ADVERTISEMENT

തിരുവനന്തപുരം ∙ വൈദ്യുതി പ്രതിസന്ധി നിയന്ത്രണ വിധേയമായതിനാൽ ലോഡ് ഷെഡിങ് നടപ്പാക്കേണ്ടതില്ലെന്നു മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ കൂടിയ അവലോകന യോഗം തീരുമാനിച്ചു. വൈകുന്നേരം ഉപഭോഗം കൂടിയ (പീക്ക്) സമയത്തെ വൈദ്യുതി ഉപയോഗത്തിൽ ഏകദേശം 117 മെഗാവാട്ടിന്റെ കുറവ് വന്നതിനാൽ പ്രാദേശിക നിയന്ത്രണവും കാര്യമായി വേണ്ടി വരില്ല എന്നാണു വിലയിരുത്തൽ.

വേനൽ മഴയെത്തുടർന്നു വൈദ്യുതി ആവശ്യത്തിൽ കുറവുണ്ടായി. ബുധനാഴ്ച പരമാവധി ആവശ്യം 5251 മെഗാവാട്ടായി കുറഞ്ഞു. ചൊവ്വാഴ്ചത്തെക്കാൾ 493 മെഗാവാട്ട് കുറവ്. പ്രതിദിന ആകെ വൈദ്യുതി ഉപയോഗം ചൊവ്വാഴ്ച 11.002 കോടി ആയിരുന്നതു ബുധനാഴ്ച അൽപം കുറഞ്ഞ് 10.914 കോടി യൂണിറ്റായി.

വൻകിട വൈദ്യുതി ഉപയോക്താക്കൾ, ജല അതോറിറ്റി, ലിഫ്റ്റ് ഇറിഗേഷൻ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവ പീക്ക് ലോഡ് സമയത്തെ വൈദ്യുതി ഉപയോഗത്തിൽ ഏകദേശം 117 മെഗാവാട്ടിന്റെ കുറവ് വരുത്തിയതായി ഡപ്യൂട്ടി ചീഫ് എൻജിനീയർമാർ അറിയിച്ചു. സ്വകാര്യ സ്ഥാപനങ്ങൾ പീക്ക് സമയത്തെ ഷിഫ്റ്റ് ഡ്യൂട്ടി ഒഴിവാക്കി. 

ഉപയോഗം കുറയ്ക്കണമെന്ന അഭ്യർഥനയോടു ജനങ്ങൾ സഹകരിക്കുന്നുണ്ട് എന്നും യോഗം വിലയിരുത്തി. പ്രതിസന്ധി വിലയിരുത്താൻ മന്ത്രിയുടെ അധ്യക്ഷതയിൽ ചൊവ്വാഴ്ച വീണ്ടും യോഗം ചേരും.

ഇന്നലത്തെ മറ്റു തീരുമാനങ്ങൾ

∙ ട്രാൻസ്ഫോമറിന്റെയും മറ്റു സാമഗ്രികളുടെയും ക്ഷാമം ഉണ്ടെന്ന യൂണിയൻ നേതാക്കളുടെ പരാതി പരിഹരിക്കും. കേരള ഇലക്ട്രിക്കൽസ് ലിമിറ്റ‍ഡിൽ (കെൽ) നിന്നു ട്രാൻസ്ഫോമർ ലഭ്യമാകാത്ത സാഹചര്യത്തിൽ മറ്റു സ്ഥാപനങ്ങളിൽനിന്നു വാങ്ങും. 

∙ കേടായ മീറ്ററുകൾക്കു പകരം മീറ്റർ ലഭ്യമാക്കാൻ നടപടി സ്വീകരിച്ചു. 

∙ അടിയന്തര ആവശ്യത്തിനു പ്രാദേശികമായി സാധനസാമഗ്രികൾ വാങ്ങുന്നതിനുണ്ടായിരുന്ന നിയന്ത്രണം മാറ്റി.

∙ വോൾട്ടേജ് പ്രശ്നവും വൈദ്യുതി മുടക്കവുമുള്ള മേഖലകളിൽ പ്രശ്നപരിഹാരത്തിനു നടപടി സ്വീകരിക്കും. 

∙ നിർമാണം പുരോഗമിക്കുന്ന സബ്സ്റ്റേഷനുകൾ പൂർത്തിയാക്കും. 

∙ കേടായ ട്രാൻസ്ഫോമറുകൾ റിപ്പയർ ചെയ്യുന്ന 5 യൂണിറ്റുകളിലെ ജീവനക്കാർക്ക് കൂടുതൽ ഷിഫ്റ്റ് ഏർപ്പെടുത്തും.

∙ കൺട്രോൾ റൂം സംവിധാനമുള്ള ജില്ലകളിൽ ഡപ്യൂട്ടി ചീഫ് എൻജിനീയർ തലത്തിലുള്ള ഉദ്യോഗസ്ഥർ പീക്ക് സമയത്തു പരിശോധന നടത്തും.

English Summary:

Load shedding not to be implemented decides review meeting presided by minister K Krishnankutty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com