ADVERTISEMENT

അടിക്കടി രൂപപ്പെടുന്ന ഉഷ്ണതരംഗവും ചുഴലിക്കാറ്റുകളും കടലിന്റെ ആവാസവ്യവസ്ഥ തകിടം മറിച്ചെന്നു പഠനങ്ങൾ. ചൂട് അസഹനീയമാകുമ്പോൾ ഉപരിതല മത്സ്യങ്ങളായ അയലയും മത്തിയുമെല്ലാം താഴ്നിരപ്പിലേക്കു നീങ്ങുകയോ പ്രദേശം വിട്ടുപോകുകയോ ചെയ്യുന്നു. ഡിസംബറിലെ ചൂര സീസൺ, ജനുവരിയിലെ ചാള സീസൺ, വേളാവ്, പാര, കണവ കൊയ്ത്ത് എന്നിവ ഇത്തവണ തീരെ കുറഞ്ഞു.  

ഇന്ത്യൻ മഹാസമുദ്രം ചരിത്രത്തിലെ ഏറ്റവും ഉയർന്ന താപനിലയിലൂടെയാണ് കടന്നുപോകുന്നതെന്ന് ഇന്റർ ഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് േചഞ്ചി(ഐപിസിസി)ന്റെ 2022ലെ റിപ്പോർട്ട് മുന്നറിയിപ്പു നൽകുന്നു. ഈ നില തുടർന്നാൽ 2050 ആകുമ്പോഴേക്കും വർഷം 200– 250 ദിവസവും ഉഷ്ണതരംഗങ്ങളുള്ള അതീവ ഗുരുതരസ്ഥിതിയാകുമെന്നാണ് ആശങ്ക. അങ്ങനെയെങ്കിൽ മത്സ്യസമ്പത്തിന്റെ കൂട്ടനാശമുണ്ടാകും. സെൻട്രൽ മറൈൻ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് (സിഎംഎഫ്ആർഐ) 68 മത്സ്യഇനങ്ങളെ കേന്ദ്രീകരിച്ചു നടത്തിയ പഠനത്തിൽ 69 ശതമാനവും വംശനാശം നേരിടുന്നെന്നു കണ്ടെത്തി. 

2023ൽ മാത്രം 8 ചുഴലിക്കാറ്റുകൾക്ക് ഇന്ത്യൻ മഹാസമുദ്രം സാക്ഷ്യം വഹിച്ചു. സൂനാമിത്തിരകൾ കടലിന്റെ ആവാസവ്യവസ്ഥ തകിടം മറിച്ചതിനു പിന്നാലെയാണ് ഓഖിക്കു തുല്യമായ ഈ ചുഴലിക്കാറ്റുകൾ. മത്സ്യങ്ങൾക്കു തീറ്റയാകുന്ന പ്ലവകങ്ങൾക്കു (സൂക്ഷ്മസസ്യങ്ങൾ) കടൽ തിളയ്ക്കുമ്പോഴുണ്ടാകുന്ന വംശനാശവും മത്സ്യോൽപാദനത്തെ ബാധിക്കുന്നതായി സെൻട്രൽ മറൈൻ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് മുൻ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. സുനിൽ മുഹമ്മദ് ചൂണ്ടിക്കാട്ടുന്നു. മീൻകുഞ്ഞുങ്ങൾ‌ക്കു വളരാൻ പ്ലവകങ്ങൾ വേണം. മൺസൂൺകാലത്ത് തണുത്തവെള്ളം മുകളിലോട്ടു വരുമ്പോൾ ധാതുക്കളുടെ സാന്നിധ്യം മൂലം പ്ലവകങ്ങൾ ധാരാളം ഉണ്ടാകുന്നതുകൊണ്ടാണ് ആ സീസണിൽ അയലയും ചാളയുമൊക്കെ പെരുകുന്നത്. 

