ADVERTISEMENT

പ്ലാസ്റ്റിക് ബോട്ടിലിനേക്കാള്‍ എത്രയോ ഉപകാരിയാണ് സ്റ്റെയിന്‍ലെസ് സ്റ്റീല്‍ വാട്ടര്‍ബോട്ടില്‍. ഇത് കൂടുതല്‍ പ്രകൃതിസൗഹൃദപരവും ഈടു നില്‍ക്കുന്നതുമാണ്. എന്നാല്‍, ദോഷകാരികളായ ബാക്ടീരിയകളെ നശിപ്പിക്കാനും വെള്ളത്തിന്‌ ചുവയില്ലാതെ നിലനിര്‍ത്താനും ദുര്‍ഗന്ധം ഇല്ലാതിരിക്കാനും സ്റ്റീൽ വാട്ടർ ബോട്ടിൽ ശരിയായ രീതിയില്‍ വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. 

വാട്ടർ ബോട്ടിൽ എന്നും വൃത്തിയാക്കുക

വാ വച്ച് വെള്ളം കുടിക്കുന്ന സമയത്ത് ഒട്ടേറെ ദോഷകരമായ ബാക്ടീരിയകള്‍ ബോട്ടിലിലേക്ക് പ്രവേശിക്കുന്നുണ്ട്‌. ഇത് പലവിധ രോഗങ്ങള്‍ക്ക് ഇടയാക്കും. ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍, എല്ലാ ദിവസവും സ്റ്റെയിൻലെസ് സ്റ്റീൽ വാട്ടർ ബോട്ടിൽ ചെറുചൂടുള്ള വെള്ളവും 1 ടീസ്പൂൺ ഡിഷ് സോപ്പും ഉപയോഗിച്ച് കഴുകുക. കുപ്പിയുടെ ഉള്‍വശം സ്‌ക്രബ് ചെയ്യാൻ സ്പോഞ്ച് അല്ലെങ്കിൽ കുപ്പി ബ്രഷ് ഉപയോഗിക്കുക. കുപ്പിയുടെ ഉള്ളിൽ സോപ്പ് ലായനി ഒഴിച്ച് സ്പോഞ്ച് ഇടുക. അടപ്പ് ഇട്ട് ശക്തമായി കുലുക്കുക. ചെറു ചൂടുള്ള ശുദ്ധജലം ഉപയോഗിച്ച് കഴുകിയ ശേഷം വെയിലത്ത് വച്ച് ഉണക്കുക.

ദുർഗന്ധം മാറ്റാൻ ബേക്കിങ് സോഡ

1 ടീസ്പൂൺ ബേക്കിങ് സോഡ ചെറുചൂടുള്ള വെള്ളത്തിൽ മിക്സ് ചെയ്ത് ബോട്ടിലില്‍ ഒഴിക്കുക. ഏകദേശം പതിനഞ്ചു മിനിറ്റ് ഇങ്ങനെ ഇരിക്കട്ടെ. തുടര്‍ന്ന് ശുദ്ധമായ വെള്ളത്തിൽ കഴുകുക. പൂപ്പൽ, ബാക്ടീരിയ, കറ, ദുർഗന്ധം എന്നിവ നീക്കം ചെയ്യാൻ ഫലപ്രദമായ പ്രകൃതിദത്ത ക്ലീനറാണ് ബേക്കിങ് സോഡ. മാസത്തില്‍ ഒരിക്കലെങ്കിലും ഇങ്ങനെ ആഴത്തില്‍ വൃത്തിയാക്കുന്നത് വളരെ നല്ലതാണ്.

വിനാഗിരി ഉപയോഗിച്ച് ബാക്ടീരിയയെ തുരത്താം

2 ടേബിൾസ്പൂൺ  വെളുത്ത വിനാഗിരി ബോട്ടിലില്‍ ഒഴിച്ച് വെള്ളം നിറയ്ക്കുക. മൂടി ഇട്ട ശേഷം നന്നായി കുലുക്കുക. ഇത് ഒരു രാത്രി മുഴുവന്‍ ഇരിക്കട്ടെ.

water-bottle
Image Credit: Dmytro Melnyk/Istock

രാവിലെ, ഡിഷ് സോപ്പും ചെറുചൂടുള്ള വെള്ളവും ഉപയോഗിച്ച് ഒരു ബ്രഷ് കൊണ്ട് അകത്ത് സ്ക്രബ് ചെയ്യുക. ചൂടുവെള്ളം ഒഴിച്ച് കുപ്പി നന്നായി കഴുകുക. 

ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിച്ച്

വിവിധ അണുക്കൾ, ബാക്ടീരിയകൾ, ഫംഗസ്, വൈറസ് എന്നിവയെ നശിപ്പിക്കുന്ന ഒരു അണുനാശിനിയാണ് ഹൈഡ്രജൻ പെറോക്സൈഡ്. ബോട്ടിലിലേക്ക് 1 ⁄ 4 കപ്പ് 3% ഹൈഡ്രജൻ പെറോക്സൈഡ് ചേർത്ത് കുലുക്കുക. നന്നായി കുലുക്കിയ ശേഷം, ഹൈഡ്രജൻ പെറോക്സൈഡ് നീക്കം ചെയ്ത്, ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക.

സ്റ്റെയിൻലെസ് സ്റ്റീൽ വാട്ടർ ബോട്ടിലിന്റെ അടപ്പ് വൃത്തിയാക്കാൻ, ഇത് വിനാഗിരിയിലോ സോപ്പ് ലായനിയിലോ ഹൈഡ്രജന്‍ പെറോക്സൈഡ് ലായനിയിലോ 30 മിനിറ്റ് മുക്കിവയ്ക്കുക. ശേഷം, ബ്രഷ് ഉപയോഗിച്ച് നന്നായി ഉരച്ചു കഴുകിയെടുക്കാം.

English Summary:

Ways to Clean Stainless Steel Drinking Bottles

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com