ADVERTISEMENT

ഗാസ ∙ റഫയിലെ ഇസ്രയേൽ ആക്രമണത്തിൽ സഖ്യരാഷ്ട്രമായ യുഎസ് കടുത്ത അതൃപ്തി പരസ്യമാക്കി. റഫയിലെ ജനവാസകേന്ദ്രങ്ങൾ ആക്രമിക്കാനായി ഇസ്രയേലിന് ആയുധം നൽകില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി. ബോംബുകൾ നൽകുന്നതു നിർ‍ത്തിവച്ചതിനു പിന്നാലെയാണ് ആയുധസഹായം കാര്യമായി വെട്ടിക്കുറയ്ക്കാൻ‍ യുഎസ് ആലോചിക്കുന്നത്.  

ഉഗ്രശേഷിയുള്ള ബോംബുകളും ഷെല്ലുകളും അടക്കം യുഎസ് നൽകിയ ആയുധങ്ങൾ കൂടി ഉപയോഗിച്ചാണ് ഇസ്രയേൽ  ഗാസയുടെ വടക്ക്, മധ്യ മേഖലകളിൽ ആയിരക്കണക്കിനു പലസ്തീൻകാരുടെ ജീവനെടുത്തത്. സൈനിക നടപടി റഫയിലേക്കു നീട്ടാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു നിർദേശം നൽകിയാൽ അതിനുള്ള വെടിക്കോപ്പുകൾ യുഎസ് നൽകില്ലെന്നാണ് സിഎൻഎൻ ചാനലിലുമായുള്ള അഭിമുഖത്തിൽ ബൈഡൻ അറിയിച്ചത്.

ഗാസ യുദ്ധത്തിന്റെ ആരംഭം മുതൽ ഇസ്രയേലിനെ പിന്തുണയ്ക്കുന്ന യുഎസ് പ്രസിഡന്റ്  ഇതാദ്യമായാണ് പരസ്യമായി അതൃപ്തി അറിയിക്കുന്നത്. സ്വന്തം പാർട്ടിയിൽനിന്നുൾപ്പെടെ വിമർശനം ശക്തമായ സാഹചര്യത്തിലാണ് പ്രസിഡന്റിന്റെ നിലപാടുമാറ്റം. അതേസമയം, വ്യോമാക്രമണങ്ങൾക്കെതിരെ ഇസ്രയേലിന്റെ പ്രതിരോധ കവചത്തിനു വേണ്ട ആയുധസഹായം തുടരുമെന്നും ബൈഡൻ വ്യക്തമാക്കി. ഇസ്രയേലിന്റെ സുരക്ഷ അപകടത്തിലാക്കിയുള്ള കയ്യൊഴിയലല്ല, മറിച്ച് ജനങ്ങളെ ആക്രമിക്കാനുള്ള നീക്കത്തിനു കൂട്ടുനിൽക്കാതെ പിൻമാറുകയാണു യുഎസ് ചെയ്യുന്നത്.

ഇതേസമയം, യുഎസിൽനിന്നുള്ള ആയുധ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ങ്ങൾ മുടങ്ങുന്നത് ഹമാസിനെ തകർക്കാനുള്ള ദൗത്യത്തെ സാരമായി ബാധിക്കുമെന്നു യുഎന്നിലെ ഇസ്രയേൽ അംബാസഡർ ഗിലാദ് ഏർദാൻ പറഞ്ഞു. തെക്കൻ ഗാസയിൽ, ഈജിപ്തിനോടു ചേർന്നുകിടക്കുന്ന പട്ടണമായ റഫയിൽ അതിർത്തി കവാടം ഇസ്രയേൽ സൈന്യം പിടിച്ചതോടെ ജനം മധ്യഗാസയിലേക്ക് പലായനം തുടരുകയാണ്. ഇതുവരെ എണ്ണായിരത്തോളം പലസ്തീൻകാ‍ർ റഫ വിട്ടു. തെക്കൻഗാസയിലെ 3 ആശുപത്രികളിൽ ഒരെണ്ണം ഇന്ധനക്ഷാമം മൂലം പൂട്ടിയതായി ലോകാരോഗ്യസംഘടന അറിയിച്ചു. 

ഇതിനിടെ, കയ്റോയിൽ വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ഈജിപ്തിലെ സർക്കാർ ടിവി ചാനൽ റിപ്പോർട്ട് ചെയ്തു. ഹമാസ്, ഇസ്രയേൽ പ്രതിനിധികളും പങ്കെടുക്കുന്ന ചർച്ചയിൽ കരാർ പ്രതീക്ഷയുണ്ടെന്നാണ് മാധ്യമറിപ്പോർട്ടെങ്കിലും മുൻനിലപാടുകളിൽ ഉറച്ചുനിൽക്കുകയാണെന്ന് ഹമാസ് നേതാക്കൾ അറിയിച്ചു. 

സെയ്റ്റൂണിൽ ടാങ്കുകൾ‍; ഗാസയിൽ മരണം 34,904 

ആയുധസഹായം നിർത്തുമെന്ന യുഎസ് മുന്നറിയിപ്പിനു ശേഷവും ഗാസയുടെ വിവിധഭാഗങ്ങളിൽ ഇസ്രയേൽ ആക്രമണം തുടരുന്നു. ഗാസ സിറ്റിയിലെ സെയ്റ്റൂണിൽ ടാങ്കുകളിറങ്ങി. ഭീകരകേന്ദ്രങ്ങളായ  25 സ്ഥലങ്ങളിലൊന്നാണിതെന്ന് ഇസ്രയേൽ സേന അവകാശപ്പെട്ടു. ഇവിടെ ആൾക്കൂട്ടത്തിനുനേരെ ഡ്രോൺ ഉപയോഗിച്ചു നടത്തിയ മിസൈൽ ആക്രമണത്തിൽ സ്ത്രീ ഉൾപ്പെടെ 2 പേർ കൊല്ലപ്പെട്ടു.

പടിഞ്ഞാറൻ റഫയിൽ വീടിനുനേരെയുണ്ടായ ആക്രമണത്തി‍ൽ 4 കുട്ടികൾ ഉൾപ്പെടെ 8 പേർ കൊല്ലപ്പെട്ടു. റഫയിൽ മറ്റൊരിടത്ത് ഇസ്രയേൽ ആക്രമണത്തിൽ ഇരുചക്രവാഹനയാത്രക്കാരൻ കൊല്ലപ്പെട്ടു. 7 മാസം പിന്നിട്ട യുദ്ധത്തിൽ ഗാസയിൽ ഇതുവരെ 34,904 പേർ കൊല്ലപ്പെട്ടു. 78,514 പേർക്കു പരുക്കേറ്റു.

English Summary:

Gaza war: US changes its stand on Rafah

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com