Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിംഗപ്പൂരുമായി ഇന്ത്യ എട്ടു കരാർ ഒപ്പിട്ടു

Prime Minister in Singapore സിംഗപ്പൂർ സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്താനയിൽ സിംഗപ്പൂർ പ്രധാനമന്ത്രി ലീ ഷിയൻ ലൂങ്ങിനൊപ്പം ഗാർഡ് ഓഫ് ഓണർ പരിശോധിക്കുന്നു. ചിത്രം: പിടിഐ

സിംഗപ്പൂർ ∙ വിവിധ മേഖലകളിൽ സഹകരിക്കുന്നതിനായുള്ള എട്ടു കരാറുകളിൽ ഇന്ത്യയും സിംഗപ്പൂരും ഒപ്പുവച്ചു. ഉഭയകക്ഷി വ്യാപാര വർധനയ്ക്കായി 2005ൽ ഒപ്പിട്ട സമഗ്ര സാമ്പത്തിക സഹകരണ കരാർ പുതുക്കാനും തീരുമാനമായി. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സിംഗപ്പൂർ പ്രധാനമന്ത്രി ലീ ഷിയൻ ലൂങ്ങും തമ്മിൽ നടന്ന ചർച്ചകളെ തുടർന്നാണിത്. മൂന്നു ദിവസത്തെ സന്ദർശനത്തിനാണു മോദി ഇവിടെ എത്തിയിട്ടുള്ളത്. നഴ്സിങ്, സൈബർ സുരക്ഷ, ലഹരിമരുന്നുകടത്ത് തടയൽ, പ്രതിരോധം, സർക്കാർ ഉദ്യോഗസ്ഥർക്കു പരിശീലനം തുടങ്ങിയ കാര്യങ്ങളിലാണു സഹകരണത്തിനു കരാറായത്. ഇതിനു പുറമെ ഇരുരാജ്യങ്ങളിലെയും സർവകലാശാലകൾ തമ്മിൽ ആറു കരാറുകളും ഒപ്പുവച്ചു.

സാമ്പത്തിക സഹകരണ കരാർ ഇതിനു മുൻപ് 2007 ലാണ് ആദ്യമായി പുതുക്കിയത്. ഇതനുസരിച്ച് 30 ഉൽപന്നങ്ങൾക്കു കൂടി പുതുതായി തീരുവ ഇളവ് നൽകുവാൻ ധാരണയായി. സിംഗപ്പൂരിൽ നിന്നുള്ള ഇറക്കുമതി കൂടുതൽ സുഗമമാക്കാനായി ചട്ടങ്ങൾ പരിഷ്കരിക്കും. കയറ്റുമതി തീരുവയിൽ സിംഗപ്പൂരിനു കൂടുതൽ ഇളവുകൾ കിട്ടാനും ഇന്ത്യൻ വിപണിയിൽ കൂടുതൽ പങ്കാളിത്തം ലഭിക്കാനും പുതുക്കിയ കരാർ സഹായകമാവുമെന്നും വ്യാപാരമന്ത്രി എസ്. ഈശ്വരൻ പറഞ്ഞു. പ്രധാനമായും പെട്രോളിയം, ജ്വല്ലറി തുടങ്ങിയവ ഇന്ത്യ സിംഗപ്പൂരിലേക്കു കയറ്റുമതി ചെയ്യുമ്പോൾ യന്ത്രങ്ങൾ, സ്വർണം തുടങ്ങിയവ ഇറക്കുമതി ചെയ്യുന്നു. പിന്നീട്, നന്‌യാങ് സാങ്കേതിക സർവകലാശാലയിൽ നടന്ന സംവാദത്തിൽ മോദി പങ്കെടുത്തു. മാനുഷികമൂല്യങ്ങൾ നഷ്ടപ്പെടുത്താതെ വേണം പുത്തൻ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തേണ്ടതെന്ന് മോദി ചൂണ്ടിക്കാട്ടി.

സിംഗപ്പൂർ വിദ്യാഭ്യാസമന്ത്രി ഓങ് യെകുങ്ങും മോദിയോടൊപ്പം എത്തിയിരുന്നു. അവിടെ നടത്തിയ പ്രദർശനം കണ്ട അദ്ദേഹം യന്ത്രമനുഷ്യനുമായി സംസാരിച്ചു. സന്ദർശനത്തിന്റെ ഓർമയ്ക്കായി ക്യാംപസിൽ വേപ്പുമരം നട്ടു. ഐക്യരാഷ്ട്ര സംഘടനയിലും യുഎസിലും സിംഗപ്പൂർ സ്ഥാനപതിയായിരുന്ന പ്രഫസർ ടോമി കോ (80) പ്രധാനമന്ത്രി മോദിയിൽ നിന്ന് പത്മശ്രീ പുരസ്കാരം ഏറ്റുവാങ്ങി. ഇന്ത്യ 7.5 മുതൽ എട്ടു ശതമാനം വരെ വളർച്ച നിലനിർത്തുമെന്ന് ഷംഗ്രില സംവാദത്തിൽ മോദി വ്യക്തമാക്കി. ഏഷ്യയുടെ തന്ത്രപ്രധാന പ്രതിരോധ കാര്യങ്ങൾ ചർച്ച ചെയ്യുന്ന വേദിയായ ഷംഗ്രില സംവാദത്തിൽ ആദ്യമായി മുഖ്യപ്രഭാഷണം നടത്തുന്ന ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി. ഇന്ത്യയും ചൈനയും പരസ്പരം ഉൾക്കൊണ്ടു മുന്നോട്ടു നീങ്ങിയാൽ ലോകത്തിനും ഏഷ്യയ്ക്കും മെച്ചപ്പെട്ട ഭാവിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.