Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദേശീയപാത 66: സ്ഥലമെടുപ്പ് ഓഗസ്റ്റിൽ പൂർത്തിയാക്കും

NH ദേശീയപാത വികസനം സംബന്ധിച്ച് ലുലു കൺവൻഷൻ സെന്ററിൽ നടന്ന അവലോകന യോഗത്തിൽ മന്ത്രി ജി. സുധാകരൻ, കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി, മുഖ്യ മന്ത്രി പിണറായി വിജയൻ എന്നിവർ.

കൊച്ചി∙ ദേശീയപാത 66–ന്റെ വികസനത്തിനായി സ്ഥലമെടുപ്പു നടപടികൾ ഓഗസ്റ്റിൽ പൂർത്തിയാക്കും. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണു തീരുമാനം. അലൈ‌ൻമെന്റിലും നഷ്ടപരിഹാരത്തുകയിലും മാറ്റമുണ്ടാകില്ലെന്ന കേന്ദ്ര നിലപാട് യോഗത്തെ അറിയിച്ചു.

ഭൂമി ഏറ്റെടുക്കൽ സെപ്റ്റംബറിൽ പൂർത്തിയാക്കണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടത്. നടപടികൾ പൂർത്തിയാക്കി നവംബറിൽ നിർമാണം തുടങ്ങാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സർക്കാർ. പരിസ്ഥിതി, ജനസാന്ദ്രത തുടങ്ങിയവ പരിഗണിച്ചാണു സ്ഥലം എടുക്കുന്നതെന്നു ചീഫ് സെക്രട്ടറി പോൾ ആന്റണി പറഞ്ഞു.

കാസർകോട് തലപ്പാടി-ചെങ്ങള മേഖലയിൽ സ്ഥലമെടുക്കാൻ ഹെക്ടറിന് ഏഴരക്കോടിയിലധികം രൂപ ചെലവു വരും. ഈ തുക നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) നൽകും. പകരം മൾട്ടിമോഡൽ ലോജിസ്റ്റിക് പാർക്ക് നിർമിക്കാൻ കാസർകോട് പെരിയയിൽ 35 ഏക്കർ എൻഎച്ച്എഐയ്ക്കു കൈമാറും.

ദേശീയപാതാ വികസനത്തിന്റെ ഭാഗമായി പാലോളി, കോഴിക്കോട് ജില്ലയിലെ മൂരാട് പാലങ്ങളുടെ നിർമാണം എൻഎച്ച്എഐ അടിയന്തര പ്രാധാന്യത്തോടെ ഏറ്റെടുക്കും. സംസ്ഥാന സർക്കാരിന്റെ അഭ്യർഥന മാനിച്ചാണിത്. തുറമുഖങ്ങളെ ബന്ധപ്പെടുത്തിയുള്ള സാഗരമാല പദ്ധതികളുടെ വിശദ പദ്ധതി റിപ്പോർട്ട് ഉടൻ സമർപ്പിക്കണമെന്ന് ഗഡ്കരി എൻഎച്ച്എഐയോടു നിർദേശിച്ചു.

സംസ്ഥാനത്തെ എല്ലാ ഭാരതമാലാ പദ്ധതികളും വേഗത്തിലാക്കും. കഴക്കൂട്ടം-മുക്കോല, കൊച്ചി-മധുര, കൊല്ലം-തേനി, തൃശൂർ-വാളയാർ പാതാ പദ്ധതികൾ ഭാരതമാലയിൽപ്പെടുന്നവയാണ്. മന്ത്രി ജി. സുധാകരൻ, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി പി.എച്ച്. കുര്യൻ, പോർട് ട്രസ്റ്റ് ചെയർമാൻ പി. രവീന്ദ്രൻ, ഏഴു ജില്ലകളിലെ കലക്ടർമാർ, എൻഎച്ച്എഐ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

ജലപാത വികസനത്തിനു കേന്ദ്ര സഹായം

കൊച്ചി∙ ജലപാത വികസനത്തിനു കേന്ദ്ര സഹായം നൽകാമെന്നു മന്ത്രി നിതിൻ ഗഡ്കരി. ജലഗതാഗതം മെച്ചപ്പെടുത്താൻ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് ചീഫ്‌ സെക്രട്ടറി പോൾ ആന്റണി പറഞ്ഞു.