Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോയ കേസ് ഹർജി: പിന്നിൽ രാഹുൽ ഗാന്ധിയെന്ന് ബിജെപി

ന്യൂഡൽഹി ∙ ജസ്റ്റിസ് ലോയയുടെ മരണത്തിൽ സ്വതന്ത്രാന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ തള്ളി സുപ്രീം കോടതി വിധിക്കു പിന്നാലെ ആരോപണങ്ങളാൽ ഏറ്റുമുട്ടി ബിജെപിയും കോൺഗ്രസും. ഹർജികൾക്കു പിന്നിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയാണെന്നും അമിത് ഷായ്ക്കെതിരെ വ്യക്തിഹത്യയ്ക്കായി നീതിന്യായവ്യവസ്ഥ ദുരുപയോഗം ചെയ്തതിനു മാപ്പു പറയണമെന്നും ബിജെപി ആവശ്യപ്പെട്ടു.

എന്നാൽ, കോടതി വിധിയിലൂടെ ബിജെപി രാഷ്ട്രീയ മുതലെടുപ്പിനു ശ്രമിക്കുകയാണെന്നു കോൺഗ്രസ് തിരിച്ചടിച്ചു. അമിത് ഷായെക്കുറിച്ചുള്ള സത്യമെല്ലാം ബിജെപിക്കാർ ഉൾപ്പെടെ ഭൂരിപക്ഷം ഇന്ത്യക്കാർക്കും സഹജമായി അറിയാം. അമിത് ഷായെ പോലെയുള്ളവരുടെ കാര്യത്തിൽ സത്യം പുറത്തുവരാൻ അതിന്റേതായ രീതിയുണ്ടെന്നും അതു സംഭവിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

അമിത് ഷായെ തകർക്കാൻ ഗൂഢപദ്ധതിയുമായി വ്യാജ ആരോപണങ്ങൾ രാഹുൽ ഉന്നയിക്കുകയാണെന്നു കേന്ദ്ര നിയമമന്ത്രി രവി ശങ്കർ പ്രസാദ് ആരോപിച്ചു. വ്യാജ വാർത്തകളിലൂടെ ബിജെപി നേതാക്കളെ തകർക്കാനുള്ള നിരന്തര ശ്രമങ്ങൾ നടക്കുന്നതായി രാഹുലിന്റെ പേരെടുത്തുപറയാതെ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങും ആരോപിച്ചു. ലോയ കേസിലെ ഹർജികൾ പൊതുതാൽപര്യത്തിനല്ല, രാഷ്ട്രീയ താൽപര്യത്തിനാണെന്നു ബിജെപി വക്താവ് സാംബിത് പത്ര പറ​ഞ്ഞു.

‘കോടതിയലക്ഷ്യത്തിന് നടപടി വേണ്ടെന്നുവച്ചു’

ന്യൂഡൽഹി ∙ ജസ്റ്റിസ് ലോയയുടെ മരണത്തിൽ സ്വതന്ത്രാന്വേഷണം ആവശ്യപ്പെട്ടു ഹർജി നൽകിയ അഭിഭാഷകർ നീതിന്യായവ്യവസ്ഥയ്ക്കു നേരെ തുറന്ന ആക്രമണത്തിനു മുതിർന്നെന്നു സുപ്രീം കോടതി. ഹർജി നൽകിയ മുതിർന്ന അഭിഭാഷകരായ ദുഷ്യന്ത് ദവെ, ഇന്ദിരാ ജയ്സിങ്, പ്രശാന്ത് ഭൂഷൻ തുടങ്ങിയവരെക്കുറിച്ചായിരുന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായുള്ള ബെഞ്ചിന്റെ പരാമർശം. കോടതിയലക്ഷ്യത്തിനു നടപടിയെടുക്കുന്നതു വേണ്ടെന്നുവയ്ക്കുകയായിരുന്നെന്നും ബെഞ്ച് പറ‍ഞ്ഞു.

വ്യാപാരത്തർക്കങ്ങൾ ചന്തയിൽ തീർക്കണം, രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾ ജനാധിപത്യത്തിന്റെ അകത്തളങ്ങളിലും. നിയമത്തെ സംരക്ഷിക്കുകയെന്നുള്ളതു കോടതിയുടെ കർത്തവ്യമാണ് – വിധിന്യായം ചൂണ്ടിക്കാട്ടി.

related stories