും ഉണ്ണികളുടെ പുറപ്പാട് ഇതുപോലായിരിക്കില്ല. ഈ അനന്യതയാണ് ഡി.വിനയചന്ദ്രന്റെ കവിതയുടെ കൊടിയടയാളം.

നാട്ടറിവുകളും ശാസ്ത്രത്തിന്റെ പുതു ആവേഗങ്ങളും ദാർശനികാന്വേഷണങ്ങളുമെല്ലാം കവിതയിലേക്കു വിനയചന്ദ്രൻ കൊണ്ടുവന്നു. അകത്തിന്റെയും പുറത്തിന്റെയും സൂക്ഷ്മസ്പന്ദനങ്ങളെ മനോവേഗം കൊണ്ട് ഒപ്പിയെടുക്കുകയും പദ്യത്തിന്റെയും ഗദ്യത്തിന്റെയും പല മൊഴിയുരുവങ്ങളാക്കുകയും ചെയ്തു. ഏതു തരത്തിലുള്ള കവിത കെട്ടുമ്പോഴും ഇത്രമേൽ കയ്യടക്കം പുലർത്തിയ കവികൾ നമുക്ക് അധികമില്ല.

POET D.VINAYACHANDRAN
ഡി. വിനയചന്ദ്രൻ

കണ്ടക്ടഡ് ടൂറിനു പറ്റിയ കവിതയല്ലായിരുന്നു വിനയചന്ദ്രൻ എഴുതിയത്. മെരുങ്ങാത്ത ഭാവനയുടെ പടർച്ചകളായിരുന്നു അത്. പദലീലയായി ഒറ്റവായനയിൽ എഴുതിത്തള്ളാൻ തോന്നാമെങ്കിലും ആ അർഥവിസ്തൃതിയും കാവ്യദീപ്തിയും സൂക്ഷ്മതയുള്ള ഒരു വായനക്കാരനെ അത്ഭുതപ്പെടുത്തുക തന്നെ ചെയ്യും. കവിയരങ്ങിലെ ‘ചൊൽ’പടിയിൽ വിനയചന്ദ്രനെ ഒതുക്കിനിർ‌ത്താൻ എല്ലാക്കാലത്തും ശ്രമങ്ങളുണ്ടായിട്ടുണ്ട്. ആധുനികതയുടെ കണക്കെടുപ്പുകളിലൊന്നും ഈ പേരു കടന്നുവന്നിട്ടുണ്ടാകില്ല. എന്നാൽ അക്കാലത്തെ മുന്തിയ കവികളെപ്പോലും പ്രചോദിതരോ പ്രലോഭിതരോ ആക്കും വിധം ഒന്നാന്തരം കവിതകൾ വിനയചന്ദ്രനിൽ നിന്നു വാർന്നുവീണുകൊണ്ടിരുന്നു. അപ്പോഴും അപൂർവം ചില നിരൂപകർ ഒഴിച്ചാൽ എല്ലാവരും വിനയചന്ദ്രനിൽ നിന്ന് അകലം പാലിച്ചു. അതുകൊണ്ടാണ് ‘അമ്പും അരയന്നവും’ എന്ന കവിതയിൽ കവി പറഞ്ഞത്:

‘ചൂടുള്ള എണ്ണയിൽ

പൊട്ടിത്തെറിക്കുന്ന

കടുകുമണികളുടെ ഒച്ചയല്ല

നിരൂപണം.

നീരും പാലും വേർതിരിക്കുന്ന

അരയന്നത്തിന്റെ

നിശ്ശബ്ദതയാണ്’. 
 

‘ആയമുള്ള ചിറകിനെ

ഏതു ബ്ലെയിഡിനും

അറുത്തുമുറിക്കാം.

എന്നാലും അതിന്

രക്തത്തിന്റെ പ്രാർത്ഥന

മനസ്സിലാകുകയില്ല’ എന്നും കവി കുറിച്ചു.

d-vinayachandran-book

‘അമ്മയില്ലാത്തവർക്ക് ഇല്ല വീട്, എങ്ങെങ്ങുമേ വീട്’ എന്നു തിരിച്ചറിഞ്ഞുള്ള ഇറങ്ങിനടപ്പ് വിനയചന്ദ്രനിലുണ്ട്. നിരന്തരമായ യാത്രകളുടെ പുസ്തകമാണത്. പക്ഷേ തുമ്പയും കാട്ടുകിളിയും കടത്തുവള്ളങ്ങളും വീട്ടിലേക്കു തിരികെ വിളിക്കുന്നതും കവി കേൾക്കുന്നുണ്ട്. പി.കുഞ്ഞിരാമൻ നായരെപ്പോലെ വിനയചന്ദ്രനും യാത്രയെന്നതു കവിതയെഴുത്തിന്റെ മറ്റൊരു രൂപകം തന്നെയായിരുന്നു. പിയുടെ ഓർമയ്ക്കായി ഒരു സമാഹാരത്തിനു വിനയചന്ദ്രൻ പേരിട്ടതു ‘സമസ്തകേരളം പി.ഒ’ എന്നായിരുന്നു.

കവിതകൾ മാത്രമല്ല, നോവലുകളും കഥകളുമെല്ലാം എഴുതി തന്റെ സർഗാത്മകതയെ ഉത്സവമാക്കിയ വിനയചന്ദ്രന്റെ വിവർത്തനങ്ങൾ, പ്രത്യേക‍ിച്ചും കന്നഡ വചന കവിതകൾ, തെലുങ്കിലെ പുതുകവിതകൾ, ലോർക്കയുടെ കവിതകൾ, അന്റോണിയോ സ്കർമേറ്റയുടെ നോവൽ  പോസ്റ്റ്മാൻ തുടങ്ങിയവ അതിന്റെ ആർജവം കൊണ്ടു വേറിട്ടുനിൽക്കുന്നു. 

‘ഏലേലം കതിരേലേലം

ഞാനെന്റെ പാട്ടിനു പോകുന്നു

നിങ്ങളാരാനും വരുന്നുണ്ടോ?’ എന്നു കവി ചോദിക്കുമ്പോൾ
 

‘ഞങ്ങളാരാനും വരുന്നില്ല

ഞങ്ങളാരാനും വരുന്നില്ല

ഞങ്ങടെ പാട്ടിനു പോകുന്നു’ എന്നു പറഞ്ഞൊഴിയാനാകില്ല വിനയചന്ദ്രന്റെ കവിതകൾ അതിന്റെ തനിമയിൽ അനുഭവിച്ചവർക്ക്. ആ കവിതാവായനയ്ക്കു ശേഷം കാടു പഴയ കാടായിരിക്കില്ല; കടൽ പഴയ കടലും.

English Summary:

Remembering D. Vinayachandran on his birthday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com