ADVERTISEMENT

കൊച്ചി ∙ പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി ജെ.എസ്.സിദ്ധാർഥനെ ആക്രമിക്കാനും അപമാനിക്കാനും ക്രിമിനൽ ഗൂഢാലോചന നടന്നതായി സിബിഐ െഹെക്കോടതിയിൽ സമർപ്പിച്ച കുറ്റപത്രം. സിദ്ധാർഥനെ ക്രൂരമായി മർദിച്ചെന്നും സമൂഹവിചാരണയ്ക്കു വിധേയമാക്കിയെന്നും കുറ്റപത്രത്തിലുണ്ട്. മർദനവും അപമാനിക്കലും സിദ്ധാർഥന്റെ ആത്മാഭിമാനത്തെയും അന്തസ്സിനെയും മുറിവേൽപ്പിച്ചു. വൈദ്യസഹായം നിഷേധിച്ചെന്നും സിബിഐ വ്യക്തമാക്കി.

പ്രതികളായ കെ.അഖിൽ, ആർ.എസ്.കാശിനാഥൻ, അമീൻ അക്ബറലി, കെ.അരുൺ, സിൻജോ ജോൺസൺ,എൻ.ആസിഫ് ഖാൻ, അമൽ ഇഹ്സാൻ, ജെ.അജയ്, എ.അൽത്താഫ്, ഇ.കെ. സൗദ് റിസാൽ, വി.ആദിത്യൻ, മുഹമ്മദ് ഡാനിഷ്, റെഹാൻ ബിനോയ്, എസ്.ഡി.ആകാശ്, എസ്.അഭിഷേക്, ആർ.ഡി.ശ്രീഹരി, ഡോൺസ് ഡായ്, ബിൽഗേറ്റ് ജോഷ്വ താന്നിക്കോട്, വി.നസീഫ് എന്നിവർക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം, ക്രിമിനൽ ഗൂഢാലോചന കുറ്റം തുടങ്ങിയവ സംബന്ധിച്ച ഐപിസി വകുപ്പുകൾ, റാഗിങ് നിരോധന നിയമം പ്രകാരമുള്ള വകുപ്പുകൾ എന്നിവ പ്രകാരമാണു കേസ്.

ഹോസ്റ്റലിൽ സിദ്ധാർഥൻ അനുഭവിച്ച അതിക്രൂരമായ മർദനം കുറ്റപത്രം വിശദമാക്കുന്നു. ലെതർ ബെൽറ്റ്, കേബിൾ വയർ തുടങ്ങിയവ ഉപയോഗിച്ചു മർദിച്ചു. പലവട്ടം മുഖത്തടിക്കുകയും തൊഴിക്കുകയും ചെയ്തു. അടിവസ്ത്രം മാത്രം ധരിപ്പിച്ച് ഹോസ്റ്റലിന്റെ നടുമുറ്റത്ത് എത്തിച്ചശേഷം ചോദ്യം ചെയ്യുന്നതും മർദിക്കുന്നതും കാണാൻ മറ്റു വിദ്യാർഥികളെ വിളിച്ചുകൂട്ടി. മർദനത്തിനിടെ എഴുന്നേൽക്കാൻ ശ്രമിക്കുമ്പോൾ തള്ളി താഴെയിട്ടു.

ഡോർമിറ്ററിയിൽ കൊണ്ടുപോയി ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തു. മരിക്കുന്നതിന്റെ തലേന്നു സിദ്ധാർഥൻ ഭക്ഷണം കഴിച്ചില്ല. ഫെബ്രുവരി 18ന് ഉച്ചയ്ക്ക് 12.30ന് ഡോർമിറ്ററിയുടെ ബാത്ത്റൂമിലേക്കു പോയ സിദ്ധാർഥൻ തന്റെ ടവൽ ആവശ്യപ്പെട്ടു. സഹപാഠി ടവൽ കൈമാറി. ബാത്ത്റൂമിൽ നിന്ന് മടങ്ങിയെത്താത്തതിനെ തുടർന്നുള്ള അന്വേഷണത്തിലാണു ബാത്ത്റൂമിന്റെ ഗ്രില്ലിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

പോസ്റ്റ്മോർട്ടം റിപ്പോർട്ട്, ഫൊറൻസിക് ഡോക്ടറുടെ വിശദമായ വിവരണം, പോസ്റ്റ്മോർട്ടം സമയത്തെടുത്ത ഫോട്ടോകൾ തുടങ്ങിയവ വിദഗ്ധ അഭിപ്രായത്തിനായി ഡൽഹി എയിംസിലേക്ക് അയച്ചിട്ടുണ്ട്. മെഡിക്കൽ ബോർഡ് അഭിപ്രായം കാത്തിരിക്കുകയാണെന്നും സിബിഐ അറിയിച്ചു. പ്രതികൾ നൽകിയ ജാമ്യാപേക്ഷയിലാണു സിബിഐ ഹൈക്കോടതിയിൽ കുറ്റപത്രത്തിന്റെ പകർപ്പ് നൽകിയത്. 

English Summary:

Criminal conspiracy to attack Siddharthan says CBI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com