Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദീപക് മിശ്രയ്ക്ക് എതിരെ കുര്യൻ ജോസഫിന്റെ പരാമർശം: ഉടൻ അന്വേഷണ ആവശ്യം തള്ളി

Justice Kurian Joseph ജസ്റ്റിസ് കുര്യൻ ജോസഫ്.

ന്യൂഡൽഹി∙ മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ സുപ്രീം കോടതിക്കു പുറത്തുനിന്നുള്ള ചിലർ നിയന്ത്രിക്കുകയായിരുന്നുവെന്ന ജസ്റ്റിസ് കുര്യൻ ജോസഫിന്റെ പരാമർശത്തെക്കുറിച്ച് അന്വേഷണം വേണമെന്ന പൊതു താൽപര്യ ഹർജി ഉടനെ പരിഗണിക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് നിരസിച്ചു.

കഴിഞ്ഞ 28നു സുപ്രീം കോടതിയിൽനിന്നു വിരമിച്ചശേഷം നൽകിയ അഭിമുഖത്തിലാണ് ജസ്റ്റിസ് കുര്യൻ ജോസഫിന്റെ പരാമർശം. സുപ്രീം കോടതിയുടെ വിശ്വാസ്യതയുമായി ബന്ധപ്പെട്ട പ്രശ്നമാണെന്ന് ഹർജിക്കാരനായ അഭിഭാഷകൻ ശശാങ്ക് ദെയോ പറഞ്ഞു. എന്നാൽ, പത്രവാർത്തകളെയല്ല, അധികാരികളെ ആശ്രയിച്ചുള്ളതാണ് സ്ഥാപനത്തിന്റെ വിശ്വാസ്യതയെന്നു ചീഫ് ജസ്റ്റിസ് വാക്കാൽ പറഞ്ഞു.

ഇതിനിടെ, വിരമിച്ചശേഷം സംസാരിക്കാമെന്നു മാധ്യമപ്രവർ‌ത്തകർക്കു താൻ നൽകിയ വാക്കുപാലിക്കുകയാണു ചെയ്തതെന്നും പരാമർശങ്ങളെക്കുറിച്ച് ഇനി ചർച്ചയ്ക്കും വിവാദത്തിനും പ്രസക്തിയില്ലെന്നും ജസ്റ്റിസ് കുര്യൻ ജോസഫ് ‘മനോരമ’യോടു പറഞ്ഞു. അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ നേരത്തെ പറഞ്ഞിട്ടുള്ളതുതന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

ന്യൂനപക്ഷങ്ങൾ ഭീതിയിലാണെന്ന് പറഞ്ഞിട്ടില്ല: കുര്യൻ ജോസഫ്

ന്യൂഡൽഹി∙ ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ടു താൻ പറഞ്ഞതെന്ന നിലയിൽ വരു‌ന്ന കാര്യങ്ങൾ ദുർവ്യാഖ്യാനം ചെയ്യപ്പെട്ടതെന്ന് സുപ്രീം കോടതിയിൽ നിന്ന് ഈയിടെ വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്. 

വ്യക്തിപരമായ ഒരു ചോദ്യത്തിന് വ്യക്തിപരമായ ഒരു മറുപടി നൽകുക മാത്രമാണ് ചെയ്തത്. അല്ലാതെ ന്യൂനപക്ഷങ്ങൾ  അപകടത്തിലാണെന്നോ, ഭീതിയിലാണെന്നോ പറഞ്ഞിട്ടില്ല. ഇത്രയും കാലം ന്യായാധിപനായിരുന്ന ആളെന്ന നിലയിൽ എ‌ന്തു പറയണമെന്നും എന്തു പറഞ്ഞുകൂടായെന്നുമെല്ലാം മനസ്സിലാക്കാൻ‌ കഴിയുന്നയളാണ് താനെന്നും കുര്യൻ  ജോസഫ് പറഞ്ഞു. 

ന്യൂനപക്ഷ സമുദായക്കാരനായത് പ്രവർത്തനമേഖലയിൽ തടസ്സമുണ്ടാക്കിയെന്ന് കുര്യൻ ജോസഫ് പറഞ്ഞുവെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ അഭിപ്രായം സമൂഹത്തിൽ ഭയവും വെറുപ്പുമുണ്ടാക്കുമെന്ന ആരോപണവുമായി ദേശീയ ന്യൂനപക്ഷ കമ്മിഷൻ ഉപാധ്യക്ഷൻ ജോർജ് കുര്യൻ രംഗത്തെത്തിയിരുന്നു.

related stories