Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡ്രൈവിങ് ലൈസൻസിൽ അവയവദാന സമ്മതവും

ന്യൂഡൽഹി∙ വിദേശ മാതൃകയിൽ രാജ്യത്തും ഡ്രൈവിങ് ലൈസൻസിനൊപ്പം അവയവദാന സമ്മതം ഉറപ്പാക്കാൻ കേന്ദ്രം മുൻകയ്യെടുക്കുന്നു. ലൈസൻസിനു വേണ്ടിയുള്ള അപേക്ഷയിൽ തന്നെ സമ്മതം ചോദിക്കും വിധമുള്ള പരിഷ്കരണത്തിനാണു കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ നീക്കം. എന്നാൽ, സമ്മതം നൽകണോ എന്നതു വ്യക്തികൾക്കു തീരുമാനിക്കാം.

കേരളത്തിലടക്കം നിലവിലുള്ള അപേക്ഷയിൽ ഇതോടെ മാറ്റം വരും. റോഡപകടത്തിൽ മരിച്ചാൽ അവയവദാനത്തിനു സമ്മതം നൽകുന്ന പദ്ധതി നേരത്തേ ചില സംസ്ഥാനങ്ങൾ നടപ്പാക്കിയിരുന്നെങ്കിലും അതിന് ഏകീകൃത രൂപമുണ്ടായിരുന്നില്ല. അപേക്ഷയിൽ തന്നെ മാറ്റം കൊണ്ടുവന്നു സമ്മതം നൽകുന്നവരുടെ ഡേറ്റ ബാങ്ക് തയാറാക്കാനാണു പുതിയ ശ്രമം.

അപേക്ഷയിലെ മാറ്റം എല്ലാ സംസ്ഥാനങ്ങളും ഒരുപോലെ പിന്തുടരണമെന്ന നിർദേശവും നൽകും. അവയവദാനത്തിനു സമ്മതം നൽകുന്നവരെ ‍തിരിച്ചറിയാൻ ഡ്രൈവിങ് ലൈസൻസിൽ ഇതു പ്രത്യേകമായി രേഖപ്പെടുത്തും. അമേരിക്കയിലും ബ്രിട്ടനിലും അടക്കം പ്രചാരത്തിലുള്ളതാണ് ഈ രീതി. സമ്മതം ഇല്ലാത്തതു മൂലം അവയവമാറ്റ ശസ്ത്രക്രിയകൾ പ്രതിസന്ധിയിലാണെന്ന ആരോഗ്യവകുപ്പിന്റെ റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇത്.

ആരുമാരും തയാറാവുന്നില്ല!

അവയവദാന സമ്മതം ഡ്രൈവിങ് ലൈസൻസിന്റെ ഭാഗമാക്കാൻ നേരത്തേ നടത്തിയ ശ്രമത്തിനു കാര്യമായ പ്രതികരണമുണ്ടായിരുന്നില്ല. ഒരു ശതമാനത്തിൽ താഴെ പേർ മാത്രമാണു സമ്മതം നൽകിയത്. പദ്ധതി നടപ്പാക്കിയ ആർടിഒകൾക്കു കീഴിൽ ലൈസൻസ് എടുത്ത ഒൻപതുകോടിയോളം പേരിൽ അഞ്ചു ലക്ഷത്തോളം പേർ മാത്രമാണു സമ്മതം നൽകിയതെന്നാണു കണക്കുകൾ വ്യക്തമാക്കുന്നത്.

നോട്ടോ റജിസ്റ്റർ

ആരോഗ്യവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന നാഷനൽ ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റേഷൻ ഓർഗനേസേഷൻ (നോട്ടോ) അവയവദാനത്തിനു സമ്മതം മൂളുന്നവരുടെ ദേശീയ ഡിജിറ്റൽ റജിസ്റ്റർ സൂക്ഷിക്കുന്നുണ്ട്. അവയവദാനത്തിനു തയാറായവരുടെ വിവരങ്ങൾ വ്യക്തികൾക്കും സംഘടനകൾക്കും ആശുപത്രികൾക്കും അടക്കം നോട്ടോയ്ക്കു കൈമാറാം. അവസാന രണ്ടുവർഷത്തിനിടയിൽ 15 ലക്ഷം പേർ നോട്ടോ റജിസ്റ്ററിൽ അവയവദാന സമ്മതം നൽകിയിട്ടുണ്ട്.