Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘നിർഭയ’ കേസ്: പ്രതികളുടെ ഹർജി തള്ളി; മൂവർക്കും തൂക്കുകയർ തന്നെ

Nirbhaya-Delhi Gang Rape

ന്യൂഡൽഹി∙ നിർഭയ കേസിൽ‍ വധശിക്ഷ ശരിവച്ച വിധിക്കെതിരെ മൂന്നു പ്രതികൾ നൽകിയ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജഡ്ജിമാരായ ആർ.ഭാനുമതി, അശോക് ഭൂഷൺ എന്നിവരുടെ ബെഞ്ചിന്റേതാണു നടപടി. പ്രതികൾ ഉന്നയിച്ച വാദങ്ങളെല്ലാം നേരത്തേ പരിഗണിച്ചു തള്ളിയതാണെന്നു കോടതി വ്യക്തമാക്കി. ഇരുപത്തിമൂന്നു വയസ്സുള്ള പാരാ മെഡിക്കൽ വിദ്യാർഥിനി 2012 ഡിസംബർ 16നു രാത്രി തലസ്ഥാന നഗരത്തിൽ ബസിൽ പീഡിപ്പിക്കപ്പെട്ടതു സംബന്ധിച്ചാണു കേസ്.

സിംഗപ്പൂരിൽ ചികിൽസയിലിരിക്കേ രണ്ടാഴ്ചയ്ക്കുശേഷം അവൾ മരിച്ചു. കേസിലെ ആറു പ്രതികളിൽ, പ്രായപൂർത്തിയാകാത്ത ഒരാളൊഴികെ അഞ്ചുപേരെയും വിചാരണക്കോടതി വധശിക്ഷയ്ക്കു വിധിച്ചു. ഹൈക്കോടതിയും സുപ്രീം കോടതിയും ഇതു ശരിവച്ചു. വധശിക്ഷയ്ക്കു വിധിക്കപ്പെട്ടതിൽ റാം സിങ് എന്നയാൾ തിഹാർ ജയിലിൽ ആത്മഹത്യ ചെയ്തു. മറ്റു പ്രതികളിൽ മുകേഷ്, പവൻ ഗുപ്ത, വിനയ് ശർമ എന്നിവരുടെ പുനഃപരിശോധനാ ഹർജിയാണ് ഇന്നലെ തള്ളിയത്. അക്ഷയ് കുമാർ സിങ് പുനഃപരിശോധനാ ഹർജി നൽകിയിരുന്നില്ല. ഇയാളും ഹർജി നൽകുമെന്ന് അഭിഭാഷകൻ എ.പി.സിങ് പറഞ്ഞു. പ്രായപൂർത്തിയാകാത്ത പ്രതിക്കു ജുവനൈൽ ജസ്റ്റിസ് ബോർഡ് മൂന്നുവർഷം തടവുശിക്ഷ വിധിച്ചിരുന്നു. ഇയാൾ 2015 ഡിസംബറിൽ ശിക്ഷാകാലാവധി പൂർത്തിയാക്കി. കുട്ടിക്കുറ്റവാളിയെ പുറത്തുവിടരുതെന്ന ഡൽഹി വനിതാ കമ്മിഷന്റെ ആവശ്യം സുപ്രീം കോടതി തള്ളിയിരുന്നു.

പ്രതി മുകേഷ് സംഭവം നടന്ന ബസിലില്ലായിരുന്നുവെന്നും അയാൾക്കു ഡ്രൈവിങ് അറിയില്ലെന്നുമാണു പുനഃപരിശോധനാ ഹർജി പരിഗണിച്ചപ്പോൾ ഉന്നയിക്കപ്പെട്ട വാദം. പ്രതിയുടെ സാന്നിധ്യവും കുറ്റകൃത്യത്തിലെ പങ്കാളിത്തവും ബോധ്യപ്പെട്ട്, ശിക്ഷ വിധിച്ചശേഷം ഈ വാദത്തിനു പ്രസക്തിയില്ലെന്നു ബെഞ്ച് വ്യക്തമാക്കി. ഇരയായ യുവതിക്ക് ആശുപത്രിയിൽ രക്തം നൽകിയതിനാൽ‍ ഡിഎൻഎ സാംപിൾ െതളിവായി പരിഗണിക്കാനാവില്ലെന്ന വാദവും കോടതി തള്ളി. യുവതി മൂന്നു തവണയായി നൽകിയ മരണമൊഴിയിൽ പൊരുത്തക്കേടുണ്ടെന്ന വാദവും അംഗീകരിച്ചില്ല. വിനയ് ശർമയ്ക്കു പ്രായപൂർത്തിയായിട്ടില്ലെന്ന വാദവും നിരാകരിച്ചു.

