Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കശ്മീരിൽ ഈ വർഷം ആയിരത്തിലേറെ വെടിനിർത്തൽ ലംഘനം

Indo-Pak Border

ന്യൂഡൽഹി ∙ ഈ വർഷം പാക്ക് അതിർത്തിയിൽ ആയിരത്തിലേറെ വെടിനിർത്തൽ ലംഘനം ഉണ്ടായെന്നും ഇന്ത്യയിലേക്കു ഭീകരരെ കടത്തിവിടാൻ പാക്കിസ്ഥാൻ മനഃപൂർവം വെടിവയ്പു നടത്തുകയായിരുന്നുവെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ. 2003ലെ വെടിനിർത്തൽ കരാർ പാക്കിസ്ഥാൻ ലംഘിക്കുന്നതാണു സംഘർഷം വർധിക്കാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞയാഴ്ച ഇരുരാജ്യങ്ങളുടെയും സൈനിക നടപടികളുടെ ഡയറക്ടർ ജനറൽമാർ വെടിനിർത്തൽ കരാർ കർശനമായി നടപ്പാക്കാൻ ധാരണയിലെത്തിയിരുന്നു. ഇതേസമയം, കഴിഞ്ഞദിവസങ്ങളിൽ പാക്ക് വെടിവയ്പിൽ കനത്തനാശമുണ്ടായ ജമ്മുമേഖലയിലെ ആർഎസ് പുരയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് സന്ദർശനം നടത്തി.

ആർഎസ് പുരയിൽ ഈ വർഷം പാക്ക് വെടിവയ്പിൽ 47 പേർ കൊല്ലപ്പെടുകയും 130 പേർക്കു പരുക്കേൽക്കുകയും ചെയ്തു. അതിർത്തിഗ്രാമങ്ങളിൽ കൂടുതൽ ബങ്കറുകൾ നിർമിക്കുമെന്നും വെടിയേൽക്കാത്ത കൂടുതൽ വാഹനങ്ങൾ അനുവദിക്കുമെന്നും രാജ്നാഥ് സിങ് അറിയിച്ചു. നേരത്തേ അദ്ദേഹം കുപ്‍വാരയിലും സന്ദർശനം നടത്തി.

ഭീകരരുടെ വെടിയേറ്റ് സൈനികന് വീരമൃത്യു

ശ്രീനഗർ ∙ കെരൻ മേഖലയിൽ നിയന്ത്രണരേഖയിൽ പട്രോളിങ്ങിനിടെ ഭീകരരുടെ വെടിയേറ്റ സൈനികൻ സുഖ്‍വിന്ദർ സിങ് (26) ആശുപത്രിയിൽ മരിച്ചു. പഞ്ചാബിലെ ഭട്ടിൻഡ ജില്ലക്കാരനാണ്. മൃതദേഹം നാട്ടിലേക്കയച്ചു.