ADVERTISEMENT

കല്യാണ മേളം തുടങ്ങി, കെ ഫോർ കല്യാണ പാട്ടുമായി ‘ഗുരുവായൂര്‍ അമ്പലനടയില്‍’ ബേസിൽ ജോസഫ്, പൃഥ്വിരാജ് സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ‘ഗുരുവായൂര്‍ അമ്പലനടയില്‍’ എന്ന ചിത്രത്തിലെ വിഡിയോ ഗാനം പുറത്തിറങ്ങി. ‘കെ ഫോർ കല്യാണം’ എന്ന പേരിൽ പുറത്തിറങ്ങിയ പാട്ടിന് സുഹൈൽ കോയ ആണ് വരികൾ കുറിച്ചിരിക്കുന്നത്. അങ്കിത് മേനോൻ ഈണമൊരുക്കി‌യ ഗാനം അങ്കിത്, മിലൻ ജോയ്, ഹിംന ഹിലരി, അരുണ മേരി ജോർജ്, ഇന്ദു ദീപു, ശരത്, നീലിമ.പി.ആര്യൻ, പാർവതിഷ് പ്രദീപ് എന്നിവർ ചേർന്ന് ആലപിച്ചിരിക്കുന്നു. 

‘കെ ഫോർ കല്യാണം’ ഇതിനകം പ്രേക്ഷകഹൃദയങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു. മികച്ച പ്രതികരണങ്ങളോടെ പാട്ട് ട്രെൻഡിങ്ങിലും മുൻനിരയിലുണ്ട്. വിവാഹാഘോഷത്തിന്റെ വർണക്കാഴ്ചകളാണ് ഗാനരംഗത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ചടുലമായ ഈണവും പ്രാസമുള്ള വരികളും നൃത്തച്ചുവടുകളുമെല്ലാം പാട്ടിനെ സമ്പന്നമാക്കുന്നു. ഒരു വിവാഹത്തിനിടെയുള്ള രസകരമായ സംഭവങ്ങൾ കോർത്തിണക്കിയൊരുങ്ങുന്ന ചിത്രമാണ് ‘ഗുരുവായൂരമ്പല നടയിൽ’. ഒരിടവേളയ്ക്കു ശേഷം മുഴുനീള കോമഡി വേഷത്തിൽ പൃഥ്വിരാജ് എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പൃഥ്വിരാജ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇഫോർ എന്റർടെയ്ൻമെന്റിന്‍റെ ബാനറിൽ മുകേഷ് ആർ.മേത്ത, സി.വി.സാരഥി എന്നിവർ ചേർന്നാണു ചിത്രത്തിന്റെ നിർമാണം. 

‘കുഞ്ഞിരാമായണ’ത്തിനു ശേഷം ദീപു പ്രദീപ് രചന നിർവഹിക്കുന്ന ചിത്രമാണ് ‘ഗുരുവായൂരമ്പല നടയിൽ. തമിഴ് നടൻ യോഗി ബാബുവും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. നിഖില വിമൽ, അനശ്വര രാജൻ, ജഗദീഷ്, രേഖ, ഇർഷാദ്, സിജു സണ്ണി, സഫ്‌വാൻ, കുഞ്ഞികൃഷ്ണൻ മാസ്റ്റർ, കെ.യു.മനോജ്‌ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. നീരജ് രവി ഛായാഗ്രഹണവും ജോൺ കുട്ടി എഡിറ്റിങ്ങും നിർവഹിക്കുന്നു. ചിത്രം മേയ് 16ന് പ്രദർശനത്തിനെത്തും. 

English Summary:

K For Kalyanam Song from the movie Guruvayoorambala Nadayil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com