ADVERTISEMENT

മഡ്രിഡ് ∙ റയൽ മഡ്രിഡ് താരങ്ങളുടെ മനസ്സിൽ മത്സരം തീരുന്നത് റഫറി ഫൈനൽ വിസിൽ മുഴക്കുമ്പോഴല്ല; തങ്ങൾ ജയിച്ചു എന്നുറപ്പാകുമ്പോൾ മാത്രമാണ്! ഫൈനൽ സ്വപ്നം കണ്ടു നിന്ന ബയൺ മ്യൂണിക്കിനെ കുലുക്കിയുണർത്തി, അവസാന നിമിഷങ്ങളിൽ നേടിയ 2 ഗോളുകളിൽ പിടിച്ചെടുത്ത ജയവുമായി റയൽ മഡ്രിഡ് ചാംപ്യൻസ് ലീഗ് ഫൈനലിലേക്കു മാർച്ച് ചെയ്തു.

സെമിഫൈനൽ രണ്ടാം പാദത്തിൽ 2–1നാണ് റയലിന്റെ ജയം. സബ്സ്റ്റിറ്റ്യൂട്ടായി ഇറങ്ങിയ ഹൊസേലുവാണ് റയലിന്റെ 2 ഗോളുകളും (88, 90+1 മിനിറ്റുകൾ) നേടിയത്. ഇരുപാദങ്ങളിലുമായി സ്കോർ 4–3ന് റയലിന് അനുകൂലം. ജൂൺ ഒന്നിനു ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ റയൽ ജർമൻ ക്ലബ് ബൊറൂസിയ ഡോർട്മുണ്ടിനെ നേരിടും. കഴിഞ്ഞ 3 സീസണിനിടെ ഇതു രണ്ടാം തവണയാണ് റയൽ ചാംപ്യൻസ് ലീഗ് ഫൈനലിലെത്തുന്നത്. 

ഒരു കയ്യബദ്ധം 

ആദ്യപാദം 2–2 സമനിലയായതിനാൽ ജയിക്കുന്ന ടീം ഫൈനലിൽ എന്ന ലളിതസമവാക്യം മനസ്സിൽ കുറിച്ചാണ് രണ്ടാം പാദത്തിന് ഇരുടീമുകളും ഇറങ്ങിയത്. റയലിന്റെ മൈതാനമായ സാന്തിയാഗോ ബെർണബ്യൂവിലെ അര ലക്ഷത്തിലേറെ ആരാധകരെ നിശബ്ദരാക്കി 68–ാം മിനിറ്റിൽ കാനഡ താരം അൽഫോൺസോ ഡേവിസ് ഉജ്വലമായ ഒരു ഷോട്ടിലൂടെ ബയണിനെ മുന്നിലെത്തിച്ചു. 3 മിനിറ്റിനകം റയൽ തിരിച്ചടിച്ചെങ്കിലും നാച്ചോ ബയൺ താരം ജോഷ്വ കിമ്മിക്കിനെ ഫൗൾ ചെയ്തതിനാൽ റഫറി ഗോൾ അനുവദിച്ചില്ല. 

ഗോൾ തിരിച്ചടിക്കാൻ ബ്രസീലിയൻ താരം വിനീസ്യൂസിന്റെ നേതൃത്വത്തിൽ റയൽ നടത്തിയ ശ്രമങ്ങളെല്ലാം ബയൺ ഗോൾകീപ്പർ മാനുവൽ നോയർക്കു മുന്നിൽ വീണുടഞ്ഞു. എന്നാൽ നിർണായക നിമിഷത്തിൽ നോയറുടെ ഒരു കയ്യബദ്ധം റയൽ മുതലെടുത്തു. 88–ാം മിനിറ്റിൽ വിനീസ്യൂസിന്റെ കനപ്പെട്ടതല്ലാത്ത ഒരു ഷോട്ട് നോയർക്കു കയ്യിലൊതുക്കാനായില്ല. പന്തു കിട്ടിയത് തക്കം പാർത്തു നിന്ന ഹൊസേലുവിന്റെ കാൽക്കൽ. പന്തു വലയിലേക്കു തട്ടിവിട്ട് സ്പാനിഷ് താരം റയലിന്റെ തിരിച്ചുവരവിനു തുടക്കമിട്ടു. 

 ആ ഞെട്ടലിൽ നിന്ന് ബയൺ ഉണരും മുൻപേ അടുത്ത ഗോളും വന്നു വീണു. ബോക്സിന് ഇടതു പാർശ്വത്തിൽ നിന്നുള്ള അന്റോണിയോ റുഡിഗറുടെ ക്രോസ് ഹൊസേലു വീണ്ടും ഗോൾവര കടത്തി.

ലൈൻസ്മാൻ എന്നോടു മാപ്പു ചോദിച്ചു: ഡിലിറ്റ് 

തിടുക്കപ്പെട്ട് ഓഫ്സൈഡ് വിളിച്ചതിന് ലൈൻസ്മാൻ മത്സരശേഷം തന്നോടു ക്ഷമാപണം നടത്തിയെന്ന് ബയൺ മ്യൂണിക്ക് ഡിഫൻഡർ മാറ്റിസ് ഡിലിറ്റ്. മത്സരത്തിന്റെ അവസാന മിനിറ്റിൽ ഡിലിറ്റ് റയൽ മഡ്രിഡ് വലയിൽ പന്തെത്തിച്ചെങ്കിലും അതിനു മുൻപ് ലൈൻസ്മാൻ ഓഫ്സൈഡ് ഫ്ലാഗ് ഉയർത്തിയിരുന്നു. അതോടെ റഫറി വിസിലൂതുകയും ചെയ്തു. സംശയമുള്ള ഓഫ്സൈഡ് തീരുമാനങ്ങളിൽ പന്ത് ഗോൾവര കടന്നതിനു ശേഷമേ ഫ്ലാഗ് ഉയർത്താൻ പാടുള്ളൂ എന്നാണ് ഫുട്ബോൾ നിയമം. ‘അയാം സോറി, ഞാനൊരു തെറ്റു വരുത്തി’– മത്സരശേഷം ലൈൻസ്മാൻ തന്നോടു പറഞ്ഞതായി ഡിലിറ്റിന്റെ വെളിപ്പെടുത്തൽ. ‘അത് ഓഫ്സൈഡ് ആണോ അല്ലയോ എന്ന് എനിക്കറിയില്ല. പക്ഷേ വിഎആർ ഉണ്ടായിരിക്കേ ഓഫ്സൈഡ് വിളിക്കാൻ ഇത്ര തിടുക്കപ്പെടുന്നതെന്തിനാണ്..’– ഡിലിറ്റ് പറഞ്ഞു.

English Summary:

Real Madrid beat Bayern in UCL

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com