ADVERTISEMENT

ജീവിച്ചിരിക്കുന്ന കഥാകൃത്തുക്കളിൽ ഏറ്റവും പ്രസിദ്ധയെന്ന് എ. എസ്. ബെയറ്റ് (A.S. Byatt) 'സൺഡേ ടൈംസിൽ' ആലിസ് മൺറോയെപ്പറ്റി പ്രശംസിച്ചിട്ടുണ്ട്. പ്രത്യേകം ശ്രദ്ധിക്കേണ്ട എഴുത്തുകാരിയായ മൺറോ, അനുഭവത്തിന്റെ വെളിച്ചത്തിൽ മാത്രം എഴുതുകയും സത്യസന്ധമായ വിവരണങ്ങൾകൊണ്ട് കഥയുടെ പശ്ചാത്തലം ഭദ്രമാക്കുകയും ഒറ്റതിരിഞ്ഞു നിൽക്കുന്ന മുതിർച്ചയുള്ള കഥാപാത്രങ്ങളെ മുന്നിൽക്കൊണ്ടു പ്രതിഷ്ഠിക്കുകയും വ്യത്യസ്‌തമായ കഥാസന്ദർഭങ്ങൾ വിശ്വസനീയമാകുന്ന രീതിയിൽ ഇണക്കിച്ചേർക്കുകയും ചെയ്‌തതിന്റെ സഫലമായ ഉദാഹരണങ്ങളാണ് ഈ പുസ്‌തകത്തിലെ മിക്ക കഥകളും. വടക്കേ അമേരിക്കയിൽ യു.എസ്സിനു വടക്കുഭാഗത്ത് യു.എസ്സിന്റെ ഏകദേശം അത്രതന്നെ അല്ലെങ്കിൽ അൽപമധികം വിസ്തൃതിയും എന്നാൽ അതിന്റെ പത്തിലൊന്ന് ജനസംഖ്യയും ഉള്ള രാജ്യമാണ് കാനഡ.

കാനഡയിലെ ഒരു സംസ്ഥാനമാണ് ഒന്റാറിയോ. അറബിക്കടലിനെക്കാളും നീളത്തിൽ കിടക്കുന്നതാണ് ലെയ്ക്ക് ഒന്റാറിയോ. കാനഡയുടെ കിഴക്കുഭാഗത്താണ് ഒന്റാറിയോ ലെയ്ക്ക്. ഒന്റാറിയോ തടാകത്തിന്റെ പടിഞ്ഞാറാണ് ഒന്റാറിയോ സംസ്ഥാനം. ഒന്റാറിയോയുടെ തെക്കുപടിഞ്ഞാറുഭാഗത്താണ് ആലിസ് മൺറോയുടെ കഥകൾ നടക്കുന്നത്. അവിടത്തെ കൊച്ചുപട്ടണങ്ങളാണ് ടപ്പർടൗൺ, ജൂബിലി തുടങ്ങിയവ. ഒന്റാറിയോ തടാകത്തിന്റെ തീരത്തുള്ള ടൊറാൺടൊ ആണ് ഏറ്റവും വലിയ നഗരം.

alice-muro-book-pic

ആലിസ് മൺറോയുടെ കഥാലോകം കൃഷിയിടങ്ങൾ നിറഞ്ഞ ഗ്രാമപ്രദേശങ്ങളും കൊച്ചുപട്ടണങ്ങളുംകൊണ്ടു സമൃദ്ധമായ കാനഡയിലെ പടിഞ്ഞാറൻ ഒന്റാറിയോയാണ്. പ്രകാശപൂർണ്ണമെങ്കിലും പലപ്പോഴും പ്രസാദനിർഭരമല്ലാത്ത, അവരുടെ കഥകൾ മനുഷ്യാവസ്ഥയുടെ ദുരിതസന്ധികളാണ് കടഞ്ഞെടുത്തിരിക്കുന്നത്. കനേഡിയൻ മിഡിൽക്ലാസ്സ് ജീവിതത്തിലെ- വിശേഷിച്ചും ഗ്രാമീണസ്ത്രീകളുടെ- കൗമാരവും യൗവനവും വാർദ്ധക്യവും പ്രണയവും നിരാശയും കുറ്റബോധവും ചെറിയ സന്തോഷങ്ങളും വലിയ സങ്കടങ്ങളും സത്യസന്ധമായ അന്വേഷണങ്ങൾക്കും കണ്ടെത്തലുകൾക്കും വിധേയമാക്കിയിരിക്കുന്നു. സാധാരണക്കാരായ സ്ത്രീപുരുഷന്മാരുടെ സാർവലൗകികസ്വഭാവവിശേഷങ്ങൾ-ഭയം, വിഹ്വലത, ആകാംക്ഷ, ഉത്കണ്ഠ, പ്രതീക്ഷ, നിരാശ, കുറ്റബോധം, പ്രായശ്ചിത്തം-എല്ലാം വൈകാരികതയ്ക്കപ്പുറത്ത് വിചാരപരമായ തീർച്ചകളുടെയും മുതിർച്ചകളുടെയും വ്യക്തമായ വ്യാഖ്യാനങ്ങളായി വിടരുന്ന കഥകളാണ് മിക്കതും. 

