ADVERTISEMENT

രണ്ടു ബോളർമാർ, സമാനമായ രണ്ടു പന്തുകൾ. സ്ട്രൈക്കിൽ ഒരേ ബാറ്റർ. ആദ്യത്തെ പന്ത് ചെന്നു പതിച്ചത് സ്ക്വയർ ലെഗ് ബൗണ്ടറിക്ക് പുറത്താണെങ്കിൽ രണ്ടാമത്തെ പന്ത് ബൗണ്ടറി കടന്നത് ലോങ് ഓഫിനു മുകളിലൂടെയായിരുന്നു. മുംബൈ ഇന്ത്യൻസ്– സൺറൈസേഴ്സ് ഹൈദരാബാദ് മത്സരത്തിൽ, മുംബൈ ബാറ്റർ സൂര്യകുമാർ യാദവിനു നേരേ ഓഫ് സ്റ്റംപിനു പുറത്ത് യോർക്കർ എറിയാനായിരുന്നു ഹൈദരാബാദ് പേസർമാരായ പാറ്റ് കമിൻസിന്റെയും ടി.നടരാജന്റെയും ശ്രമം. കമിൻസിന്റെ യോർക്കർ സ്ക്വയർ ലെഗിലേക്കു ഫ്ലിക് ചെയ്ത സൂര്യ, നടരാജന്റെ യോർക്കർ ലോഫ്റ്റഡ് ഷോട്ടിലൂടെ ലോങ് ഓഫ് ബൗണ്ടറി കടത്തി. ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബാറ്റർമാർ ഐപിഎലിൽ ഫോം കണ്ടെത്താൻ കഷ്ടപ്പെടുമ്പോൾ തന്റെ രണ്ടാം ഐപിഎൽ സെ‍ഞ്ചറിയുമായി സൂര്യ ലോകകപ്പിന് ഒരുങ്ങിക്കഴിഞ്ഞു...

വി ഫോർ വിക്ടറി

360 ഡിഗ്രി ഷോട്ടുകളിലൂടെ ശ്രദ്ധേയനാകുമ്പോഴും വി ഏരിയയിലാണ് ( ലോങ് ഓഫിനും ലോങ് ഓണിനും ഇടയിലുള്ള ഭാഗം) സൂര്യ കൂടുതലായും റൺസ് നേടുന്നത്. ഹൈദരാബാദിനെതിരായ മത്സരത്തിൽ 36 റൺസാണ് സൂര്യ ‘വി’യിൽ നേടിയത്.

ഫ്ലിക്ക് മാസ്റ്റർ

കൈക്കുഴ ഉപയോഗിച്ച് പന്തിനു ഗതി കാണിക്കുന്നതിൽ വിദഗ്ധനായ സൂര്യയ്ക്കു കഴിഞ്ഞ ദിവസത്തെ മത്സരത്തിൽ ഏറ്റവുമധികം റൺസ് നേടിക്കൊടുത്തത് ഫ്ലിക്ക് ഷോട്ടാണ്– 25 റൺസ്. 3 സിക്സും ഒരു ഫോറുമാണ് ഫ്ലിക്കിലൂടെ സൂര്യ നേടിയത്.

ഫൈനാണ് ഫൈൻ ലെഗ്

ലോങ് ഓൺ കഴിഞ്ഞാൽ (23 റൺസ്) ഹൈദരാബാദിനെതിരായ സെഞ്ചറി പ്രകടനത്തിൽ സൂര്യ ഏറ്റവുമധികം റൺസ് നേടിയത് ഫൈൻ ലെഗിലാണ്– 20 റൺസ്.

6

ട്വന്റി20 ക്രിക്കറ്റിലെ 6–ാം സെഞ്ചറിയാണ് കഴിഞ്ഞ ദിവസം സൂര്യ നേടിയത്. വിരാട് കോലി (9), രോഹിത് ശർമ (8) എന്നിവർ കഴിഞ്ഞാൽ ട്വന്റി20 ക്രിക്കറ്റിൽ ഏറ്റവുമധികം സെഞ്ചറി നേടുന്ന ഇന്ത്യൻ താരമാണ് സൂര്യ. കെ.എൽ.രാഹുൽ, ഋതുരാജ് ഗെയ്ക്‌വാദ് എന്നിവരും 6 സെഞ്ചറികളുമായി സൂര്യയ്ക്ക് ഒപ്പമുണ്ട്.

76%

സെഞ്ചറിയിലേക്ക് അനായാസം കുതിച്ചെങ്കിലും മത്സരത്തിൽ 76% മാത്രമായിരുന്നു സൂര്യയുടെ ബോൾ കൺട്രോൾ. പോയിന്റ്, കവർ ഭാഗങ്ങളിൽ തുടക്കത്തിൽ റൺ കണ്ടെത്താൻ സൂര്യ പ്രയാസപ്പെട്ടിരുന്നു. മത്സരത്തിൽ 3 റൺസ് മാത്രമാണ് കവർ റീജനിൽ സൂര്യയ്ക്കു നേടാനായത്.

English Summary:

Suryakumar Yadav ready for Twenty20 World Cup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com