Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രതിപക്ഷത്തിന് അധികാരമോഹം: നരേന്ദ്ര മോദി

നരേന്ദ്ര മോദി നരേന്ദ്ര മോദി

മഗ്ഹർ (ഉത്തർപ്രദേശ്)∙ മാനവസ്നേഹത്തിന്റെ കവി കബീർ ദാസ് അന്ത്യവിശ്രമം കൊള്ളുന്ന മണ്ണിൽ, പ്രതിപക്ഷ കക്ഷികൾക്കുനേരെ ആഞ്ഞടിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. കബീർ ദാസിന്റെ അഞ്ഞൂറാം ചരമവാർഷികച്ചടങ്ങിൽ മോദി നടത്തിയ പ്രസംഗം 2019 ലെ പൊതുതിരഞ്ഞെടുപ്പിന്റെ പ്രചാരണത്തുടക്കമായും വിലയിരുത്തപ്പെടുന്നു. ‘ജാതിയിൽ കബീർ വിശ്വസിച്ചിരുന്നില്ല, എല്ലാവരെയും തുല്യരായാണ് അദ്ദേഹം കണ്ടത്. കബീറിന്റെ ഈ സന്ദേശം ഉൾക്കൊണ്ട് പുതിയ ഭാരതം സൃഷ്ടിക്കാനാണു നമ്മൾ ലക്ഷ്യമിടുന്നത്’ - മോദി പറഞ്ഞു.  

കോൺഗ്രസ്, എസ്പി, ബിഎസ്പി കക്ഷികളെ പ്രസംഗത്തിലുടനീളം മോദി രൂക്ഷമായി വിമർശിച്ചു. ‘സമാജ്‌വാദികളെയും ബഹുജനങ്ങളെയും കുറിച്ചു സംസാരിക്കുന്നവർ അധികാരം കയ്യാളുന്നതിനെപ്പറ്റി മാത്രം ചിന്തിക്കുന്നവരാണ്. അധികാരത്തിൽ വരുന്നതിനുവേണ്ടി അവർ നുണപ്രചാരണങ്ങൾ നടത്തുകയും ജനങ്ങളെ ദ്രോഹിക്കുകയും ചെയ്യും’- മോദി പറഞ്ഞു. കുറച്ചുനാൾ മുമ്പുവരെ തമ്മിൽ കണ്ടുകൂടാത്തവർ ഇപ്പോൾ തോളിൽ കയ്യിട്ടാണു നടക്കുന്നത്, അത് അവരുടെ വ്യക്തിപരമായ നേട്ടങ്ങൾക്കുവേണ്ടി മാത്രമാണ്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പാർട്ടിയും അന്ന് അതിനെ എതിർത്ത പാർട്ടിയും ഒന്നിക്കുന്നത് അവരുടെ അധികാരമോഹം എത്രത്തോളമുണ്ടെന്നു തെളിയിക്കുന്നതാണ്– മോദി വിമർശിച്ചു. 

എതിർപ്പുകളെ അതിജീവിച്ചാണു മുസ്‍ലിം സ്ത്രീകൾ മുത്തലാഖ് നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ വോട്ടുബാങ്ക് ലക്ഷ്യമിടുന്ന രാഷ്ട്രീയ പാർട്ടികൾ പാർലമെന്റിൽ ഇതിന്റെ ബിൽ പാസാക്കുന്നതു തടയുകയാണ്. പ്രസംഗത്തിനു മുമ്പ് കബീറിന്റെ ശവകുടീരം സന്ദർശിച്ച് ആദരാഞ്ജലി അർപ്പിച്ച പ്രധാനമന്ത്രി സന്ത് കബീർ അക്കാദമിക്ക് ശിലയിടുകയും ചെയ്തു.