ADVERTISEMENT

അഹമ്മദാബാദ്∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റന്‍സിന്റെ ഭാഗമായി പ്രവർത്തിക്കുന്ന പരിശീലകൻ ഗാരി കേഴ്സ്റ്റനെതിരെ പാക്ക് ആരാധകരുടെ രൂക്ഷവിമർശനം. ഐപിഎൽ മത്സരത്തിനിടെ പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങളുമായി കേഴ്സ്റ്റൻ വെർച്വൽ കൂടിക്കാഴ്ച നടത്തിയതാണു വിവാദത്തിലായത്. ട്വന്റി20 ലോകകപ്പിനുള്ള പാക്ക് ടീമിനെ പരിശീലിപ്പിക്കുന്നത് ഗാരി കേഴ്സ്റ്റനാണ്. ഗുജറാത്ത് ടൈറ്റൻസിന്റെ ബാറ്റിങ് പരിശീലകനാണ് ഗാരി കേഴ്സ്റ്റൻ.

പാക്ക് താരങ്ങളുമായി സംസാരിക്കുന്ന കേഴ്സ്റ്റന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ രൂക്ഷവിമര്‍ശനമാണ് ആരാധകർ സമൂഹമാധ്യമത്തിൽ ഉയർത്തുന്നത്. ഗുജറാത്ത് ഐപിഎല്‍ പ്ലേ ഓഫിൽ എത്താതെ പുറത്തായാൽ ഗാരി കേഴ്സ്റ്റൻ നേരത്തേ തന്നെ പാക്കിസ്ഥാൻ ടീം ക്യാംപിലേക്കു പോകും. എന്നാൽ ഗുജറാത്ത് ക്വാളിഫൈ ചെയ്താൽ കേഴ്സ്റ്റന്റെ മടക്കം വൈകും. ഓൺലൈനിൽ ഇരുന്ന് കേഴ്സ്റ്റൻ എങ്ങനെയാണ് പാക്കിസ്ഥാൻ ടീമിനെ തയാറെടുപ്പിക്കുകയെന്നാണ് ആരാധകരുടെ സംശയം.

‘‘ലാപ്ടോപ് സ്ക്രീൻ നോക്കി എങ്ങനെയാണ് ക്രിക്കറ്റ് കളിക്കുക. മിക്കി ആർതറെ പോലെ കേഴ്സ്റ്റനും ഓൺലൈൻ കോച്ചിങ്ങാണോ. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് ക്രിക്കറ്റ് എന്നതു തമാശയാണോ?’’ എന്നിങ്ങനെ പോകുന്നു പാക്ക് ആരാധകരുടെ സംശയങ്ങൾ. അയര്‍ലൻഡിനെതിരെയും ഇംഗ്ലണ്ടിനെതിരെയും ട്വന്റി20 പരമ്പര കളിക്കാനുള്ള തയാറെടുപ്പിലാണ് പാക്കിസ്ഥാൻ. ഗാരി കേഴ്സ്റ്റന്റെ അഭാവത്തിൽ മുൻ പാക്ക് താരം അസർ മഹ്മൂദാണ് പാക്ക് ടീമിനെ ഇപ്പോൾ പരിശീലിപ്പിക്കുന്നത്.

പാക്കിസ്ഥാന്റെ ബോളിങ് പരിശീലകനായ ജേസൺ ഗില്ലസ്പിയും ഇപ്പോൾ പ്രധാന പരിശീലകന്റെ ചുമതല വഹിക്കുന്നുണ്ട്. പാക്ക് മുന്‍ താരങ്ങളായ മുഹമ്മദ് യൂസഫ്, സയീദ് അജ്മൽ എന്നിവരും ലോകകപ്പ് ടീമിനൊപ്പമുണ്ട്. ബാബർ അസമിന്റെ നേതൃത്വത്തിലാണ് പാക്കിസ്ഥാൻ ടീം ട്വന്റി20 ലോകകപ്പിൽ കളിക്കാനൊരുങ്ങുന്നത്. ജൂണ്‍ ആറിന് യുഎസിനെതിരെയാണ് പാക്കിസ്ഥാന്റെ ആദ്യ മത്സരം. ജൂൺ ഒൻപതിനാണ് ലോകകപ്പിലെ ഇന്ത്യ– പാക്കിസ്ഥാൻ പോരാട്ടം.

English Summary:

Fans Fume As Pakistan Coach Gary Kirsten, On IPL Duty, Guides Team Virtually

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com