Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യ–ജപ്പാൻ ഉച്ചകോടി ഇന്ന് ; സുരക്ഷാ സഹകരണം മുഖ്യ അജൻഡ

Narendra Modi, Shinzo Abe ജപ്പാൻ സന്ദർശനത്തിന്റെ ഭാഗമായി, ടോക്കിയോയിലുള്ള റോബട് നിർമാണകേന്ദ്രമായ ഫാനുക് കോർപറേഷനിലെ റോബട്ടിക് സംവിധാനങ്ങൾ വീക്ഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി. ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ സമീപം.‌

യെമനാഷി ∙ ദ്വിദിന സന്ദർശനത്തിനായി ജപ്പാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയുമായി അനൗദ്യോഗിക ചർച്ചകൾ നടത്തി. വ്യവസായികാവശ്യങ്ങൾക്കുള്ള റോബട്ടുകൾ നിർമിക്കുന്ന ഫാക്ടറിയും മോദി സന്ദർശിച്ചു. ഇന്നലെ 8 മണിക്കൂർ ഇരുപ്രധാനമന്ത്രിമാരും ഒരുമിച്ചു ചെലവഴിച്ചു. താൻ എക്കാലവും ഇന്ത്യയുടെ സുഹൃത്തായി തുടരുമെന്നും നരേന്ദ്രമോദി താൻ ഏറ്റവും വിലമതിക്കുന്ന നേതാക്കളിലൊരാളാണെന്നും ആബെ പറഞ്ഞു. 

13–ാമത് ഇന്ത്യ–ജപ്പാൻ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ശനിയാഴ്ച വൈകിട്ടാണു മോദി എത്തിയത്. ഇന്നാണ് ഉച്ചകോടി.  ഇരുരാജ്യങ്ങളും തമ്മിലുള്ള സുരക്ഷാ– സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുകയാണു ഉച്ചകോടിയുടെ മുഖ്യഅജൻഡ. മുംബൈ–അഹമ്മദാബാദ് അതിവേഗ റെയിൽ അടക്കമുള്ള വികസനപദ്ധതികളും ചർച്ചയാകും. ബിസിനസ് പ്രമുഖരുമായുള്ള കൂടിക്കാഴ്ചകൾക്കു പുറമേ ടോക്കിയോയിലെ ഇന്ത്യൻ സമൂഹത്തോടും മോദി സംസാരിക്കും.

ടോക്കിയോക്കു പടിഞ്ഞാറ് ഫുജി പർവതത്തിനു സമീപം യെമനാഷിയിലെ റോബട് നിർമാണകേന്ദ്രമായ ഫാനുക് കോർപറേഷൻ സന്ദർശിച്ച മോദി പ്രവർത്തനം നടന്നുകണ്ടു. യെമനാഷിയിൽ പ്രത്യേക വിരുന്നിനുശേഷം ട്രെയിൻ മാർഗം ഇരുനേതാക്കളും ടോക്കിയോയ്ക്കു മടങ്ങി. 

രാജസ്ഥാനിലെ തനതുശിലകളിൽനിന്നു നിർമിച്ച 2 കരകൗശല പാത്രങ്ങളും ജോധ്‌പുരി അലങ്കാര ചെപ്പും യുപിയിൽ നെയ്തെടുത്ത പരവതാനികളും ജപ്പാൻ പ്രധാനമന്ത്രിക്ക് മോദി സമ്മാനിച്ചു. ഷിൻസോ ആബെക്കായി പ്രത്യേകം നിർമിച്ചതായിരുന്നു ഇവ. 

പ്രധാനമന്ത്രിയുടെ സ്വകാര്യ വസതിയിൽ മോദിക്കു വിരുന്നുനൽകി. ഇതാദ്യമാണ് വിദേശരാഷ്ട്രത്തലവനെ അദ്ദേഹം സ്വന്തം വീട്ടിലേക്കു ക്ഷണിക്കുന്നത്. കഴിഞ്ഞവർഷം സെപ്റ്റംബറിൽ ഷിൻസോ ആബെ ഗുജറാത്ത് സന്ദർശിച്ചിരുന്നു.