Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോൺഗ്രസുമായി സഖ്യം കളങ്കമാകും: കോടിയേരി

Kodiyeri Balakrishnan

വടകര∙ കോൺഗ്രസുമായുള്ള സഖ്യം സിപിഎം ഇതിനകം നേടിയ സമരവിജയങ്ങൾക്ക് കളങ്കം വരുത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഒഞ്ചിയം സമരത്തിന്റെ എഴുപതാം വാർഷികത്തിന്റെ ഭാഗമായി നടത്തിയ കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോൺഗ്രസുമായുള്ള സഖ്യകാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്നും മുൻനിലപാടിൽ പാർട്ടി ഉറച്ചുനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒഞ്ചിയം സംഭവത്തിലെ പത്തു രക്തസാക്ഷി കുടുംബങ്ങൾക്കു പുറമെ മറ്റു രണ്ടു രക്തസാക്ഷി കുടുംബങ്ങളെയും ചടങ്ങിൽ ആദരിച്ചു. ഇതിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ കമല വിജയനെയും ആദരിച്ചു.

മുക്കാട്ടു കുനി കുഞ്ഞാപ്പു മുതൽ 64 പേരെ പ്രതികളാക്കിയ കേസിൽ കമലാ വിജയന്റെ പിതാവും അധ്യാപകനുമായിരുന്ന തൈക്കണ്ടി ആണ്ടിയും പ്രതിയായിരുന്നു. രക്തസാക്ഷികളും പ്രതികളുമായ ആരും ജീവിച്ചിരിപ്പില്ലാത്ത സാഹചര്യത്തിലാണ് അവരുടെ അവകാശികളെ ചടങ്ങിൽ ആദരിച്ചത്. ആണ്ടിയുടെ മൂത്തമകൾ എന്ന നിലയിലാണ് കമലാ വിജയൻ ആദരം ഏറ്റുവാങ്ങിയത്.

പാർട്ടിക്കു സ്വാധീനമില്ലാത്ത മേഖലകളിൽ ചില അടവുനയങ്ങൾ നടപ്പാക്കുമെന്നു കോടിയേരി പറഞ്ഞു. ത്രിപുരയ്ക്ക് ശേഷം കേരളം പിടിക്കാമെന്ന ബിജെപിയുടെ മോഹത്തെ ബഹുജനങ്ങളെ അണിനിരത്തി നേരിടും.

ത്രിപുരയിൽ വർഗീയ തീവ്രവാദി ശക്തികളെ കൂട്ടു പിടിച്ചാണ് ബിജെപി അധികാരത്തിലെത്തിയത്. കേരളത്തിൽ ഈ കൂടുപിടിത്തം നടപ്പാവില്ലെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിൽ ഉൾപ്പെടെ പാർട്ടി നടത്തിയ സമര വിജയം വലതുപക്ഷ ആശയങ്ങളോടുള്ള സഖ്യത്തോടെ നഷ്ടപ്പെടുമെന്നും ചൂണ്ടിക്കാട്ടി. സിപിഎം ഏരിയാ സെക്രട്ടറി ടി.പി. ബീനീഷ് അധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറി പി. മോഹനൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. സതീദേവി, സി. ഭാസ്കരൻ, ആർ. ഗോപാലൻ, ഇ.എം. ദയാനന്ദൻ എന്നിവർ പ്രസംഗിച്ചു.

related stories