Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗഡ്കരി വിളിക്കുന്നു; വരൂ,സൈക്കിളി‍ൽ പോകാം

gadkari-cycle

ന്യൂഡൽഹി ∙ നഗരങ്ങളിൽ സൈക്കിൾ യാത്ര പ്രോത്സാഹിപ്പിക്കാൻ സർക്കാർ താരങ്ങളെത്തേടുന്നു. നഗരത്തിരക്കും അന്തരീക്ഷ മലിനീകരണവും കുറയ്ക്കുക, ജനങ്ങളെ ആരോഗ്യവാന്മാരാക്കുക തുടങ്ങി ബഹുമുഖ ലക്ഷ്യങ്ങളാണു ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക്. സുരക്ഷിത സൈക്കിൾ പാതകളുണ്ടെങ്കിൽ കാർ ഉപേക്ഷിച്ചു സൈക്കിളിലേക്കു മാറാൻ വലിയൊരു വിഭാഗം തയാറാകുമെന്ന് അദ്ദേഹം പറഞ്ഞു. 

സൈക്കിൾ പ്രോത്സാഹിപ്പിക്കാൻ സിനിമാ താരങ്ങളെയും പ്രമുഖരെയും ഉൾപ്പെടുത്തിയ പ്രചാരണപരിപാടിയാണു തയാറാക്കുന്നത്. പുതുതായി നിർ‌മിക്കുന്ന ദേശീയ പാതകളിലും എക്സ്പ്രസ് വേകളിലും സൈക്കിൾ പാത നിർബന്ധമാക്കിയിട്ടുണ്ട്. 

കൊച്ചിക്കാർ ഓട്ടോപ്രിയർ

രാജ്യത്തെ നഗരങ്ങളിൽ ഓട്ടോറിക്ഷകളെ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നതു കൊച്ചിക്കാർ. 32% പേരും ഓട്ടോറിക്ഷയിലാണു യാത്ര – നഗരയാത്രാസൗകര്യങ്ങളെക്കുറിച്ച് ഒല മൊബൈൽ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ ‘ഈസ് ഓഫ് മൂവിങ് ഇൻഡെക്സ്’  പറയുന്നു. മുംബൈക്കാരിൽ 51 ശതമാനവും പൊതുഗതാഗതത്തെ ആശ്രയിക്കുന്നവരാണ്. സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതനഗരം ജബൽപുർ: മന്ത്രി നിതിൻ ഗഡ്കരി  പുറത്തു വിട്ട സൂചിക വെളിപ്പെടുത്തുന്നു. ഉചിത യാത്രാസൗകര്യം രൂപപ്പെടുത്തുന്നതിനു നഗരാസൂത്രകരെ സഹായിക്കുകയാണു സൂചികയുടെ ലക്ഷ്യം. 

ഡൽഹി – താജ്: യമുന വഴി

ഡൽഹിയിൽനിന്നു യമുനാ നദി വഴി താജിലേക്ക് 80 കിലോമീറ്റർ വേഗത്തിൽ കുതിക്കുന്നതിനു റഷ്യൻ യാനം കൊണ്ടുവരാനുള്ള ചർച്ചയിലാണു മന്ത്രി ഗഡ്കരി. പരീക്ഷണയാത്ര വിജയിച്ചാൽ സ്ഥിരം ജലപാത യാഥാർഥ്യമാകും. ഡൽഹിയിൽ നിന്നു 12 മണിക്കൂർ കൊണ്ടു മുംബൈയിലെത്തുന്ന എക്സ്പ്രസ് വേയുടെ ആസൂത്രണം അന്തിമ ഘട്ടത്തിലാണ്. ചെലവ് 16,000 കോടി രൂപ. താരതമ്യേന അവികസിത പ്രദേശങ്ങളിലൂടെ കടന്നു പോകുന്നതുകൊണ്ടു കിലോമീറ്ററിന് 70 ലക്ഷം രൂപയേ വേണ്ടി വരൂ.