Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാചകവാതക ഇന്ധനങ്ങൾക്കെല്ലാം സബ്സിഡി നിർദേശം; പ്രകൃതി വാതകം, ജൈവവാതകം പ്രോൽസാഹിപ്പിക്കുക ലക്ഷ്യം

LPG-Subsidy

ന്യൂഡൽഹി∙ പാചകവാതക (എൽപിജി) വിലയിൽ മാത്രം സബ്സിഡി നിജപ്പെടുത്താതെ, ഗാർഹികാവശ്യത്തിന് ഉപയോഗിക്കുന്ന എല്ലാത്തരം ശുദ്ധ ഇന്ധനങ്ങൾക്കും വിലയിൽ ഇളവ് അനുവദിക്കാനുള്ള നിതി ആയോഗ് നിർദേശം വൈകാതെ കേന്ദ്രസർക്കാരിനു സമർപ്പിക്കും. പ്രകൃതി വാതകം (പിഎൻജി), ജൈവവാതകം എന്നിവയെ പ്രോൽസാഹിപ്പിക്കുകയാണു ലക്ഷ്യം.

അടുക്കളകളിൽ ശുദ്ധ ഇന്ധനങ്ങളുടെ അഭാവം സ്ത്രീകൾക്കും കുട്ടികൾക്കും ഒട്ടേറെ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നതായി കേന്ദ്ര സർക്കാർ പ്രസിദ്ധീകരിച്ച ദേശീയ ഊർജ നയത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

‍നിലവിൽ എൽപിജിക്കു മാത്രമാണ് സർക്കാർ സബ്സിഡി നൽകുന്നത്. എന്നാൽ, രാജ്യതലസ്ഥാനത്തടക്കം പിഎൻജി ഗാർഹികാവശ്യത്തിന് ഉപയോഗിക്കുന്നുണ്ട്. ഇവർക്കും ജൈവ വാതക ഇന്ധനം ഉപയോഗിക്കുന്നവർക്കും സബ്സിഡി നൽകുന്നതു വഴി ചെലവു കുറഞ്ഞതും സൗകര്യപ്രദവുമായ പിഎൻജിയും ജൈവാതകവും വ്യ‌ാപകമാക്കുകയാണു ലക്ഷ്യം. 

സബ്സിഡി തുക വർധിച്ചു

വിപണി വിലയ്ക്കു വാങ്ങുന്ന എൽ‍പിജി സിലിണ്ടറിനു സബ്സിഡി ഉപയോക്താവിന്റെ അക്കൗണ്ടിലേക്കു നൽകുകയാണ് നിലവിൽ. ഗാർഹികാവശ്യത്തിന് സബ്സിഡിയോടെ 12 സിലിണ്ടർ മാത്രമേ അനുവദിക്കൂ. സബ്സിഡി ഇല്ലാതെ 781 രൂപയാണ് സിലിണ്ടർ വില.

സബ്സിഡി തുക 60 ശതമാനത്തോളം വർധിച്ചെന്നാണ് സർക്കാർ കണക്കാക്കുന്നത്. മേയിൽ 159.29 രൂപയായിരുന്ന സബ്സിഡി ജൂണിൽ 204.95 രൂപയും ഈ മാസം 257 രൂപയുമായി വർധിച്ചു.