ADVERTISEMENT

ന്യൂഡൽഹി∙ ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാറിനെ വെടിവച്ചു കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് 3 ഇന്ത്യക്കാരെ അറസ്റ്റ് ചെയ്തതിൽ കാനഡ‌യ്‌ക്കെതിരെ രൂക്ഷ പ്രതികരണവുമായി ഇന്ത്യ. വിഷയത്തിൽ രാഷ്ട്രീയ താൽപര്യങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും വിഘടനവാദികൾക്കും തീവ്രവാദികൾക്കും കാനഡ രാഷ്ട്രീയ അഭയം നൽകുകയാണെന്നും ഇന്ത്യ ആരോപിച്ചു. അറസ്റ്റിന്റെ വിവരങ്ങൾ കാനഡ ഇന്ത്യയെ അറിയിച്ചിട്ടുണ്ടെന്നും, എന്നാൽ അത് നയതന്ത്ര തലത്തിൽ അല്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ ചോദ്യത്തിനു മറുപടിയായി പറഞ്ഞു.

അറസ്റ്റിലായവർക്ക് അഭിഭാഷ സഹായം അനുവദിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന്, ചില രാജ്യങ്ങളിൽ അറസ്റ്റിലായ വ്യക്തിയോ ആളുകളോ പ്രത്യേകം ആവശ്യപ്പെടുന്നതുവരെ ഇത് അനുവദിക്കില്ലെന്ന് ജയ്‌സ്വാൾ പറഞ്ഞു.

കരൻപ്രീത് സിങ്, കമൽപ്രീത് സിങ്, കരൻ ബ്രാർ എന്നിവരെയാണ് കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തത്. നിജ്ജാറിനെ വെടിവച്ചയാൾ, ഡ്രൈവർ, നിജ്ജാറിന്റെ നീക്കങ്ങൾ നിരീക്ഷിച്ചയാൾ എന്നിവരാണ് അറസ്റ്റിലായതെന്നു കാനഡയിലെ സിടിവി ചാനൽ റിപ്പോർട്ട് ചെയ്തിരുന്നു. കാനഡയിൽ നടന്ന മറ്റു 3 കൊലപാതകങ്ങൾക്കു പ്രതികളുമായി ബന്ധമുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്നു സെപ്റ്റംബർ 18ന് കനേഡിയൻ പാർലമെന്റിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചിരുന്നു. ഇതിനുശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു.

കഴിഞ്ഞ ജൂൺ 18നാണു കാനഡയിൽവച്ച് നിജ്ജാറിനെ വെടിവച്ചു കൊന്നത്. കാനഡ– യുഎസ് അതിർത്തിയിലെ സറെയിൽ സിഖ് ഗുരുദ്വാരയ്ക്കു പുറത്തു നിർത്തിയിട്ടിരുന്ന വാഹനത്തിലാണു ഖലിസ്ഥാൻ ടൈഗർ ഫോഴ്സിന്റെ (കെടിഎഫ്) കാനഡയിലെ തലവനായ നിജ്ജാറിന്റെ മൃതദേഹം കണ്ടെത്തിയത്. തലയ്ക്കു വെടിയേറ്റിരുന്നു. ഇന്ത്യ 10 ലക്ഷം രൂപ വിലയിടുകയും പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്ത ഭീകരനാണു നിജ്ജാർ.

കൊലപാതകത്തിൽ അറസ്റ്റിലായവർക്ക് പങ്കുണ്ടെന്നതിന് എന്തെങ്കിലും തെളിവ് ഇന്ത്യയ്ക്ക് ലഭിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന്, അദ്ദേഹം പഴയ നിലപാട് ആവർത്തിച്ചു.

‘‘ഇതുവരെ ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രസക്തമായ ഒരു തെളിവോ വിവരമോ കനേഡിയൻ അധികാരികൾ പങ്കുവച്ചിട്ടില്ല. അതിനാൽ ഈ വിഷയത്തിൽ കാനഡ മുൻവിധിയോടെ പെരുമാറുന്നതായാണ് കണക്കാക്കുന്നത്. വിഘടനവാദികൾ, തീവ്രവാദികൾഎന്നിവർക്ക് കാനഡയിൽ രാഷ്ട്രീയ ഇടം നൽകിയിട്ടുണ്ടെന്ന് ഞങ്ങൾ പണ്ടേ പറഞ്ഞിരുന്നു. ഞങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും അവരുടെ ചുമതലകൾ നിർവഹിക്കുന്നതിൽ തടസ്സം സൃഷ്ടിക്കുകയും ചെയ്തു. ഇക്കാര്യങ്ങളിലെല്ലാം ഞങ്ങൾ നയതന്ത്ര തലത്തിൽ ചർച്ചകൾ നടത്തിവരികയാണ്.’’– രൺധീർ ജയ്‌സ്വാൾ കൂട്ടിച്ചേർത്തു.

English Summary:

India's Sharp Response After Canada Arrests 3 In Hardeep Nijjar Killing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com