ADVERTISEMENT

ഒരുപാട് ചെറിയ കാര്യങ്ങൾ ചേർന്ന വലിയ ഒരു സിനിമ; പേരു പോലെ തന്നെ പെരുമയുള്ള ‘പെരുമാനി’. സിനിമ തുടങ്ങി ആദ്യ അഞ്ചു മിനിറ്റിനുള്ളിൽ പെരുമാനിയുടെ ‘വിശേഷങ്ങളും വിശ്വാസങ്ങളും’ പറയുന്ന വിവരണത്തിലൂടെ തന്നെ കാഴ്ചക്കാർ പെരുമാനി ദേശത്തെത്തും. ഒരു കഥാപുസ്തകം പോലെ മനോഹരമാണ് പിന്നീടുള്ള സിനിമ. പെരുമാനിക്കാരുടെ ചായക്കടയും അവിടുത്തെ കല്യാണവും വരത്തന്മാരും അതുണ്ടാക്കുന്ന പ്രശ്നങ്ങളുമെല്ലാം അങ്ങനെ പ്രേക്ഷകരുടേതുമാവുകയാണ്. 

സണ്ണി വെയ്ൻ, ലുക്മാൻ അവറാൻ,  വിനയ് ഫോർട്ട്, നവാസ് വള്ളിക്കുന്ന്, ദീപ തോമസ്, രാധിക രാധാകൃഷ്ണന്‍ തുടങ്ങി നീണ്ട അഭിനേതാക്കളുടെ നിര തന്നെയുണ്ടായിട്ടും കഥയോ അഭിനയമോ ഒന്നും മുഴച്ചുനിന്നില്ല എന്നത് ‘കട്ടായം’ (സിനിമ കണ്ടു തീരുമ്പോൾ പെരുമാനിക്കാരുടെ ഭാഷയും ഇതുപോലെ പ്രേക്ഷകരുടെ ഉള്ളിൽ കയറും).  ഒരു കല്യാണവും അതിനെ ചുറ്റിപ്പറ്റിയുള്ള കാര്യങ്ങളും എന്ന് ഒറ്റ വരിയിൽ പറയാമെങ്കിലും അത്ര സിംപിളല്ല പെരുമാനിയുടെ പ്ലോട്ട്. ഓരോ കഥാപാത്രങ്ങളും ഓരോ കഥാസാഹചര്യങ്ങളും പറഞ്ഞുവയ്ക്കുന്നത് ചിരിക്കാനുള്ള കാര്യങ്ങള്‍ മാത്രമല്ല; വളരെ ഭംഗിയായി ചിന്തിക്കേണ്ട കാര്യങ്ങൾ കൂടിയാണ്. 

വിനയ് ഫോർട്ട് അവതരിപ്പിച്ച നാസർ എന്ന കഥാപാത്രമാണ് ചിരിക്കാനുള്ള വിഭവങ്ങളിലെ പ്രധാന ഐറ്റം. പെരുമാനി സ്പെഷൽ മീശയും മുടിയും പിന്നെ സ്വർണ്ണപ്പല്ലുമൊക്കെയായി സ്ക്രീനിൽ വിനയ് എത്തുമ്പോഴേ തിയറ്ററിൽ ചിരി നിറയുകയാണ്. നാസറിന്റെ സംശയരോഗവും ‘നീയല്ലേടാ ആണുമാൻ’ എന്ന ചോദ്യവുമെല്ലാം അത്യന്തം ആസ്വാദ്യകരമാണ്. എന്നാൽ, ആ കഥാപാത്രത്തെയോ കഥാപാത്രം മുന്നോട്ടു വയ്ക്കുന്ന ആശയങ്ങളെയോ സിനിമ മഹത്വവൽക്കരിക്കുന്നില്ല. അതു തന്നെയാണ് പെരുമാനിയുടെ കൃത്യതയുള്ള രാഷ്ട്രീയത്തിന്റെ ഭംഗി. ലുക്മാൻ അവറാന്റെ അബി എന്ന കഥാപാത്രത്തോടായിരിക്കും മാനസികമായി പ്രേക്ഷകർക്ക് അടുപ്പം തോന്നുക. കാരണം പെരുമാനിയിലേക്ക് വരുന്ന ഒരു കഥാപാത്രമാണ് അബി. രസകരമാരായ ഒരു കുട്ടിക്കാലമോ ജീവിതമോ ഒന്നും ഇല്ലാത്ത നിഷ്കളങ്കനായ ഒരു പാവം ചെറുപ്പക്കാരനെ വളരെ ഭംഗിയായി ലുക്മാൻ അവതരിപ്പിച്ചു. വിനയ്, ലുക്മാൻ കോംബോ ഗംഭീരമായി വർക്കൗട്ട് ആയിട്ടുണ്ട്. പ്രത്യേകിച്ചും കല്യാണത്തലേന്നുള്ള ഫൈറ്റ് സീനിൽ! 