പല രാജ്യങ്ങളും വധശിക്ഷ ഇല്ലാതാക്കിയതു പരിഗണിക്കണമെന്നു പവൻ, വിനയ് എന്നിവരുടെ അഭിഭാഷകൻ വാദിച്ചിരുന്നു. ഇന്ത്യയിലെ നിയമ വ്യവസ്ഥയിൽ വധശിക്ഷ നിലനിൽക്കുമ്പോൾ, ഉചിതമായ കേസുകളിൽ ആ ശിക്ഷ വിധിക്കാതിരിക്കുന്നതു നിയമവിരുദ്ധമാണെന്നു കോടതി ചൂണ്ടിക്കാട്ടി. പ്രതികൾക്ക് ഇനി പിഴവു തിരുത്തൽ ഹർജി നൽകാം. രാഷ്ട്രപതിക്കു ദയാ ഹർജിയും നൽകാം. പിഴവു തിരുത്തൽ ഹർജി അപ്പീൽ ഹർജികളിൽ ആദ്യം വിധി പറഞ്ഞ ജഡ്ജിമാരും സുപ്രീം കോടതിയിലെ മുതിർന്ന മൂന്നു ജഡ്ജിമാരുമാണു പിഴവു തിരുത്തൽ ഹർജി പരിഗണിക്കേണ്ടത്. ജഡ്ജിമാരുടെ ചേംബറിലാണു പരിശോധിക്കുക, വാക്കാലുള്ള വാദത്തിന് അവസരമില്ല. വാദങ്ങൾ എഴുതി നൽകാം. ഹർജിയിൽ വാദം കേൾക്കാമെന്നു ഭൂരിപക്ഷം ജഡ്ജിമാരും വിലയിരുത്തിയാൽ പരസ്യവാദത്തിനു പരിഗണിക്കും. അപ്പോൾ, സാധാരണഗതിയിൽ, ആദ്യം വിധി പറഞ്ഞ ബെഞ്ചാണു ഹർജി പരിഗണിക്കുക. ഹർജി കഴമ്പില്ലാത്തതെന്നു വിലയിരുത്തിയാൽ ഹർജിക്കാരിൽനിന്നു കോടതിച്ചെലവ് ഈടാക്കാനും വ്യവസ്ഥയുണ്ട്.

സ്വാഗതാർഹം; ശിക്ഷ വൈകിക്കരുത്: മാതാപിതാക്കൾ

ന്യൂഡൽഹി∙ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളിയതു സ്വാഗതം ചെയ്ത് നിർഭയയുടെ മാതാപിതാക്കൾ. കോടതിയിൽ വിശ്വാസം വർധിപ്പിക്കുന്നതാണു വിധിയെന്നു നിർഭയയുടെ മാതാവ് ആശാദേവി പ്രതികരിച്ചു. ‘നീതിക്കു വേണ്ടിയുള്ള ഞങ്ങളുടെ പോരാട്ടം അവസാനിക്കുന്നില്ല. എത്രയും പെട്ടെന്നു കുറ്റവാളികളെ തൂക്കിലേറ്റാനുള്ള നടപടികളാണു പ്രതീക്ഷിക്കുന്നത്. ഇതു രാജ്യത്തെ പെൺകുട്ടികൾക്കും അമ്മമാർക്കും ആശ്വാസം പകരും’– ആശാദേവി പറഞ്ഞു. ശിക്ഷ ഉടൻ നടപ്പാക്കണമെന്നു നിർഭയയുടെ പിതാവ് ബദരിനാഥ് സിങ്ങും പ്രതികരിച്ചു.

related stories