ADVERTISEMENT

മ‌ച്ചേൽ (തിരുവനന്തപുരം) ∙ ‘കുഞ്ഞൻ’ ഓടിക്കളിച്ച ‘വേണിയത്തുവീടി’ന്റെ മുറ്റവും പൂമുഖവുമെല്ലാം കാടു പിടിച്ച നിലയിലാണ്. ഇടയ്ക്കു ചില തീർഥാടകരെത്തും. ഗേറ്റിനു മുന്നിൽ നിന്ന് അൽപനേരം തൊഴുതു പ്രാർഥിച്ചു മടങ്ങും. സമാധി ശതാബ്ദി വർഷത്തിലും മലയിൻകീഴ് മച്ചേലിലുള്ള ചട്ടമ്പിസ്വാമിയുടെ തറവാടു വീട് സംരക്ഷിക്കാൻ നടപടികളില്ല. സംരക്ഷിത സ്മാരകമാക്കാനുള്ള പദ്ധതിക്കു സർക്കാർ 67 ലക്ഷം രൂപ അനുവദിച്ചെങ്കിലും മുറ്റത്തെ പുല്ലു പോലും പറിച്ചു നീക്കിയിട്ടില്ല.

5 മുതൽ 8 വയസ്സു വരെയുള്ള കാലം സ്വാമി കഴി‍ഞ്ഞ വേണിയത്തുവീട്  മാതൃഭവനമാണ്.  ഇപ്പോൾ നാശത്തിന്റെ വക്കിലാണ്. തൊടിയിൽ കാവും കുളവും പൂർവികരുടെ അസ്ഥിത്തറയുടെ ഭാഗങ്ങളുമുണ്ട്. ‘കുഞ്ഞൻ’ എന്ന ചെല്ലപ്പേരിലാണു സ്വാമിയെ ചെറുപ്പത്തിൽ വേണ്ടപ്പെട്ടവരെല്ലാം വിളിച്ചിരുന്നതെന്നു ചരിത്രകാരനായ എം.ജി.ശശിഭൂഷൺ പറയുന്നു. ‘അയ്യപ്പൻ ’ എന്നും വിളിച്ചിരുന്നു. കണ്ണമ്മൂലയിലെ പിതൃഭവനത്തിൽ എത്തുന്നതു വരെ സ്വാമി ഇവിടെയാണു കഴിഞ്ഞത്.

‘കുഞ്ഞൻസ്വാമി’യുടെ വിശേഷങ്ങൾ മച്ചേലിലെ പ്രായം ചെന്ന തലമുറയ്ക്കു പൂർവികർ പറഞ്ഞത് ഓർമയുണ്ട്. അതിലൊരാളാണ് മാതൃ ഗൃഹത്തിന്റെ അയൽക്കാരനായ 88 പിന്നിട്ട അപ്പുക്കുട്ടൻ നായർ. ‘കാഷായത്തിലല്ല വെളുത്ത വസ്ത്രത്തിലാണു സ്വാമിയെ കണ്ടിട്ടുള്ളതെന്ന് മുത്തച്ഛൻ പറഞ്ഞിട്ടുണ്ട് . സ്വാമിയുടെ അച്ഛൻ മലയിൻകീഴ് ക്ഷേത്രത്തിലെ ശാന്തിക്കാരനായിരുന്നു. അതുകൊണ്ട് പൂജയും ജപവുമൊക്കെ കുട്ടിക്കാലത്ത് അനുഷ്ഠിച്ചിരുന്നു. ഓല പഠിച്ച് അക്ഷരങ്ങളും ഹൃദിസ്ഥമാക്കിയിരുന്നു.

വീടു സ്മാരകമാക്കാൻ 20 വർഷമായി അധികാരികൾ വന്നും പോയും ഇരിക്കുന്നു’– അപ്പുക്കുട്ടൻ നായരുടെ വാക്കുകൾ. ചട്ടമ്പിസ്വാമിയുടെ നാലാം തലമുറയിൽപ്പെട്ടവർക്കാണു വീടിന്റെ ഉടമസ്ഥാവകാശം. സ്മാരകത്തിനായി 9.58 ആർ ഭൂമിയും വീടും വിട്ടുനൽകാൻ അവർ തയാറായിട്ടുണ്ട്. ഭൂമിയും വീടും ഏറ്റെടുക്കുന്നതിനാണു സർക്കാർ പണം അനുവദിച്ചത്. കേരളത്തിന്റെ നവോത്ഥാന ധാരയ്ക്കു കരുത്തേകിയ ചട്ടമ്പിസ്വാമിയുടെ ജീവചരിത്രം വരും തലമുറകൾക്ക് പഠിക്കാൻ കഴിയുന്ന തരത്തിൽ പഠനകേന്ദ്രം, സ്മാരകം എന്നിവയാണ് സർക്കാർ വിഭാവനം ചെയ്തിരിക്കുന്നത്.

English Summary:

No action to protect Chattambiswamy's home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com