Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹോട്ടൽ ഭരിക്കും സാങ്കേതികവിദ്യ

hotel-management

രാജ്യത്തെ ഹോട്ടൽ വ്യവസായരംഗം മാറ്റിമറിച്ചവരാണ് ഊബർ ടാക്സി മാതൃകയിൽ ഹോട്ടൽ മുറി അഗ്രിഗേറ്ററായി പ്രവർത്തിക്കുന്ന ഓയോ. സാങ്കേതികവിദ്യകളുടെ ഉപയോഗം ഈ മേഖലയിൽ  എത്രത്തോളമെന്ന് ഓയോ റൂസ് ദക്ഷിണമേഖലാ മേധാവി പ്രസൂൻ ചൗധരി.


ഹോസ്പിറ്റാലിറ്റി മേഖലയിൽ സാങ്കേതികവിദ്യ വലിയ പങ്കാണല്ലോ വഹിക്കുന്നത്. ട്രാവൽ ആപ്പുകളുടെയും മറ്റ് സാങ്കേതികവിദ്യകളുടെയും ഉപയോഗം എങ്ങനെയാണ് ഹോസ്പിറ്റാലിറ്റി വ്യവസായത്തിന്റെ വളർച്ച കൂട്ടാൻ സഹായിക്കുന്നത്?

റൂം ബുക്കിങ് തുടങ്ങുന്നതുമുതൽ പണമടയ്ക്കുന്നതുവരെയുള്ള എല്ലാ രംഗങ്ങളിലും സാങ്കേതികവിദ്യയുടെ പ്രതിഫലനം കാണാം. ആദ്യമൊക്കെ, ലഭ്യത ഉറപ്പാക്കാനായി മുൻകൂറായി മുറികൾ ബുക്ക് ചെയ്യാറുണ്ടായിരുന്നു. എന്നാൽ ഹോട്ടലിലെത്തുന്നതുവരെ ഏതു തരത്തിലുള്ള മുറിയാണ് അവർക്കു കിട്ടുക എന്നതു സംബന്ധിച്ച് ഉറപ്പൊന്നും ഉണ്ടായിരുന്നില്ല. ഉപഭോക്താക്കൾ അഭിമുഖീകരിക്കാൻ പോകുന്ന കാര്യം പ്രവചനാതീതമായിരുന്നു.

വളരുന്ന സാങ്കേതികവിദ്യകളും മൊബൈൽ അധിഷ്ഠിത ഇടപാടുകളും ഉപയോഗിച്ച് അവസാന നിമിഷത്തിലുള്ള യാത്രകൾ നാം കാണാറുണ്ട്. കൂടാതെ ഉപയോക്താക്കളുടെ വിവരങ്ങളുടെ സഹായത്തോടെ ഹോട്ടലുകൾക്ക് വിലപേശാനും സേവനങ്ങൾ നൽകുന്നതിനും സാധിക്കുന്നു. ഹോട്ടലുകൾ വ്യക്തിപരമായി ഉപഭോക്താക്കൾക്ക് മികച്ച അനുഭവങ്ങൾ നൽകുകയും ചെയ്യുന്നു. ഹോസ്പിറ്റാലിറ്റി മേഖലയുടെ വേഗത്തിലുള്ള പരിണാമത്തിന് സ്മാർട് ടെക്നോളജി, ഇന്റർനെറ്റ് ഓഫ് തിങ്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവ പ്രേരകശക്തികളാകുന്നു.

ഹോട്ടൽ നടത്തിപ്പുകാർക്ക് ഓയോ റൂസ് എന്തൊക്കെ സാങ്കേതിക സഹായം നൽകുന്നു?

ഓയോ പ്രോപ്പർട്ടി മാനേജർ ആപ്: തടസ്സങ്ങളില്ലാതെ ചെക്-ഇൻ, ചെക്-ഔട്ട് എന്നിവ നിർവഹിക്കാൻ സഹായിക്കുന്ന ആപ്പാണിത്. ബുക്കിങ്ങിന്റെ നില പൂർണമായും കാണാൻ ഇത് സഹായിക്കുന്നു.
ഓണർ ആപ്- ലോകത്ത് എവിടെയുമുളള തന്റെ ഹോട്ടലിലെ ദൈനംദിന ബിസിനസിനെക്കുറിച്ചും പണമിടപാടുകളെക്കുറിച്ചും ഉടമയ്ക്ക് ഫോൺ വഴി അറിയാൻ സഹായമേകുന്നതാണ് ഈ ആപ്.
ബിസിനസ് ഡെവലപ്മെന്റ് മാനേജർമാർക്ക് ഓർബിസ് ആപ് – തടസ്സങ്ങളില്ലാതെ പുതിയ പ്രോപ്പർട്ടികളും ഹോട്ടലുകളും ചേർക്കാൻ ഇത് സഹായിക്കുന്നു.  ഈ ആപ് പുറത്തിറക്കിയതിനു ശേഷം, അന്വേഷണങ്ങൾ ബിസിനസ് ആക്കി മാറ്റുന്നതിൽ 30% വർധനയുണ്ട്. മനുഷ്യാധ്വാനവും പ്രവർത്തനച്ചെലവും കുറയ്ക്കുന്നതിന് ഇതുവഴി സാധിച്ചു.