പെർഫോം ചെയ്യാനുള്ള സപേസ് കൂടുതലുണ്ടായിരുന്നത് വിനയ് ചെയ്ത കഥാപാത്രത്തിനും നേരിട്ട് പ്രേക്ഷകനിലേക്ക് കണക്ടാകുന്നത് ലുക്മാന്റേതുമാണെന്ന് നിസംശയം പറയാം. എന്നാൽ സണ്ണി വെയ്ൻ അവതരിപ്പിച്ച മുജീബ് എന്ന കഥാപാത്രം ബാലന്‍സ്ഡ് ആയിട്ടുള്ള ശക്തമായ ഇമോഷനൽ ലെയറുകളുള്ള ഒരു ‘നേരുള്ള പെരുമാനി’ക്കാരന്റേതാണ്. സിനിമയുടെ ഒരു മൊത്തം സ്വഭാവത്തിൽ നിന്നു മാറി, ലൗഡ് ആയി ഒന്നും ചെയ്യാനില്ലാത്ത, എന്നാൽ സൂക്ഷ്മമായ ഭാവങ്ങളിലൂടെ തന്റെ കഥാപാത്രത്തെ മനോഹരമാക്കിയ പ്രകടനമായിരുന്നു സണ്ണിയുടേത്; തന്റെ സ്വപ്നങ്ങളും പ്രണയവുമെല്ലാം ഉള്ളിൽ ഒതുക്കി ജീവിക്കുന്ന, കുടുംബത്തിനും കൂട്ടുകാർക്കും മുൻഗണന കൊടുക്കുന്ന മുജീബ്. രാധികയുടെ കഥാപാത്രമായ റംലുവുമായുള്ള പ്രണയം ഒറ്റ സീനിൽ മിന്നിമായുന്നുണ്ട് മുജീബിന്റെ മുഖത്ത്. അതുപോലെ ‘ഇറച്ചിക്കലഹം’ സീനിലും പ്രേക്ഷകർക്ക് സണ്ണി വെയ്ൻ മാജിക് ഫീൽ ചെയ്യും. 

ദീപ തോമസ് ചെയ്ത ഫാത്തിമയും രാധികയുടെ റംലുവുമെല്ലാം ‘പെരുമാനി’യുടെ മൊഞ്ചുള്ള പ്രധാന സ്ത്രീ കഥാപാത്രങ്ങളാണ്. ഇവരുടെ കഥാപാത്രങ്ങളിലൂടെ പറഞ്ഞു പോകുന്നത് ചിരിപ്പിക്കുന്ന കാര്യങ്ങൾ മാത്രമല്ല, ചിന്തിപ്പിക്കുന്ന കാര്യങ്ങൾ കൂടിയാണ്. ‘വേണ്ട’ എന്നു പറയാനുള്ള സ്ത്രീകളുടെ ബുദ്ധിമുട്ടുകൾ പ്രേക്ഷകന് കണക്ട് ആകുന്ന തരത്തിൽ തന്നെ സിനിമയിൽ പ്രതിപാദിക്കുന്നുണ്ട്. ‘അബിയുടെ ഉമ്മമാർ’ എന്ന കൺസപ്റ്റും എന്തൊരു മനോഹരമാണ്! മൊത്തത്തിൽ ചെറുതും വലുതുമായ എല്ലാ കഥാപാത്രങ്ങളും അവർക്കു ലഭിച്ച വേഷങ്ങൾ ഭംഗിയാക്കിയിട്ടുണ്ട്. പല കാര്യങ്ങൾ കാണുമ്പോഴും നമ്മൾ ഇതു കണ്ടിട്ടുണ്ടല്ലോ, നമ്മളും ഇതു ചെയ്തിട്ടുണ്ടല്ലോ, ഇങ്ങനെ ചിന്തിച്ചിട്ടുണ്ടല്ലോ എന്നൊക്കെ തോന്നുന്ന കഥാപരിസരങ്ങൾ പെരുമാനിയുടെ പോസിറ്റീവാണ്. വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും ‘ഭായിയും’ ഇല്ലാതെ പെരുമാനിയില്ല. 

സിനിമയിലെ പാട്ടുകളും പശ്ചാത്തലസംഗീതവും നിർവഹിച്ചിരിക്കുന്നത് ഗോപി സുന്ദറാണ്. പെരുമാനിയിൽ പ്രേക്ഷകരെ കൊരുത്തിടുന്നതിൽ ഗോപി സുന്ദറിന്റെ സംഗീതം വിജയിച്ചിട്ടുണ്ട്. പറയാതെ പറയുന്ന മലബാറിന്റെ പശ്ചാത്തലവും മുസ്ലിം കൾച്ചറുമെല്ലാം പാട്ടുകളിൽ പ്രതിഫലിച്ചിട്ടുണ്ട്. 

പെരുമാനി എന്ന സാങ്കൽപിക ദേശത്തിന്റെ കാഴ്ചകളിൽ പ്രധാനമാണ് അവിടെയുള്ളവരുടെ ഉടുപ്പുകളും വേഷവിധാനങ്ങളും. എല്ലാ ഉടുപ്പുകളും 'പെരുമാനി സ്പെഷൽ' ആണ്. പുറത്തു നിന്നു വന്നതുകൊണ്ട് ലുക്മാന്റെ കഥാപാത്രത്തിന്റെ കോസ്റ്റ്യൂം മാത്രം വ്യത്യാസപ്പെട്ടിരിക്കുന്നതും സിനിമയുടെ വല്ലാത്തൊരു ഭംഗിയാണ്. അതുപോലെ ക്യാമറ ആംഗിളുകളിലും ഫ്രേമുകളിലെല്ലാം മലയാളി കണ്ടു ശീലിക്കാത്ത ഒരു പെരുമാനിച്ചന്തം ഒളിപ്പിച്ചിട്ടുണ്ട്. ഒരു ദേശം ഉണ്ടാക്കുന്നതിലും അവിടെ റിയലിസ്റ്റിക്കായ കഥാപാത്രങ്ങളും കഥാസാഹചര്യങ്ങളും ഉണ്ടാക്കുന്നതിലും മജു എന്ന സംവിധായകൻ വളരെ ഭംഗിയായി വിജയിച്ചു. ചുരുക്കത്തിൽ, നല്ലോണം വെന്ത പെരുമാനിക്കാരുടെ പത്തിരീം ഇറച്ചീം പോലെ രുചികരമാണ് ഈ സിനിമയും!

English Summary:

Perumani Movie Review

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com