Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘കരുതലോടെ’ കരുതൽ ശേഖരം; തിങ്കളാഴ്ച നിർണായകം

INDIA-MODI/CORRUPTION

ന്യൂഡൽഹി ∙ തിങ്കളാഴ്ച നിർണായക ഭരണസമിതിയോഗം ചേരാനിരിക്കെ, മുഖ്യ ശ്രദ്ധാകേന്ദ്രമാകുന്നതു റിസർവ് ബാങ്കിന്റെ കരുതൽ ധനശേഖരം. പൊതുതാൽപര്യം പരിഗണിച്ച് ഇക്കാര്യത്തിൽ അടിയന്തര തീരുമാനമുണ്ടാകാനിടയില്ലെങ്കിലും വിഷയം സജീവമായി തുടരുമെന്നുറപ്പ്. നിലവിൽ കേന്ദ്രബാങ്കിന്റെ കരുതൽശേഖരം 9.6 ലക്ഷം കോടി രൂപയാണ്. മുൻ വർഷത്തേതിനെക്കാൾ 1.22 ലക്ഷം കോടി കൂടുതൽ. കരുതൽശേഖരം എത്രയാവണമെന്നു റിസർവ് ബാങ്ക് നിയമത്തിൽ വ്യവസ്ഥയില്ല.

സർക്കാരിനു ലാഭവിഹിതം നൽകിയതിനു ശേഷമുള്ള പണമാണു ബാങ്കിന്റെ ശേഖരത്തിലുണ്ടാവുക. ശേഖരം ഇത്രയേറെ ആവശ്യമോയെന്ന ചോദ്യം സർക്കാർ മുന്നോട്ടുവയ്ക്കാൻ കാരണമുണ്ട്: റിസർവ് ബാങ്കിന്റെ കരുതൽ ശേഖരം ആസ്തിയുടെ 26.5 ശതമാനമാണ്. ആഗോള നിലവാരം 16% മാത്രം. ആഗോള മാനദണ്ഡം പാലിച്ചു കരുതൽധനം വെട്ടിക്കുറയ്ക്കുകയെന്നാണു സർക്കാരിന്റെ ആവശ്യം. അങ്ങ‌നെയെങ്കിൽ, ആയുഷ്്മാൻ ഭാരത് ആരോഗ്യപദ്ധതി മുതൽ അടിസ്ഥാനസൗകര്യ വി‌കസനത്തിനു വരെ പണമില്ലാതെ വിഷമിക്കുന്ന സർക്കാരിനു കിട്ടാവുന്നതു 3.2 ലക്ഷം കോടി രൂപ.

∙ യുഎസും യുകെയും

ലോകത്തെ മുഖ്യ സാമ്പത്തിക ശക്തിയായ യുഎസിൽ നിശ്ചിത പരിധിക്കു മുകളിലുള്ള കരുതൽധനം സർക്കാരിനു കൈമാറുന്നതാണു രീതി. ബാങ്ക് ഓഫ് ഇംഗ്ലണ്ടും ട്രഷറിയും തമ്മിൽ അധിക തുക കൈമാറുന്നതിനു ധാരണ തന്നെയുണ്ട്.

∙ ഇന്ത്യയിലേതു വ്യത്യസ്ത സാഹചര്യം

വികസ്വരരാജ്യമായ ഇന്ത്യയിലേതു വ്യത്യസ്ത സാഹചര്യമാണെന്നാണു ബാങ്കിന്റെ മറുവാദം. ആഗോള സാമ്പത്തികാഘാതങ്ങൾ ഇവിടെ കോളിളക്കമുണ്ടാക്കാതിരിക്കണമെങ്കിൽ കൂടിയ കരുതൽ വേണം. കേന്ദ്രസർക്കാർ ദുർബലമാണെങ്കിൽ കേന്ദ്രബാങ്ക് അതിശക്തമായിരിക്കണം.

∙ ശേഖരത്തിന്റെ ഘടന ഇങ്ങനെ:

(ലക്ഷം കോടി രൂപയിൽ)
അടിയന്തരാവശ്യ ധനം : 2.32
കറൻസിയും സ്വർണവും : 6.92
ആസ്തി വികസന നിധി : 0.23
ഇതരശേഖരം : 0.13

∙ കരുതൽ ധനശേഖരം എവിടെനിന്ന്

കരുതൽശേഖരം: 3 സ്രോതസുകൾ
സർക്കാർ കടപ്പത്രങ്ങളിൽ നിന്നുള്ള പലിശ
സർക്കാർ വായ്പകളുമായി ബന്ധപ്പെട്ട ഫീസ്
വിദേശനാണ്യ ശേഖരം