ADVERTISEMENT

കോട്ടയം ∙ മൂലവട്ടം കെയു നഗറിലെ മുല്ലപ്പള്ളിൽ വീട്ടിൽ കാലം പിന്നോട്ടു സഞ്ചരിച്ചു. 103 വയസ്സ് പിന്നിട്ട പ്രിയപ്പെട്ട അധ്യാപക‍ൻ റവ.എം.സി ജോണിനു മുൻപിൽ അവർ പഴയ ക്യാംപസ് ഓർമകളുടെ കെട്ടഴിച്ചു. സിഎംഎസ് കോളജ് പ്രിൻസിപ്പലായിരുന്ന ജോണച്ചനു തന്റെ വിദ്യാർഥികളുടെ ഇരട്ടപ്പേരു വരെ ഹൃദിസ്ഥം.  പൂർവവിദ്യാർഥികളും സംഘടനാ നേതാക്കളുമായിരുന്ന മുൻ എംപിയും എംഎൽഎയുമായ കെ.സുരേഷ് കുറുപ്പ്, ക്രിസ്ത്യൻ സഭകളുടെ കൂട്ടായ്മയായ ആക്ട്സിന്റെ ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ, എംജി സർവകലാശാല മുൻ‌ പബ്ലിക്കേഷൻ ഡയറക്ടർ വാത്മീകി എന്ന് അറിയപ്പെടുന്ന കുര്യൻ തോമസ് എന്നിവരാണ് ഓ‍ർമകളുടെ മധുരച്ചെപ്പുമായി എത്തിയത്. 

രാജ്യത്ത് അടിയന്തരാവസ്ഥ അവസാനിച്ച സമയം. രാഷ്ട്രീയസമരങ്ങളിൽ വിദ്യാർഥികൾ വൻതോതിൽ പങ്കെടുക്കുന്ന കാലം. കലാലയങ്ങളിൽ മുദ്രാവാക്യങ്ങളാൽ മുഖരിതമായ അന്തരീക്ഷം. 1977 ലെ സിഎംഎസ് കോളജിലെ പ്രസിദ്ധമായ ഹോസ്റ്റൽ സമരത്തിൽ ജോണച്ചനെ ഓഫിസിൽ പൂട്ടിയിട്ട സമരമുറകൾ വരെ നടത്തിയിട്ടും വിദ്യാർഥികളുമായുള്ള ബന്ധത്തിൽ വിള്ളൽ വീഴാതെ, വിരോധത്തിന്റെ കണിക പോലും സൂക്ഷിക്കാതെ ചേർത്തുനിർത്തിയ അധ്യാപകനായിരുന്നു റവ. എം.സി ജോൺ.

സമരങ്ങളുടെ കാലമായിരുന്നിട്ടു വരെ, പഠിക്കാൻ വരുന്നവർക്കു പഠിക്കാനുള്ള സാഹചര്യം ഒരുക്കാനും അച്ചൻ മറന്നില്ല. 1984ൽ  27–ാം വയസ്സിൽ കെ.സുരേഷ് കുറുപ്പ് ആദ്യമായി പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ രാഷ്ട്രീയം നോക്കാതെ കെട്ടിവയ്ക്കാനുള്ള പണം നൽകി അനുഗ്രഹിച്ചതും ജോണച്ചനായിരുന്നു. സിഎംഎസ് കോളജിൽ‌ 6 വർഷം പ്രിൻസിപ്പലായ ശേഷം ഏറെക്കാലം സിഎംഎസ് സ്കൂളുകളുടെ ചുമതലക്കാരനായിരുന്നു. ഭാര്യ മേരി ജോണിനൊപ്പം മൂലവട്ടത്തെ വീട്ടിൽ വിശ്രമജീവിതം നയിക്കുന്ന റവ.എം.സി.ജോണിന്  വർഷങ്ങൾ കഴിഞ്ഞുള്ള സമാഗമത്തിൽ ദൈവവചനങ്ങളും ഭക്തിഗാനങ്ങളും പൊഴിക്കുന്ന ബൈബിൾ ക്ലോക്കാണ് പ്രിയ വിദ്യാർഥികൾ സമ്മാനമായി നൽകിയത്.

English Summary:

CMS college former students meet their favourite teacher Rev MC John

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com