യാനങ്ങൾക്ക് കരയിൽ വിശ്രമം

6600ൽ ഏറെ ബോട്ടുകളും എൻജിൻ ഘടിപ്പിച്ച 34000 വള്ളങ്ങളും 3200ൽ ഏറെ പരമ്പരാഗത വള്ളങ്ങളും കേരള തീരത്തുനിന്നു  മീൻപിടിക്കാൻ പോകുന്നെന്നാണ് കണക്ക്. മീൻ കിട്ടാതായതോടെ ഇവയിൽ നല്ലൊരു പങ്കും കരയിലുണ്ട്. ബോട്ടുകളിലെ ഇതര സംസ്ഥാന തൊഴിലാളികൾ മറ്റു ജോലികളിലേക്കു തിരിഞ്ഞു. മത്സ്യസംസ്കരണ യൂണിറ്റുകൾ അടച്ചുപൂട്ടലിന്റെ വക്കിൽ. ആലപ്പുഴയിലെ അരൂരിൽ മാത്രം ഈ സീസണിൽ നാലു യൂണിറ്റുകൾ ലേ ഓഫ് പ്രഖ്യാപിച്ചു. 

‘കഴിഞ്ഞ ദിവസം വള്ളത്തിൽ ഞങ്ങൾ മൂന്നു പേർ കടലിൽ പോയി. പിറ്റേന്നു പുലർച്ചെ വരെ വലയിട്ടിട്ടും കിട്ടിയതു പത്തോ ഇരുപതോ അയല, അഞ്ചോ ആറോ ചെറിയ ചൂര, അൽപം നത്തോലി. വിറ്റപ്പോൾ കിട്ടിയത് 900 രൂപ ! 30 ലീറ്റർ മണ്ണെണ്ണ, 5 ലീറ്റർ പെട്രോൾ, വെള്ളം തുടങ്ങിയവയ്ക്കായി 4300 രൂപയോളം ചെലവ്. മൂന്നു ദിവസം അടുപ്പിച്ചു കടലിൽ പോയപ്പോൾ 11000 രൂപയുടെ കടക്കാരനായി.’– കൊല്ലം പള്ളിത്തോട്ടത്തെ സ്റ്റീഫൻ സെബാസ്റ്റ്യൻ പറയുന്നു.  

350 വള്ളക്കാരുള്ള കോഴിക്കോട് ബേപ്പൂർ ചാലിയം ഫിഷ് ലാൻഡിങ് സെന്ററിൽനിന്നു വിരലിലെണ്ണാവുന്നവരേ കടലിൽ പോകുന്നുള്ളൂ. വെറും കയ്യോടെ തിരിച്ചുവന്നാൽ വീട്ടിൽ അടുപ്പു പുകയില്ലെന്നു പരമ്പരാഗത മത്സ്യത്തൊഴിലാളി സംരക്ഷണ സമിതി പ്രസിഡന്റ് സതീശൻ കുരിയാടി പറയുന്നു. 

ചൂടു കൂടിയപ്പോൾ കായലിലും മീൻ അടിത്തട്ടിലേക്കു പോയി. വലയിട്ടാലൊന്നും കിട്ടില്ല. കരിമീനും കണമ്പും പ്രാച്ചിയും കൊഞ്ചുമൊന്നും കിട്ടാനില്ല. കടലിൽ കാണപ്പെടുന്ന ജെല്ലി ഫിഷ് (കടൽച്ചൊറി) കായലിലും വ്യാപകം. വലയിട്ടാൽ 500 രൂപയുടെ മീൻ പോലും കിട്ടുന്നില്ല’– അഷ്ടമുടിക്കായലിൽ മീൻ പിടിക്കുന്ന കൊല്ലം കിഴക്കേകല്ലട സ്വദേശി ആബേൽ പറയുന്നു. 

മീൻ മണമില്ലാത്ത ചൗക്കകൾ

വിഴിഞ്ഞം തുറമുഖത്തിനടുത്ത് മീൻ ലേലം ചെയ്യുന്ന ചൗക്കകളെല്ലാം ഒഴിഞ്ഞുകിടക്കുന്നു. 24 മണിക്കൂറും ‘നല്ല പിടയ്ക്കണ’ മീൻ എത്തിയിരുന്ന ഇടമാണ്.  

‘ജീവിതത്തിൽ അപൂർവമായേ ചൗക്ക ആളൊഴിഞ്ഞു കണ്ടിട്ടുള്ളൂ. ഇപ്പോൾ അതൊരു പതിവുകാഴ്ചയായി. ഉള്ളു പിടയുന്നു‌’ മത്സ്യത്തൊഴിലാളിയും മത്സ്യലേലക്കാരനുമായ എഫ്.അരുൾദാസ് പറയുന്നു. ‘മുൻപെങ്ങുമില്ലാത്ത വിധം കടലിൽ ചൂട് കൂടി. തിരമാല ആഞ്ഞുപൊങ്ങി തീരം മുഴുക്കെ കയ്യേറുകയാണ്. വെള്ളം ഇറങ്ങിപ്പോകാൻ മൂന്നു ദിവസമെങ്കിലും എടുക്കും. തുറക്കാർക്കു പണിക്കു പോകാൻ പറ്റില്ല. വീട്ടാവശ്യങ്ങൾ നടത്താനാവുന്നില്ല. പിള്ളേരുടെ പഠനകാര്യങ്ങളുണ്ട്. ബാങ്ക് വായ്പയുണ്ട്്. ’– അരുൾദാസിന്റെ വാക്കുകൾക്കു കടലോളം ചൂട്. 

