Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യ – സ്വീഡൻ പങ്കാളിത്തത്തിനും കർമപദ്ധതിക്കും ധാരണ

Modi-Sweden-Lofven തുറന്ന ചർച്ച: സ്വീഡനിൽ സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി സ്റ്റോക്കോമിൽ തടാകത്തിനു മുന്നിൽനിന്നു സ്വീഡൻ പ്രധാനമന്ത്രി സ്റ്റെഫാൻ ലോവെനുമായി ചർച്ച നടത്തുന്നു.

സ്റ്റോക്കോം ∙ വിവിധ മേഖലകളിൽ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും സംയുക്ത കർമപദ്ധതി നടപ്പാക്കുന്നതിനും ഇന്ത്യ – സ്വീഡൻ കരാർ. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്വീഡൻ പ്രധാനമന്ത്രി സ്റ്റെഫാൻ ലോവെനും ഇതു സംബന്ധിച്ചു സംയുക്ത പ്രഖ്യാപനം നടത്തി. കാലാവസ്ഥാ വ്യതിയാനത്തെ നേരിടുക, സുസ്ഥിര വികസനം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ ശാസ്ത്ര സാങ്കേതിക രംഗത്തു നൂതന വിദ്യകൾ വികസിപ്പിക്കുകയാണു കരാറിലൂടെ ലക്ഷ്യമിടുന്നത്. വ്യാപാരവും നിക്ഷേപവും, സ്റ്റാർട്ടപ്, പ്രതിരോധം, സൈബർ‌ സുരക്ഷ, ഇ–മൊബിലിറ്റി തുടങ്ങിയ മേഖലകളിലും ഇരുരാജ്യങ്ങളും കൂടുതൽ സഹകരിക്കും.

മെയ്ക് ഇൻ ഇന്ത്യ പരിപാടിയിൽ സ്വീഡൻ ആദ്യംമുതൽ സഹകരിച്ചിരുന്നു. പാരമ്പര്യേതര ഊർജം, നഗര ഗതാഗതം, മാലിന്യ നിർമാർജനം എന്നീ മേഖലകളിലും സഹകരിക്കാൻ ലക്ഷ്യമിട്ടിട്ടുണ്ട് – ചർച്ചകൾക്കുശേഷം മോദി വ്യക്തമാക്കി. ഇന്ത്യ ആഗോള ശക്തിയാണെന്നും ഹരിത സാങ്കേതിക വിദ്യ, സ്മാർട്ട് സിറ്റികൾ എന്നീ കാര്യങ്ങളിലും കൂടുതൽ സഹകരണം ഉറപ്പാക്കിയിട്ടുണ്ടെന്നും ലോവെൻ പറഞ്ഞു. സ്വീഡിഷ് പ്രധാനമന്ത്രി ലോവെനുമായുള്ള കൂടിക്കാഴ്ചയ്ക്കു മുൻപായി കാൾ പതിനാറാമൻ രാജാവിനെയും മോദി സന്ദർശിച്ചു.

കഴിഞ്ഞ രാത്രി സ്വീഡനിലെത്തിയ മോദിയെ പ്രോട്ടക്കോൾ മറികടന്നു ലോവെൻ വിമാനത്താവളത്തിൽ എത്തിയാണു സ്വീകരിച്ചത്. ഇരുവരും ഹോട്ടലിലേക്കു പോയത് ഒരേ വാഹനത്തിലാണ്. പ്രധാനമന്ത്രിയുടെ വസതിയിൽനിന്ന് ഓഫിസിലേക്ക് ഇരുവരും ഒന്നിച്ചാണു നടന്നു പോയത്. മുപ്പതു വർഷത്തിനുള്ളിൽ ആദ്യമായാണ് ഇന്ത്യൻ പ്രധാനമന്ത്രി സ്വീഡനിൽ എത്തുന്നത്.

അവിടെനിന്നു യുകെയിലെത്തുന്ന മോദി ‘ചോഗം’ സമ്മേളനത്തിൽ പങ്കെടുക്കും. ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയുമായി കൂടിക്കാഴ്ച നടത്തും. ബ്രിട്ടനിൽ മോദിക്കു വൻ സ്വീകരണമാണു സർക്കാരും ഇന്ത്യൻ സമൂഹവും ഒരുക്കുന്നത്. ഒപ്പം, ന്യൂനപക്ഷ പീഡനത്തിന്റെയും സമീപകാല സ്ത്രീപീഡനങ്ങളുടെയും പേരിൽ പ്രതിഷേധിക്കാനും വിവിധ സംഘടനകൾ രംഗത്തുണ്ട്.

ഇന്നു രാത്രി വെസ്റ്റ്മിൻസ്റ്റർ സെൻട്രൽ ഹാളിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന പ്രത്യേക ടിവി ലൈവ് പരിപാടി ഒരുക്കിയിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ട 1500 പ്രതിനിധികൾക്കാണു ക്ഷണം. ചോദ്യങ്ങൾ ചോദിക്കാൻ അവസരമൊരുക്കുന്ന ഈ പരിപാടി ടെലിവിഷനിൽ തത്സമയം സംപ്രേഷണം ചെയ്യും. അസുഖകരമായ ചോദ്യങ്ങൾ ഉയരില്ലെന്ന് ഉറപ്പുള്ളവർക്കു മാത്രമാണ് സംഘാടകരായ ഇന്ത്യ യൂറോപ്പ് ഫോറം പ്രവേശനം അനുവദിച്ചിട്ടുള്ളത്.

ആർക്കും പ്രതിഷേധിക്കാൻ വിലക്കില്ലാത്ത ബ്രിട്ടനിൽ അനേകം സംഘടനകളും കൂട്ടായ്മകളുമാണു മോദിക്കെതിരെ പ്രതിഷേധത്തിനു തയാറെടുത്തിരിക്കുന്നത്. ന്യൂനപക്ഷങ്ങളും ദലിതരും ഇന്ത്യയിൽ ആക്രമിക്കപ്പെടുന്നതിൽ പ്രതിഷേധിച്ച് ഏഷ്യ സോളിഡാരിറ്റി ഗ്രൂപ്പ്, ആനകളെ വളർത്തുന്നതും എഴുന്നള്ളിക്കുന്നതും നിർത്തണമെന്നാവശ്യപ്പെട്ട് ആക്‌ഷൻ ഫോർ എലിഫന്റ്സ് തുടങ്ങിയവയും പ്രതിഷേധത്തിനു തയാറെടുക്കുകയാണ്. കഠ്‌വ സംഭവത്തിൽ പ്രതിഷേധിക്കാൻ പാർലമെന്റ് സ്ക്വയറിൽ വെള്ളവസ്ത്രമണിഞ്ഞെത്താൻ വനിതാ സംഘടനകൾ ആഹ്വാനം ചെയ്തിട്ടുണ്ട്. കശ്മീർ സ്വാതന്ത്ര്യവാദികൾ, ഖലിസ്ഥാൻ വാദികൾ തുടങ്ങിയവരും പ്രതിഷേധവുമായി എത്തും.

related stories