കേരളത്തിൽ കാറ്റിനും മഴയ്ക്കും സാധ്യത; വിവിധ ജില്ലകളിൽ യെലോ അലർട്ട്
Mail This Article
തിരുവനന്തപുരം ∙ അടുത്ത മണിക്കൂറുകളിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. മേയ് 19നു തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ മഴ എത്തിച്ചേരാൻ സാധ്യതയെന്നാണു പ്രവചനം. തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ശ്രീലങ്കയ്ക്കും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്.
ചക്രവാതച്ചുഴിയിൽനിന്നു ലക്ഷദ്വീപിലേക്കു ന്യൂനമർദപാത്തിയും രൂപപ്പെട്ടു. തെക്കൻ കർണാടകയ്ക്കു മുകളിൽനിന്നു വിദർഭയിലേക്കു മറ്റൊരു ന്യൂനമർദപാത്തിയും രൂപപ്പെട്ടു. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 7 ദിവസം ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്കു സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 19നു അതിശക്തമായ മഴയ്ക്കും 15 മുതൽ 19 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്.
യെലോ അലർട്ടുള്ള ജില്ലകൾ
മേയ് 15: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
മേയ് 16: പത്തനംതിട്ട, ഇടുക്കി, എറണാകുളം
മേയ് 17: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം
മേയ് 18: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം
മേയ് 19: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം
19ന് യെലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും ഓറഞ്ച് അലർട്ടിന് സമാനമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.