ADVERTISEMENT

തിരുവനന്തപുരം∙ എം.എം.ഹസന്റെ അസാന്നിധ്യത്തിൽ പരിഭവിച്ചും പാർട്ടി പറഞ്ഞാൽ ഏതു കസേരയും വിട്ടുകൊടുക്കുമെന്നു പ്രഖ്യാപിച്ചും കെ.സുധാകരൻ എംപി വീണ്ടും കെപിസിസി പ്രസിഡന്റിന്റെ ചുമതലയേറ്റെടുത്തു. സാന്നിധ്യം ആവശ്യമില്ലെന്നു ഹസനു തോന്നിയതുകൊണ്ടാകും വരാതിരുന്നതെന്നു പറഞ്ഞ സുധാകരൻ, സാന്നിധ്യം താൻ ആഗ്രഹിച്ചിരുന്നുവെന്നു വ്യക്തമാക്കി.

ഹസൻ കൂടിയാലോചനയില്ലാതെയെടുത്ത തീരുമാനങ്ങളിലെ പരാതികൾ പരിശോധിക്കും. അതേസമയം, ആക്ടിങ് പ്രസിഡന്റ് എന്ന നിലയിൽ ഹസന്റെ പ്രവർത്തനം തൃപ്തികരമായിരുന്നുവെന്നും സുധാകരൻ പറഞ്ഞു. കോൺഗ്രസ് പ്രവർത്തകസമിതിയംഗം എ.കെ.ആന്റണിയെ വീട്ടിലെത്തി കണ്ടശേഷമാണു കെപിസിസി ഓഫിസിലെ മിനിറ്റ്സ് ബുക്കിൽ ഒപ്പിട്ടു സുധാകരൻ വീണ്ടും ചുമതലയേറ്റത്. 

പ്രവർത്തകർ മുദ്രാവാക്യവും സ്വീകരണവുമായി സുധാകരന്റെ തിരിച്ചുവരവ് ആഘോഷിച്ചെങ്കിലും തിരഞ്ഞെടുപ്പു ഘട്ടത്തിൽ കെപിസിസി ഓഫിസിൽ സജീവമായിരുന്ന പ്രധാന നേതാക്കളാരും എത്തിയില്ല. പരിഭവം സുധാകരൻ മറച്ചുവച്ചില്ല. സീനിയർ നേതാക്കളുണ്ടാകണമെന്നു താൻ ആഗ്രഹിച്ചിരുന്നു. താൻ വീണ്ടും ചുമതലയേറ്റതു തനിക്കു ചെറിയ സംഭവമാണ്. ചെറുതേത്, വലുതേത് എന്ന് അവരാണല്ലോ തീരുമാനിക്കേണ്ടത്. പ്രതിപക്ഷ നേതാവ് വരാത്തതിനെക്കുറിച്ചു ചോദിച്ചപ്പോൾ, അദ്ദേഹം ബഹുമുഖ വൈഭവമുള്ളയാളാണെന്നും തിരക്കിലാണെന്നും മറുപടി. 

ചുമതലയേറ്റെടുക്കാൻ വൈകിയിട്ടില്ല. അഭ്യൂഹവും അനിശ്ചിതത്വവും താൻ ഉണ്ടാക്കിയിട്ടില്ല. മാറിനിന്ന സമയത്തു വലിച്ചിടാൻ ശ്രമമുണ്ടായോ എന്ന ചോദ്യത്തിന്, ‘നിങ്ങൾക്ക് ഇപ്പോഴും എന്നെ തിരിഞ്ഞിട്ടില്ലേ’ എന്നു മറുചോദ്യം. തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് നൽകി പറഞ്ഞുവിടാൻ പറ്റുന്നയാളല്ല താനെന്ന് എല്ലാവർക്കുമറിയാം. സ്ഥാനാർഥിത്വം വഹിക്കുകയും മറ്റു സ്ഥാനാർഥികളുടെ മത്സരം നിരീക്ഷിക്കുകയും ചെയ്യേണ്ട ചുമതല ഒരുമിച്ചു നോക്കാൻ പറ്റാത്തതിനാലാണു താൻ മാറിനിന്നത്.

ഉപാധിയില്ലാതെയാണു തിരിച്ചുവരവ്. എന്നാൽ പിന്നീട് തന്നെ മാറ്റണമെന്ന് എഐസിസിക്കു തോന്നിയാൽ അതിനു കഴിയും. പാർട്ടി ഭരണഘടന അങ്ങനെയാണ്. കണ്ണൂരിൽ വിജയിച്ചാൽ രണ്ടു സ്ഥാനവും ഒരുമിച്ചുകൊണ്ടുപോകണമോ എന്നതു ചർച്ച നടത്തി തീരുമാനിക്കും. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി മറ്റാരെങ്കിലും പാർട്ടിയെ നയിക്കണമെന്നു ഹൈക്കമാൻഡ് തീരുമാനിച്ചാൽ താൻ അംഗീകരിക്കും. സിയുസി രൂപീകരണം തുടരാൻ എ.കെ.ആന്റണി നിർദേശിച്ചതായി സുധാകരൻ പറഞ്ഞു. 

രാഷ്ട്രീയകാര്യ സമിതിയംഗം എം.ലിജു, കെപിസിസി വൈസ് പ്രസിഡന്റ് എൻ.ശക്തൻ, ജനറൽ സെക്രട്ടറിമാരായ ജി.എസ്.ബാബു, ജി.സുബോധൻ, ആലിപ്പറ്റ ജമീല, കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് തുടങ്ങിയവർ ഇന്ദിരാഭവനിലെത്തിയിരുന്നു. അസാന്നിധ്യത്തെക്കുറിച്ച് എം.എം.ഹസൻ പ്രതികരിച്ചില്ല.

കസേരയുടെ സ്ഥാനം മാറി

പ്രസിഡന്റ് മാറിയപ്പോൾ മുറിയിലെ കസേരയുടെ സ്ഥാനം മാറി. സുധാകരൻ പ്രസിഡന്റായിരിക്കെ കസേര ഇട്ടിരുന്ന ദിശ മാറ്റിയാണ്, എം.എം.ഹസൻ പ്രസിഡന്റിന്റെ കസേര ക്രമീകരിച്ചിരുന്നത്. ഇക്കാര്യം ചുമതലയേറ്റെടുക്കാനെത്തിയ സുധാകരന്റെ കണ്ണിലുടക്കി. ഓരോരുത്തരും അവരുടെ വിശ്വാസവും വാസ്തുവുമൊക്കെ നോക്കിയാണു കസേരയുടെ സ്ഥാനം നിശ്ചയിക്കുന്നതെന്നും ഹസനും അങ്ങനെ ചെയ്തതാകാമെന്നും സുധാകരൻ പറഞ്ഞു. കസേര വീണ്ടും പഴയപടി ക്രമീകരിക്കുമെന്നും പറഞ്ഞു.

English Summary:

K. Sudhakaran took charge as KPCC president again

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com