Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിന്നലാക്രമണത്തെക്കുറിച്ച് പ്രതികരിക്കാതെ പാക്കിസ്ഥാൻ; അതിർത്തിയിൽ കനത്ത ജാഗ്രത

ന്യൂഡൽഹി∙ പാക്കിസ്ഥാൻ അധിനിവേശ കശ്മീരിലെ ഹാജിറ സൈനിക കേന്ദ്രത്തിനു നേർക്ക് നടത്തിയ ആക്രമണത്തിനു പിന്നാലെ ജമ്മു കശ്മീർ അതിർത്തിയിൽ കനത്ത ജാഗ്രതയോടെ കരസേന. പാക്കിസ്ഥാനിൽ നിന്ന് ആക്രമണമുണ്ടായേക്കുമെന്ന നിഗമനത്തിൽ അതിർത്തിയിലുടനീളം സുരക്ഷ ശക്തമാക്കി. 

പാക്ക് സേനാ ബ്രിഗേഡ് ആസ്ഥാനത്തിനു നേർക്ക് പീരങ്കി ഉപയോഗിച്ച് ഇന്ത്യ നടത്തിയ ആക്രമണത്തെക്കുറിച്ച് ഇന്ത്യയും പാക്കിസ്ഥാനും ഇതുവരെ ഒൗദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ 23നു പൂഞ്ചിൽ ഇന്ത്യൻ സേനാ താവളത്തിനു നേർക്കു നടത്തിയ ഷെല്ലാക്രമണത്തിനുള്ള മറുപടിയാണിതെന്നു സേനാ വൃത്തങ്ങൾ വ്യക്തമാക്കി. 

സ്ഥിതിഗതികൾ വിലയിരുത്താൻ കരസേന, ബിഎസ്എഫ് ഉന്നത ഉദ്യോഗസ്ഥർ അതിർത്തി മേഖലകളിൽ നിരന്തരം സന്ദർശനം നടത്തുന്നുണ്ട്. വടക്കൻ സേനാ കമാൻഡ് മേധാവി ലഫ്. ജനറൽ രൺബീർ സിങ് ഇന്നലെ അതിർത്തിയിൽ സൈനികരുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ അടുത്ത മാസം അതിർത്തി സന്ദർശിക്കും. ദീപാവലിയോടനുബന്ധിച്ചു പാക്കിസ്ഥാനിൽ നിന്ന് ഷെല്ലാക്രമണം വർധിച്ചേക്കുമെന്നാണു സൂചന. അതിർത്തിയിലെ ഇന്ത്യൻ ഗ്രാമങ്ങളിലെ കൃഷിഭൂമിയിൽ വിളവെടുപ്പ് നടക്കുന്നതിനാൽ കർഷകരെ ലക്ഷ്യമിട്ടും പാക്ക് സേന ആക്രമണം നടത്തുന്നുണ്ട്. കർഷകർക്കു സുരക്ഷയൊരുക്കാൻ സൈനികർക്കു സേനാ നേതൃത്വം നിർദേശം നൽകി. 

മഞ്ഞുവീഴ്ച ആരംഭിക്കുന്നതിനു മുൻപ് ഇന്ത്യയിലേക്കു നുഴഞ്ഞുകയറാൻ പദ്ധതിയിട്ട്  നൂറുകണക്കിനു ഭീകരർ നിയന്ത്രണരേഖയ്ക്കപ്പുറമുള്ള താവളങ്ങളിൽ നിലയുറപ്പിച്ചിട്ടുണ്ടെന്നാണു സേനയുടെ വിലയിരുത്തൽ. പാക്ക് സേനയുടെയും ചാര സംഘടനയായ ഐഎസ്ഐയുടെയും വിദഗ്ധ പരിശീലനം ലഭിച്ചവരാണിവർ. 

ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദിലെ 4 ഭീകരർ നുഴഞ്ഞുകയറി കശ്മീർ താഴ്‌വരയിലെത്തിയതായും സൂചനയുണ്ട്.

related stories