Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഷണമല്ലേ, ആഡംബരമായിക്കോട്ടെ; അഞ്ചുവർഷത്തിൽ 500 ആഡംബരക്കാറുകൾ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ

car-theft

ഹൈദരാബാദ്∙ അഞ്ചു വർഷം, 500 ആഡംബര കാറുകൾ. ഏതെങ്കിലും കോടീശ്വരൻ സ്വന്തമാക്കിയ കാറുകളെക്കുറിച്ചല്ല പറഞ്ഞുവരുന്നത്. 500 കാറുകളും അഞ്ചുവർഷം കൊണ്ട് മോഷ്ടിച്ചതാണ്, അതും ഡൽഹിയിൽനിന്നു മാത്രം. ഇന്ത്യയിലെ ഏറ്റവും ‘വലിയ’ ആ കാർ മോഷ്ടാവിനെ കഴിഞ്ഞദിവസം ഡൽഹിയിൽ അറസ്റ്റ് ചെയ്തു. ഹൈദരാബാദ് കേന്ദ്രീകരിച്ചു പ്രവർത്തിച്ചുവന്ന വടക്കൻ ഡൽഹിയിലെ നന്ദ് നഗരി സ്വദേശി സഫ്രുദ്ദീൻ (29) ആണ് പിടിയിലായത്. ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് ഒരുലക്ഷം രൂപ സമ്മാനം പൊലീസ് പ്രഖ്യാപിച്ചിരുന്നു. ഹൈദരാബാദിൽനിന്ന് സംഘത്തോടൊപ്പം വിമാനത്തിൽ ഡൽഹിയിലെത്തി കാർ മോഷ്ടിച്ചു മടങ്ങുന്നതായിരുന്നു സംഘത്തിന്റെ രീതി.

കഴിഞ്ഞ മൂന്നാം തീയതി മോഷ്ടിച്ച കാറുമായി ഡൽഹിയിൽനിന്നു മടങ്ങുമ്പോൾ പൊലീസ് കൈ കാണിച്ചെങ്കിലും നിർത്തിയില്ല. അൻപതു കിലോമീറ്ററോളം കാറിനെ പിന്തുടർന്ന ഡൽഹി പൊലീസ് സംഘം കാർ തടഞ്ഞുനിർത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഒരു വർഷം ഡൽഹിയിൽനിന്നു 100 കാറുകൾ മോഷ്ടിക്കുകയായിരുന്നു ലക്ഷ്യമെന്നു സഫ്രുദ്ദീൻ പറഞ്ഞു. കാറിന്റെ സുരക്ഷാസംവിധാനങ്ങൾ തകർക്കാനുള്ള ഹൈടെക് ഉപകരണങ്ങൾ, ലാപ്ടോപ് എന്നിവയുമായാണ് സഫ്രുദ്ദീൻ ഡൽഹിയിൽ വന്നിരുന്നത്. മോഷ്ടിച്ച കാറുകൾ പഞ്ചാബ്, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിവിടങ്ങളിലടക്കമാണു വിറ്റിരുന്നത്.

ജൂണിൽ സഫ്രുദ്ദിനെ പിടികൂടാൻ പൊലീസ് ശ്രമിച്ചിരുന്നുവെങ്കിലും രക്ഷപ്പെട്ടു. അന്നു പൊലീസുമായുണ്ടായ വെടിവയ്പിൽ നൂർ മുഹമ്മദ് എന്നയാൾ കൊല്ലപ്പെടുകയും ഒരാൾ അറസ്റ്റിലാവുകയും ചെയ്തു.

related stories