മീൻ കുറഞ്ഞതോടെ ദിവസം 100 രൂപ പോലും വരുമാനം ലഭിക്കുന്നില്ലെന്ന് ആലപ്പുഴ തോട്ടപ്പള്ളിയിലെ ചെമ്മീൻ പീലിങ് തൊഴിലാളി ബീന സുരേഷ്. കൂടിയാൽ മൂന്നു കുട്ട ചെമ്മീനാകും പൊളിക്കാൻ ലഭിക്കുക. ഒരു കുട്ടയ്ക്ക് 28 രൂപ കൂലി.  

കടലിലൊഴുകുന്ന ലക്ഷങ്ങൾ

കൊച്ചി മുനമ്പത്തെ ബോട്ടുടമ പി.പി.ഗിരീഷ് പറയുന്നതു കേൾക്കൂ: കടലിൽനിന്ന് 13–ാം ദിവസം ആ ബോട്ട് തിരിച്ചെത്തി. ആകെ 14 തൊഴിലാളികൾ. ഒരാൾക്കു പ്രതിദിന ബാറ്റ 500 രൂപ. ഈ ഇനത്തിൽ ചെലവ് 81,000 രൂപ. ഭക്ഷണച്ചെലവ് 19,000 രൂപ. ഐസിന് 45,000 രൂപ. 4500 ലീറ്റർ ഡീസൽ അടിച്ചതിന് ഏകദേശം നാലര ലക്ഷം രൂപ. വലയുടെ അറ്റകുറ്റപ്പണികൾക്ക് 12,000 രൂപ. കിട്ടിയത് മൂന്നര ലക്ഷം രൂപയുടെ മീൻ. നഷ്ടം 3 ലക്ഷം രൂപ ! 

കണക്കിലുണ്ട്

ഔദ്യോഗിക കണക്കുപ്രകാരം സംസ്ഥാനത്ത് സമുദ്ര– ഉൾനാടൻ മത്സ്യോൽപാദനത്തിൽ മുൻവർഷങ്ങളിൽ വർധനയുണ്ടെങ്കിലും 2024ൽ ഇടിവാണെന്നു ഫിഷറീസ് വകുപ്പ് അധികൃതർ. മറ്റു സംസ്ഥാനങ്ങളിൽനിന്നു വൻതോതിൽ മീൻ കൊണ്ടുവന്ന് സംസ്കരിച്ചു കയറ്റുമതി ചെയ്യുന്നതിനാൽ കയറ്റുമതിക്കണക്കിൽ കുറവില്ല. 2023–24ലെ കണക്ക് വന്നിട്ടുമില്ല.

മത്സ്യോൽപാദനം കേരളത്തിൽ (ടണ്ണിൽ)

വർഷം ആകെ

2019–20 680798

2020–21 616178

2021–22 826230

2022–23 921000

കേരളത്തിൽ നിന്നുള്ള മത്സ്യകയറ്റുമതി

2019–20 163563 ടൺ (5672.27 കോടി രൂപ)

2020–21 157698 ടൺ (5623.12 കോടി രൂപ)

2021–22 182430 ടൺ (6971.56 കോടി രൂപ)

2022–23   218629 ടൺ (8285.03 കോടി രൂപ)

‌മണ്ണെണ്ണ സബ്സിഡി എവിടെപ്പോയി?

