Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രവാസികളുടെ വിവാഹത്തട്ടിപ്പ്: കർശന നടപടികളുമായി കേന്ദ്രം; സ്വത്ത് മരവിപ്പിക്കും

Maneka Gandhi

ന്യൂഡൽഹി ∙ വിവാഹത്തട്ടിപ്പ് കേസുകളിൽ ഉൾപ്പെടുന്ന പ്രവാസികളായ ഇന്ത്യക്കാരുടെ സ്വത്ത് മരവിപ്പിക്കുന്നതടക്കം കർശന നടപടികൾക്കു കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം ഒരുങ്ങുന്നു. ഇതിനായി വിദേശകാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം എന്നിവയുമായി ചേർന്നു നോഡൽ ഏജൻസിക്കു രൂപംനൽകിയതായി കേന്ദ്രമന്ത്രി മേനക ഗാന്ധി അറിയിച്ചു.

മന്ത്രാലയത്തിനു ലഭിക്കുന്ന പരാതി പരിശോധിക്കും. അദാലത്തിനോ മറ്റോ വരാത്തപക്ഷം ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിക്കും. മടങ്ങിയെത്താത്തവരുടെ കുടുംബസ്വത്ത് ഉൾപ്പെടെ മരവിപ്പിക്കുന്ന വിധത്തിൽ നിയമം കർശനമാക്കാനാണു നീക്കം. സമാനപരാതികളുടെ അടിസ്ഥാനത്തിൽ അ‍ഞ്ചുപേരുടെ പാസ്പോർട്ട് റദ്ദു ചെയ്യുകയും അഞ്ചു പേർക്കായി ലുക്ക്ഔട്ട് നോട്ടിസ് പുറത്തിറക്കുകയും ചെയ്തി‍രുന്നു.

ഭർത്താവ് ഉപേക്ഷിക്കുക, പീഡിപ്പിക്കുക, വിവാഹത്തിനു മുൻപും ശേഷവും സ്‌ത്രീധനം ആവശ്യപ്പെടുക തുടങ്ങിയവയാണ് പ്രവാസികളുടെ ഭാര്യമാർ നേരിടുന്ന പ്രധാന പ്രശ്നങ്ങൾ. ആദ്യവിവാഹം മറച്ചുവച്ചുള്ള വിവാഹവും വിദേശത്തുവച്ചു നടത്തുന്ന വിവാഹമോചനവും ഉൾപ്പെടെയുള്ള പ്രശ്നങ്ങളും വിവാഹത്തട്ടിപ്പുകളുടെ പരിധിയിൽവരും.

പരാതിയെത്തുന്നില്ലെന്ന് മന്ത്രിയുടെ പരാതി

ന്യൂഡൽഹി ∙ സ്ത്രീകൾക്ക് ഒട്ടേറെ പ്രശ്നങ്ങൾ നേരിടേണ്ടിവരുമ്പോഴും അവയൊന്നും പരാതിയായി എത്തുന്നില്ലെന്നു കേന്ദ്രമന്ത്രി മേനക ഗാന്ധി. പരാതി പരിഹാരസെൽ രൂപീകരിച്ചു രണ്ടുവർഷം പിന്നിടുമ്പോഴും 18,000 പരാതികളേ ലഭിച്ചിട്ടുള്ളൂ. സ്ത്രീകൾക്കു ജോലിസ്ഥലത്തു നേരിടേണ്ടിവരുന്ന അവഹേളനത്തെക്കുറിച്ചു പരാതിപ്പെടാനുള്ള ഓൺലൈൻ പരാതിപ്പെട്ടി ‘ഷീ–ബോക്സിൽ’ ഒരു വർഷത്തിനിടെ എത്തിയത് 191 പരാതികളാണ്. 2015ൽ തുടങ്ങിയ വനിത ഹെൽപ് ലൈൻ നമ്പറിലേക്ക് (181) മൂന്നുവർഷം കൊണ്ടെത്തിയത് 16.5 ലക്ഷം പരാതികൾ. 193 കേന്ദ്രങ്ങളിലായി പ്രവർത്തിക്കുന്ന ‘സഖി’ കേന്ദ്രങ്ങളിൽ മൂന്നുവർഷത്തിനിടെ സഹായം തേടിയത് 1.3 ലക്ഷം പേർ – മേനക പറ‍ഞ്ഞു.

related stories