alice-muro-books

വസ്‌തുനിഷ്ഠമായ വിവരണസമ്പ്രദായത്തിന്റെ വിസ്താരപരത വിരസമായിതോന്നാത്ത സൂക്ഷ്‌മതയോടെ നാട്ടുഭാഷയുടെ ലാളിത്യത്തിൽ ഒഴിവാക്കാൻ ഒന്നുമില്ലാത്ത ഒളിച്ചുവെക്കാൻ ഒരിക്കലും ശ്രമിക്കാതെ യഥാർഥചിത്രണങ്ങളിലൂടെ ജീവിതസമഗ്രതയുടെ പൂർണ്ണചിത്രം സാക്ഷാൽക്കരിക്കുന്ന സന്ദർഭങ്ങളാണ് ഈ കഥകളെ വ്യത്യസ്‌തമാക്കുന്നത്. ശ്രദ്ധേയമാക്കുന്നതും. സ്വാനുഭവത്തിന്റെ സ്പർശവും ഗന്ധവും രുചിയും ഉള്ള ജീവിതാവസ്ഥകളുടെ അപഗ്രഥനം കൊളുത്തിവലിക്കുന്ന വേദനയായി കഥാവസാനത്തിൽ, വായനയുടെ അവസാനമുനമ്പിൽ അത്ഭുതത്തോടെ നോക്കിനിൽക്കാനും നടുക്കത്തോടെ തിരിച്ചുനടക്കാനും വായനക്കാരനെ പ്രേരിപ്പിക്കുന്നു. വളരെ ലളിതമായ ഭാഷയിലൂടെ വളച്ചുകെട്ടില്ലാത്ത വിവരണങ്ങളിലൂടെ സ്ഥലവും സന്ദർഭവും സമയവും സുതാര്യവും സുവ്യക്തവും ആക്കിക്കൊണ്ട് സംശയങ്ങൾക്കു പഴുതില്ലാത്തവിധം പ്രത്യേകം തിരഞ്ഞെടുത്ത ജീവിതസന്ദർഭങ്ങളെ നേർമുന്നിൽ നിർത്തുന്ന ആഖ്യാനകലയാണിവിടെ പ്രശോഭിക്കുന്നത്. 

ഏറെക്കുറെ അപരിചിതമായിക്കൊണ്ടിരിക്കുന്ന ഈ വിവരണകലയിലെ ആർജ്ജവം ഉയിർത്തെഴുന്നേൽക്കുന്ന അത്ഭുതമാണ് ഇതിൽ കാണുന്നത്. ഒന്നും മറച്ചുവെക്കാനും ഒളിച്ചുവെക്കാനും ഇല്ലാത്ത ജീവിതമുഹൂർത്തങ്ങൾക്ക് ധാരാളം ഉദാഹരണങ്ങൾ: കണക്കു ക്ലാസ്‌മുറിയിൽ ബ്ലാക്‌ബോർഡിനടുത്തെത്തുമ്പോൾ അടിപ്പാവാടയിൽ ചോരക്കറയുണ്ടെന്ന് അറിയുന്ന പെൺകുട്ടി; അമ്മയുടെ മരണവാർത്തയറിഞ്ഞിട്ടും പ്ലെയിൻ ഇല്ലാതിരുന്നതുകൊണ്ട് നാട്ടിലെത്താൻ കഴിയാത്ത മകൾ; പിന്നെ 2500 മൈൽ കാറോടിച്ച് എത്തിയപ്പോൾ വിചിത്രമായ നഗരമാറ്റങ്ങളിൽ കുടുങ്ങി അമ്പരക്കുന്ന യുവതി; അമ്മ കഷ്‌ടപ്പെട്ടു തുന്നിയുണ്ടാക്കിയ വെൽവെറ്റ് ഡ്രെസ് ധരിച്ച് അമ്മ മോഹിച്ചു കാത്തിരുന്ന നൃത്തത്തിൽ പങ്കെടുക്കാൻ നിർബന്ധിക്കപ്പെടുന്ന സ്‌കൂൾ വിദ്യാർഥിനി. പരസ്യമായി അധോവായു തുറന്നുവിട്ട് അതൊരു സംഗീതപ്രകടനമായി അഭിമാനിക്കുന്ന വൃദ്ധരായ അമ്മാവന്മാർ... മരിച്ചുപോയ മരുമകളുടെ അടിയുടുപ്പുകൾവരെ അലക്കി ഇസ്തിരിയിട്ട് കീറിയഭാഗങ്ങൾ തുന്നിപ്പിടിപ്പിച്ച് അവളുടെ മൂത്തമകൾ വരുമ്പോൾ കാണിക്കാൻവേണ്ടി കാത്തിരിക്കുന്ന അമ്മായിമാർ... 

