Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ ആർബിഐ ഗവർണറിൽ (വ്യവസായ, വാണിജ്യ മേഖലയ്ക്കു) പുതുപ്രതീക്ഷ

shaktikanta-das

കൊച്ചി ∙ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഗവർണറായി സ്ഥാനമേറ്റ ശക്തികാന്ത ദാസിൽ വ്യവസായ, വാണിജ്യ മേഖലയ്ക്കു വലിയ പ്രതീക്ഷകൾ. നയ രൂപീകരണത്തിൽ ഈ മേഖലകളുടെ അഭിപ്രായങ്ങൾ പരിഗണിക്കപ്പെടാനുള്ള സാധ്യതയാണു പ്രതീക്ഷകൾക്ക് അടിസ്ഥാനം. ഉർജിത് പട്ടേൽ ഗവർണറായിരിക്കെ വ്യവസായ, വാണിജ്യ മേഖലകളുടെ അഭിപ്രായം ആരാതെയായിരുന്നു നയരൂപീകരണം. ഇതു ബാങ്കിങ് മേഖലയെ മാത്രമല്ല വ്യവസായ, വാണിജ്യ മേഖലകളെയാകെത്തന്നെ പ്രയാസത്തിലാക്കിയിരുന്നു.

കേന്ദ്ര ബജറ്റ് തയാറാക്കുന്നതിനു പിന്നിൽ പല തവണ പ്രവർത്തിക്കുകയും ചരക്ക്, സേവന നികുതി (ജിഎസ്ടി) നടപ്പാക്കുന്നതിന് അടിത്തറയൊരുക്കുകയും ചെയ്ത ശക്തികാന്ത ദാസ് ചെറുകിട, ഇടത്തരം സംരംഭ (എംഎസ്എംഇ) ങ്ങൾക്കു പണ ലഭ്യത ഉറപ്പാക്കാൻ മുൻകയ്യെടുത്തേക്കുമെന്നു പ്രതീക്ഷിക്കുന്നു. കയറ്റുമതി രംഗത്തെ മാന്ദ്യം അവസാനിപ്പിക്കുന്നതിനു സഹായകമായ നടപടികളും ആർബിഐയുടെ പുതിയ സാരഥിയിൽനിന്നു പ്രതീക്ഷിക്കുന്നുണ്ട്. വായ്പ നിരക്കുകളിൽ ഇളവു വരുത്തണമെന്ന വ്യവസായ, വാണിജ്യ മേഖലകളുടെ ആവശ്യത്തോട് ആർബിഐയുടെ നയ രൂപീകരണസമിതി (എംപിസി) അനുകൂലമായ നിലപാടു സ്വീകരിച്ചേക്കുമെന്നും പ്രതീക്ഷിക്കുന്നു.

വായ്പ നൽകുന്നതിനും മറ്റുമുള്ള നിരോധനം ഉൾപ്പെടെ ചില ബാങ്കുകളുടെ മേൽ ഏർപ്പെടുത്തിയിട്ടുള്ള കർശന വ്യവസ്ഥകളിൽ അയവു വരുത്താൻ ദാസ് തയാറായേക്കുമെന്നാണു ബാങ്കിങ് മേഖലയുടെ പ്രതീക്ഷ. ബാങ്ക് ഇതര ധസ്ഥാപന (എൻബിഎഫ്സി) ങ്ങളുടെ പ്രവർത്തനത്തെ പണലഭ്യതയിലെ വലിയ ഇടിവു ബാധിക്കുന്നുണ്ട്. ഇവയ്ക്കു പണലഭ്യത ഉറപ്പാക്കാൻ സഹായകമായ സംവിധാനം ഏർപ്പെടുത്താൻ ആർബിഐ തയാറാകുമെന്നും പ്രതീക്ഷിക്കുന്നു.

സർക്കാരും ആർബിഐയും തമ്മിലുള്ള തർക്ക പ്രശ്നങ്ങളിൽ പ്രധാനം കരുതൽ ധനം സംബന്ധിച്ചുള്ളതാണ്. ആർബിഐയുടെ പക്കലുള്ള കരുതൽ ധനം ഭീമമാണെന്നും അതിന്റെ ഗണ്യമായ പങ്കു വിട്ടുകിട്ടണമെന്നും സർക്കാർ താൽപര്യപ്പെടുന്നു. പൊതു തിരഞ്ഞെടുപ്പിനു മുന്നോടിയായി പല ജനക്ഷേമ പദ്ധതികൾക്കും പണം കണ്ടെത്തുകയാണു സർക്കാരിന്റെ ലക്ഷ്യം. എന്നാൽ ഇതു കേന്ദ്ര ബാങ്കിന്റെ സ്വയംഭരണാവകാശത്തിലുള്ള സർക്കാരിന്റെ കൈകടത്തലാണെന്ന് ആർബിഐ കരുതുന്നു. ഈ തർക്കത്തിൽ അനുരഞ്ജനത്തിന്റെ സാധ്യത ആരായാൻ ശക്തികാന്ത ദാസ് തയാറായേക്കാം. പുതിയ ഗവർണറുടെ അധ്യക്ഷതയിൽ നാളെ ചേരുന്ന ആർബിഐ ബോർഡ് യോഗത്തിൽ സർക്കാരുമായുള്ള അഭിപ്രായ ഭിന്നതകൾ ചർച്ചാവിഷയമാകും.

വ്യവസായ, വാണിജ്യ മേഖലകളുടെ പ്രതീക്ഷകളും ആർബിഐ – സർക്കാർ അഭിപ്രായ ഭിന്നതയ്ക്ക് അയവുവരുമെന്ന അനുമാനവും ഓഹരി, കടപ്പത്ര വിപണികളെയാണ് ആവേശംകൊള്ളിച്ചിരിക്കുന്നത്. പണ ലഭ്യതയിലെ ഇടിവിനു പരിഹാരമാകുമെന്ന പ്രതീക്ഷയിൽ ബാങ്ക് ഓഹരികൾ വലിയ തോതിൽ മുന്നേറി. മുന്നേറ്റത്തിൽ മികച്ചു നിന്നവയിൽ കേരളം ആസ്ഥാനമായുള്ള ഫെഡറൽ ബാങ്കിന്റെ ഓഹരികളും ഉൾപ്പെടുന്നു. വില 5.74% ഉയർന്ന് 88.45 രൂപയിലെത്തി.