Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നഴ്‌സ് വേതന വിജ്ഞാപനം: സ്റ്റേ ഇല്ലാത്തതിനെതിരെ നൽകിയ അപ്പീലും തള്ളി

nurses-association-una-logo

കൊച്ചി∙ നഴ്‌സുമാർ ഉൾപ്പെടെ സ്വകാര്യ ആശുപത്രി ജീവനക്കാരുടെ മിനിമം വേതനം സംബന്ധിച്ച വിജ്ഞാപനം സിംഗിൾ ജഡ്ജി സ്റ്റേ ചെയ്യാതിരുന്നതിനെതിരെ കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ നൽകിയ അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളി. സിംഗിൾ ജഡ്ജിയുടെ നടപടിയിൽ ഇടപെടേണ്ടതില്ലെന്നു ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

മിനിമം വേതന നിയമപ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിച്ചെന്നും ബന്ധപ്പെട്ട കക്ഷികളുടെയെല്ലാം നിലപാട് തേടിയ ശേഷമാണു വിജ്ഞാപനം ഇറക്കിയതെന്നും സർക്കാർ അഭിഭാഷകൻ ബോധിപ്പിച്ചു. വിജ്ഞാപനത്തിന്മേൽ സ്‌റ്റേ അനുവദിക്കരുതെന്നും വാദിച്ചു. സർക്കാർ വാദം അംഗീകരിച്ചാണു ഡിവിഷൻ ബെഞ്ചിന്റെ നടപടി.

നടപടിക്രമങ്ങൾ പാലിക്കാതെ കഴിഞ്ഞ 23നു രാത്രി തിടുക്കത്തിൽ വിജ്ഞാപനം ഇറക്കിയതാണെന്ന് അപ്പീൽഭാഗം വാദിച്ചു. കിടക്കകളുടെ എണ്ണത്തിന് അനുസരിച്ച് ആശുപത്രികളെ വേർതിരിക്കാൻ മിനിമം വേതന നിയമപ്രകാരം കഴിയില്ല. 2009ലെ മിനിമം വേതന നിർണയം ചോദ്യംചെയ്യുന്ന ഹർജി നിലവിലുള്ളപ്പോൾ വേതനം പുതുക്കിയതു ശരിയല്ല. വിജ്ഞാപനം അനുസരിച്ചു 2017 ഒക്ടോബർ ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെ ശമ്പളം നൽകണമെന്നു പറയുന്നതു നിയമവിരുദ്ധമാണ്. ഇക്കാരണങ്ങളാൽ സ്‌റ്റേ ചെയ്യണമെന്നായിരുന്നു അപ്പീൽ.

അതേസമയം, വിജ്ഞാപനം ചോദ്യംചെയ്ത് പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷനും മറ്റും നൽകിയ ഹർജികൾ മധ്യവേനലവധിക്കു ശേഷം കോടതി പരിഗണിക്കും.