alice-munro-derek-sapton
ആലിസ് മൺറോ, Image Credit: Derek Sapton

പ്രായപൂർത്തിയായ മകൾക്ക് ഒരു ബോയ്ഫ്രണ്ടിനെ കിട്ടുവാൻവേണ്ടി പ്രാർഥിച്ചിരിക്കുന്ന അമ്മമാരും പേരക്കുട്ടികളെ പുറത്തേക്കു കളിക്കാൻ വിടാത്ത കർക്കശസ്വഭാവമുള്ള മുത്തശ്ശിമാരും. രോഗിയായ ഭാര്യയെ അനാഥയാക്കി രണ്ടാം വിവാഹത്തിനു നാടുവിടുന്ന ഭർത്താക്കന്മാർ... പെട്ടെന്ന് സമ്പന്നരാവാൻവേണ്ടി പൂർവികമായി കിട്ടിയ വയലുകൾ വിറ്റുതുലച്ച് പട്ടണത്തിൽ വാടകയ്ക്കു താമസിച്ച് പുതിയവരുമാന വഴികൾ സ്വപ്നം കാണുന്ന യുവാക്കൾ... കമ്പിളിവ്യവസായ കമ്പനികൾക്ക് രോമം വിൽക്കാൻ, രോമമൃഗങ്ങളെ വാങ്ങി, അവയ്ക്കു തീറ്റകൊടുക്കാൻ വയസ്സൻ കുതിരകളെ വാങ്ങി, അവയെ സമയംപോലെ വെടിവെച്ചുകൊന്നു വലിച്ചുകീറുന്ന കച്ചവടമനസ്ഥിതിക്കാർ... നാഗരികതയുടെ പേരിൽ കൂടുതൽ സൗകര്യങ്ങൾക്കുവേണ്ടി ഗ്രാമങ്ങളെ ഇടിച്ചുനിരത്തി നിസ്സഹായരായ വൃദ്ധഗ്രാമീണരെ പിഴുതെറിയുന്ന അഭ്യസ്തവിദ്യർ... 

വലിയ സുഖസൗകര്യങ്ങളുള്ള നാട്ടിൽ ആഡംബരജീവിതത്തിന്റെ കെട്ടുകാഴ്‌ചകൾ നാഗരികതയുടെ നിറവുകളായി കൊണ്ടാടുമ്പോൾ, സാധാരണക്കാരന്റെ ജീവിതവ്യഥകൾ വിഷയമായി സ്വീകരിച്ച് സ്ത്രീമനസ്സിന്റെ വിഹ്വലതകൾ പങ്കിടുന്ന ആലിസ് മൺറോയുടെ കഥകൾ നമ്മുടെ മാറിവരുന്ന ചരിത്രത്തിനും സംസ്‌കാരത്തിനും സമ്മാനിക്കുന്നത് പാരമ്പര്യത്തിന്റെ നേർമ്മയും നൈർമ്മല്യവും കലർന്ന പുതിയൊരു വെണ്മയും കുളിർമ്മയും ആണ്. നാട്ടിൻപുറം പശ്ചാത്തലമായിട്ടുള്ള പഴയൊരു ബ്ലാക് ആന്റ് വൈറ്റ് കുടുംബചിത്രം കാണുന്നപോലെ, പ്രണയവും മോഹഭംഗവും വിഷയമായിട്ടുള്ള പഴയൊരു ഭാവഗാനം കേൾക്കുന്നതുപോലെ, നിങ്ങൾക്ക് മറ്റൊരു ലോകത്തേക്കു പിറകോട്ടു തുഴയുവാൻ ഈ കഥകൾ പ്രയോജനപ്പെടും. നന്മയും തിന്മയും ഒരുപോലെ ഹൃദ്യമാവുന്ന ഓർമ്മപ്പാടങ്ങളിൽ നിങ്ങൾക്ക് സ്നേഹവും കാരുണ്യവും കൊയ്തെടുക്കാൻ കഴിയും.

