Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

86 ശതമാനം എടിഎം പ്രവർത്തനക്ഷമം: ആർബിഐ

atm-without-cash

ന്യൂഡൽഹി ∙ കറൻസി ക്ഷാമം പരിഹരിക്കാൻ നോട്ടുകളുടെ അച്ചടി വേഗത്തിലാക്കുന്നു. നോട്ടുകൾ അച്ചടിക്കുന്ന നാലു ശാലകളും 24 മണിക്കൂറും പ്രവർത്തിക്കുകയാണെന്നു ധനമന്ത്രാലയം വ്യക്തമാക്കി. അതേസമയം, 2.2 ലക്ഷം എടിമ്മുകളിൽ 86 ശതമാനവും പ്രവർത്തനക്ഷമമാണെന്നും ആർബിഐ അവകാശപ്പെട്ടു. 

500, 2000 നോട്ടുകളാണ് കൂടുതലായി അച്ചടിക്കുന്നത്. 70,000 കോടി രൂപയുടെ കറൻസി ക്ഷാമമാണ് രാജ്യം നേരിടുന്നതെന്നും ധനമന്ത്രാലയം പറയുന്നു. സെക്യൂരിറ്റി പ്രിന്റിങ് ആൻഡ് മിന്റിങ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ കീഴിലുള്ള അച്ചടിശാലകൾ ശരാശരി 19 മണിക്കൂറാണ് പ്രവർത്തിക്കുന്നത്.

എന്നാൽ യുപി, ബിഹാർ, ആന്ധ്ര, മഹാരാഷ്ട്ര, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ കറൻസി ക്ഷാമം രൂക്ഷമായതോടെ അച്ചടിശാലകളുടെ പ്രവർത്തനം 24 മണിക്കൂറാക്കി. 15 ദിവസംകൊണ്ടാണ് കറൻസി അച്ചടി പൂർത്തിയാകുന്നത്.

ഈ ആഴ്ച അച്ചടിക്കുന്ന നോട്ടുകൾ വിപണിയിലെത്തണമെങ്കിൽ മാസാവസാനമാകും. നോട്ട് നിരോധനം ഏർപ്പെടുത്തിയ 2016 നവംബറിനു ശേഷം അച്ചടിശാലകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നത് ഇതാദ്യം. അന്നു പുതിയ 2000 രൂപയുടെ നോട്ടാണ് അച്ചടിച്ചത്. ആവശ്യത്തിനു കറൻസി ശേഖരം ഉണ്ടെന്ന് ആർബിഐ പറയുന്നു.200 രൂപ ഉൾപ്പെടെ ചെറിയ നോട്ടുകൾ വിതരണം ചെയ്യാൻ ചില എടിഎമ്മുകൾ സജ്ജമാക്കാൻ നേരിടുന്ന കാലതാമസമാണു കറൻസി ക്ഷാമത്തിന് ഒരു കാരണമായി ആർബിഐ ചൂണ്ടിക്കാട്ടുന്നത്. ഈ മാസം ആദ്യത്തെ 14 ദിവസം പൊടുന്നനെ 45,000 കോടി രൂപയുടെ ആവശ്യമാണ് രാജ്യം നേരിട്ടത്. 2000 രൂപയുടെ നോട്ടുകൾ തിരികെ വിപണിയിലെത്തുന്നില്ലെന്ന് സാമ്പത്തികകാര്യ സെക്രട്ടറി സുഭാഷ്ചന്ദ്ര ഗാർഗ് പറയുന്നു. രാജ്യത്ത് പ്രചാരത്തിലുള്ള 18.43 ലക്ഷം കോടി രൂപയിൽ 2000 രൂപയുടെ വിഹിതം 35 ശതമാനമാണ്.

കറൻസി ക്ഷാമം ഇന്നു തീരും: എസ്ബിഐ

ന്യൂഡൽഹി ∙ കറൻസി ക്ഷാമം ഇന്നു പരിഹരിക്കപ്പെടുമെന്ന് എ​സ്ബിഐ. ക്ഷാമം നേരിടുന്ന സംസ്ഥാനങ്ങളിലേക്ക് കൂടുതൽ പണം എത്തിച്ചു തുടങ്ങിയിട്ടുണ്ട്. ബാങ്കുകളിൽ നിന്നു പണം പിൻവലിക്കുന്നതോടൊപ്പം, ഇതു തിരികെ വിപണിയിലെത്തുകയും വേണം. എന്നാൽ ഇതിൽ കാലതാമസം ഉണ്ടാകുന്നതാണ് ക്ഷാമത്തിനു കാരണം. നോട്ടുകൾ തിരികെ എത്താതെ എത്ര പണം വിതരണം ചെയ്താലും ഫലപ്രദമാകില്ലെന്നു എസ്ബിഐ ചെയർമാൻ രജ്നിഷ് കുമാർ പറഞ്ഞു.