ആപ്പുകളുടെ കേരളത്തിലെ സ്വീകാര്യത?

ഉയർന്ന സാക്ഷരതാ നിരക്കും അനുയോജ്യമായ പരിതസ്ഥിതിയുമുള്ള കേരളത്തിൽ ഓയോ അവതരിപ്പിച്ച നൂതന സാങ്കേതിക വിദ്യകൾക്കു മികച്ച സ്വീകാര്യതയാണുള്ളത്.

ഹോട്ടൽ ജീവനക്കാർക്ക് ഓയോ എന്തെങ്കിലും പരിശീലനം നൽകുന്നുണ്ടോ?

ഈ വ്യവസായരംഗത്ത് വളരുന്നതിന് ആവശ്യമായ കൃത്യമായ നൈപുണ്യം, പരിശീലനം ലഭിക്കുന്നവർക്ക് ഉണ്ടെന്ന് ഉറപ്പുവരുത്തുന്നുണ്ട്. സാങ്കേതികവിദ്യയിലൂന്നിയുള്ള ഇ-ലേണിങ്ങും പരിശീലകർ നയിക്കുന്ന പഠനവും ചേർന്നുള്ള വിവിധ ഘട്ടങ്ങളിലൂടെയുള്ള പരിശീലനമാണ് സകിൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നൽകുന്നത്.

വൈഫൈ, ഹോട്ടൽ മാനേജ്മെന്റ് സോഫ്റ്റ്‌വെയർ പരിശീലനത്തിനുള്ള ടാബ്‌ലെറ്റ്, ശബ്ദദൃശ്യ സംവിധാനം എന്നിവയിലൂടെ സാങ്കേതികവിദ്യാധിഷ്ഠിതമായ പരിശീലനം നൽകുന്നതിനും വലിയ തോതിൽ നിക്ഷേപം നടത്തിയിട്ടുണ്ട്.

ഈയിടെ ഏബിൾപ്ലസിനെ ഏറ്റെടുത്തത് ഓയോയുടെ പ്രവർത്തനങ്ങളെ എങ്ങനെയാണു മാറ്റിമറിക്കുക?

ഞങ്ങളുടെ സാങ്കേതികവിദ്യകൾ വിപുലീകരിക്കുന്നതിനും വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഏബിൾപ്ലസിനെ ഏറ്റെടുത്തിരിക്കുന്നത്. ഇന്റർനെറ്റ് ഓഫ് തിങ്സ് അധിഷ്ഠിത പ്രവർത്തനങ്ങൾ പ്രാബല്യത്തിലാക്കുന്നതോടെ ഡിജിറ്റൽ അറൈവൽ, ഡിജിറ്റൽ ഡിപ്പാർച്ചർ റജിസ്റ്ററിലൂടെ ഉപയോക്താക്കൾക്കു സ്വയം ചെക് ഇൻ ചെയ്യാനും, ആധാർ വഴി സ്വയം കെവൈസി നൽകാനും സാധിക്കും.
ഇന്റർനെറ്റ് ഓഫ് തിങ്സ് സെർവർ ആയിരിക്കും ലോക്കുകൾ കൈകാര്യം ചെയ്യുക.

സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങളിലൂടെ ആസ്തികൾ നിരീക്ഷിക്കുന്നതിനും വൈദ്യുതി പാഴാകുന്നത് നിയന്ത്രിക്കാനും അതുവഴി കാർബൺ ബഹിർഗമനം കുറയ്ക്കാനും സാധിക്കും.  ശബ്ദത്തിലൂടെ ഉപകരണങ്ങൾ, ലൈറ്റുകൾ, മറ്റ് സേവനങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്നതിനുള്ള സാങ്കേതികവിദ്യ വരും വർഷങ്ങളിൽ ഓയോ നടപ്പാക്കും.