alice-muro-book

സന്തുഷ്ട നിഴലുകളുടെ നൃത്തം (Dance of the Happy Shades) പ്രശസ്തകഥാസമാഹാരത്തിന്റെ പേരുവഹിക്കുന്ന കഥയെപ്പറ്റി രണ്ടു വാക്ക് :

വൃദ്ധയായ ഒരു പിയാനോ അധ്യാപികയുടെ കരളലിയിക്കുന്ന കഥയാണിത്. സാമ്പത്തികമായി തകർന്ന സാഹചര്യത്തിലും പഴയ പ്രശസ്‌തി നിലനിർത്താൻ വർഷംതോറും അവർ സംഗീതവിരുന്നുകൾ സംഘടിപ്പിക്കുന്നു. കാലത്തിന്റെ മാറ്റം മനസ്സിലാക്കാതെ സ്വയം ഒരു പരിഹാസ്യ കഥാപാത്രമാവുമ്പോൾ അവർ പഠിപ്പിച്ച ആരുടെയും ഓർമ്മയില്ലാത്ത ഒരു പഴയഗാനം അവതരിപ്പിക്കപ്പെടുന്നു. അതാണ് - "സന്തുഷ്‌ട നിഴലുകളുടെ നൃത്തം." പുസ്തകത്തിന്റെ തലക്കെട്ടു വഹിക്കുന്ന ഈ കഥ - ഒരു ഫ്രഞ്ച് സംഗീതശിൽപത്തിന്റെ പല്ലവിയാണ്. അതിന്റെ ഇംഗ്ലിഷ് തർജമ. ഈ ഗാനമാണ് ഒരു വിദ്യാർഥിനി വളരെ അലസമായി അവതരിപ്പിച്ചത്. വർത്തമാനകാലവുമായി ഒരു ബന്ധവുമില്ലാത്ത ഈ പാട്ടുകേട്ട് പുതിയ തലമുറയിലെ യുവതീയുവാക്കളുടെ മുമ്പിൽ അധ്യാപിക പരിഹാസ്യയാവുന്നതാണ് കഥയിലെ കനക്കുന്ന ഹൃദയം. താൻ ആസ്വദിക്കുമ്പോൾ തന്റെ പൂർവവിദ്യാർഥികൾ തന്നെ കളിയാക്കുകയാണെന്ന് അവർ അറിയുന്നില്ല.

വികാരത്തിന്റെ ഭാഷയിലും ഓർമ്മയുടെ താളത്തിലും എഴുതിയ മൺറോയുടെ കഥകളിലെ വാക്യഘടനകൾ പലപ്പോഴും ഷേക്‌സ്‌പിയർ നാടകങ്ങളിലെ പ്രഭാഷണങ്ങൾപോലെ സ്വാഭാവികവും സ്വതഃസിദ്ധവും വ്യാകരണത്തിന് അപ്പുറത്തേക്കുയരുന്നതുമാണ്. അതേ വികാരം സൃഷ്ടിക്കാനുള്ള പ്രയത്നത്തിൽ വിവർത്തകൻ എത്രമാത്രം വിജയിച്ചിട്ടുണ്ടെന്നു പറയാൻ പറ്റില്ല. മൂലകൃതിയിൽനിന്ന്  വിവർത്തകൻ വായിച്ചത് പത്തു ശതമാനം കുറവായിരിക്കും. അതു പകർത്തുമ്പോൾ വീണ്ടും പത്തുശതമാനം കുറഞ്ഞിരിക്കും. അതു വായനക്കാരിലെത്തുമ്പോൾ വീണ്ടും അത്രയെങ്കിലും കുറയും. വിവർത്തനത്തിലൂടെ നഷ്ട‌പ്പെടുന്ന മുപ്പത് ശതമാനം ഒരു ലോകസത്യമാണ്. ബാക്കിയെങ്കിലും വായനക്കാർക്കു കിട്ടുമെന്ന പ്രതീക്ഷയാണ് ഓരോ വിവർത്തകനും. 

നമ്മെ വിട്ടുപിരിഞ്ഞ പ്രശസ്തയായ നൊബേൽ ലോറെയ്റ്റും കനേഡിയൻ കഥാകൃത്തുമായ ആലിസ് മൺറോയുടെ ഓർമ്മയ്ക്കു മുമ്പിൽ പ്രാർഥനകളോടെ.

English Summary:

remembering Alice Munro

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com