Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വിസ് ബാങ്കിൽ കള്ളപ്പണമിട്ടാൽ തൽസമയം അറിയും: സർക്കാർ

ന്യൂഡൽഹി∙ സ്വിസ് ബാങ്കുകളിൽ നിയമവിരുദ്ധ നിക്ഷേപമുള്ള ഇന്ത്യക്കാരുടെ വിവരങ്ങൾ അടുത്ത ജനുവരിമുതൽ സ്വിറ്റ്സർലൻഡ് തൽസമയം നൽകിത്തുടങ്ങുമെന്നു മന്ത്രിമാരായ അരുൺ ജയ്റ്റ്‌ലിയും പീയൂഷ് ഗോയലും ‌പറഞ്ഞു. ഇരുരാജ്യങ്ങളും കള്ളപ്പണവിരുദ്ധ കരാറിൽ ഒപ്പുവച്ച സാഹചര്യത്തിലാണിത്.

2017ൽ സ്വിസ് ബാങ്കുകളിലെ ആകെ വിദേശനിക്ഷേപം മൂന്നുശതമാനം മാത്രം വർധിച്ചപ്പോൾ ഇന്ത്യക്കാരുടെ നിക്ഷേപങ്ങൾ 50 ശതമാനമാണ് വർധിച്ചത്. അതേസമയം, ഇന്ത്യക്കാരുടെ നിക്ഷേപമെല്ലാം കള്ളപ്പണമാണെന്നു കരുതേണ്ടതില്ലെന്നും പീയൂഷ് ഗോയൽ പറഞ്ഞു. യഥാർഥ കണക്കുകൾ ലഭിക്കുമ്പോൾ സത്യസ്ഥിതി വെളിപ്പെടും.

മുൻ ധനമന്ത്രി പി. ചിദംബരം കൊണ്ടുവന്ന ഉദാര നിക്ഷേപനയമാണ് തുക വർധിക്കാൻ കാരണമെന്ന് അദ്ദേഹം സംശയം പ്രകടിപ്പിച്ചു. വ്യക്തികൾക്ക് പ്രതിവർഷം 2.5 ലക്ഷം ഡോളർ വരെ നിക്ഷേപിക്കാമെന്നായിരുന്നു നയഭേദഗതി.

എവിടെ ആ 15 ലക്ഷം? : രാഹുൽ ഗാന്ധി

ന്യൂഡൽഹി∙ സ്വിസ് ബാങ്ക് നിക്ഷേപത്തിന്റെ പുതിയ കണക്കുകൾ ഉയർത്തി കേന്ദ്രസർക്കാരിനെ കടന്നാക്രമിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപങ്ങൾ കഴിഞ്ഞ വർഷം 50 ശതമാനം വർധിച്ച് 7000 കോടി രൂപയായിരുന്നു.

‘സ്വിസ് ബാങ്കുകളിലെ കള്ളപ്പണം തിരികെ കൊണ്ടുവരുമെന്നും ഓരോ ഇന്ത്യൻ പൗരന്റെയും അക്കൗണ്ടിലേക്ക് 15 ലക്ഷം വീതം നൽകുമെന്നും 2014ൽ അദ്ദേഹം പറഞ്ഞു. നോട്ട് അസാധുവാക്കൽ നടപടി ഇന്ത്യയെ കള്ളപ്പണത്തിൽനിന്നു മോചിപ്പിക്കുമെന്നു 2016ൽ പറഞ്ഞു. സ്വിസ് ബാങ്കുകളിൽ ഇന്ത്യൻ നിക്ഷേപങ്ങളിലുണ്ടായ 50 ശതമാനം വർധന ന്യായമായ പണമാണെന്നും അവിടെ കള്ളപ്പണ നിക്ഷേപമില്ലെന്നും 2018ൽ അദ്ദേഹം പറയുന്നു’ – രാഹുൽ ട്വിറ്ററിൽ കുറിച്ചു.

related stories