പരമ്പരാഗത മീൻപിടിത്ത യാനങ്ങൾക്കു സംസ്ഥാനത്തു സിവിൽ സപ്ലൈസ് വഴിയുള്ള സബ്സിഡി മണ്ണെണ്ണ, കേന്ദ്ര സർക്കാർ വിഹിതം തരുന്നില്ലെന്ന പേരിൽ നിഷേധിച്ചിട്ടു നാളേറെയായി. മത്സ്യഫെഡ് വഴി നിശ്ചിത അളവിൽ മണ്ണെണ്ണ സബ്സിഡി നിരക്കിൽ നൽകുന്നു. സബ്സിഡി മാസങ്ങളായി കുടിശികയാണെന്നു മത്സ്യത്തൊഴിലാളികൾ. കരിഞ്ചന്തയെ ആശ്രയിക്കുകയേ വഴിയുള്ളൂ. മണ്ണെണ്ണ വിലയാകട്ടെ മൂന്നു വർഷംകൊണ്ട് 23ൽനിന്ന് 100 രൂപ കടന്നു

ജാക്സൺ പൊള്ളയിൽ
ജാക്സൺ പൊള്ളയിൽ

കടൽവെള്ളം തിളച്ചുകിടക്കുന്നതു മത്സ്യങ്ങളുടെ പ്രജനനത്തെ വരെ ബാധിക്കുന്നു. മത്തി, അയല, നത്തോലി (കൊഴുവ) തുടങ്ങിയവ കിട്ടാനില്ല. ഉഷ്ണതരംഗം തുടർന്നാൽ കേരളതീരത്ത് അവ പൂർണമായും ഇല്ലാതാകും. ചെമ്മീൻചാകര പേരിനേയുള്ളൂ. സൂനാമിയോടെ തീരക്കടലിലെ സ്വാഭാവിക പാരുകൾ (പാറക്കൂട്ടങ്ങളും മറ്റും ചേർന്ന ആവാസവ്യവസ്ഥ) ഇല്ലാതായതും മത്സ്യസമ്പത്തിനെ ബാധിച്ചു. കള്ളക്കടൽ പ്രതിഭാസത്തോടെ തിരമാലകളുടെ സ്വഭാവമാകെ മാറി.

ജാക്സൺ പൊള്ളയിൽ, (പ്രസിഡന്റ്, കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ)

ജോസഫ് സേവ്യർ കളപ്പുരയ്ക്കൽ
ജോസഫ് സേവ്യർ കളപ്പുരയ്ക്കൽ

മീൻലഭ്യതയിൽ  80 ശതമാനത്തോളം കുറവുണ്ട്. തീരക്കടലിൽനിന്നു കിട്ടിയിരുന്ന മിക്ക മീനും ഇപ്പോഴില്ല. യന്ത്രവത്കൃത ബോട്ടുകൾ 70–80 ശതമാനവും കടലിൽ പോകുന്നില്ല. 20 ശതമാനത്തോളം പൊളിച്ചു വിറ്റു. കൊടുംചൂട് തുടർന്നാൽ കൊടുങ്കാറ്റുകൾ ആവർത്തിക്കും, മേഖലയിൽ അരക്ഷിതാവസ്ഥ രൂക്ഷമാകും. 

ജോസഫ് സേവ്യർ കളപ്പുരയ്ക്കൽ ( ജനറൽ സെക്രട്ടറി, ഓൾ കേരള ഫിഷിങ് ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ)

എം.ആർ.പ്രേമചന്ദ്ര ഭട്ട്
എം.ആർ.പ്രേമചന്ദ്ര ഭട്ട്

കഴിഞ്ഞ ഒക്ടോബറിനുശേഷം മത്സ്യകയറ്റുമതിയിൽ 20 ശതമാനത്തോളം കുറവുണ്ട്. കൊച്ചിയിൽ ആഴ്ചയിൽ മൂന്നും നാലും കപ്പലുകൾ വന്നിടത്ത് ഇപ്പോൾ 10 ദിവസം കൂടുമ്പോൾ ഒരെണ്ണം വന്നാലായി. അമേരിക്കയിലും യൂറോപ്പിലുമൊക്കെ ഡിമാൻഡ് കുറഞ്ഞതും പ്രതിസന്ധി ഇരട്ടിയാക്കുന്നു.

എം.ആർ.പ്രേമചന്ദ്ര ഭട്ട് (പ്രസിഡന്റ്, എക്സ്പോർട്ടേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ, കേരള റീജൻ)

കേരളത്തിലെ മത്സ്യഗ്രാമങ്ങൾ: 335 (കടലോരം: 222, ഉൾനാടൻ: 113)

മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ജനസംഖ്യ: 10,60,078

നാളെ: നടുവൊടിഞ്ഞ് നിർമാണമേഖല

English Summary:

Heat wave and cyclones changes the Marine ecosystem

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com